ഒരാള്‍ക്ക് മറ്റൊരാളെ അയാള്‍ക്കു വേണ്ടി കൊല്ലാനാവില്ല;
എല്ലാ ധ്വംസനങ്ങളും മറ്റാര്‍ക്കോ വേണ്ടിയുള്ളതാണ്
അയാള്‍ തന്നെയാണ് മറ്റേയാള്‍ എന്ന അര്‍ത്ഥത്തില്‍ മാത്രമല്ല; ജര്‍മ്മന്‍ ഫിലോലോജിസ്റ്റ് ഫ്രെഡറിക് വില്‍ഹം നീഷേയുടെ മാനസീകാപഗ്രഥന പ്രകാരവും ഇത് ശരിയാണ്. നീഷേ മനസിനെ മൂന്നായി വിഭജിക്കുന്നു. പൂര്വ്വമനസ്(പ്രീമൈന്ഡ്), സമഷ്ടി മനസ്(കളക്ടീവ് മൈന്റ്), വ്യഷ്ടി മനസ്(ഇന്‍ഡിവിജ്വല്‍ മൈന്റ്) എന്നിവയാണവ. ഇതില്‍ പൂര്വ്വമനസ് മനുഷ്യന്റെ പിറവിയോടൊപ്പം പിറക്കുന്നതാണ്. പേര് സൂചിപ്പിക്കുന്നതു പോലെ മനസിന് മുമ്പുള്ള മനസാണിത്. എല്ലാ മനുഷ്യനിലും ഇത് ഒന്നാണെന്ന് മാത്രമല്ല തനതുമാണ്. നമ്മള് നിഷ്ക്കളങ്കത എന്ന് പറഞ്ഞ് പോരുന്നത് യഥാര്‍ത്ഥത്തില്‍ ഇതിനെ ആയിരിക്കാം. ഈ സിദ്ധാന്തപ്രകാരം കളങ്കരഹിതമായ ഏകതയാണ് എല്ലാ മനുഷ്യമനസിന്റെയും പ്രഥമ ഭാവമെന്നു വരുന്നു. അല്പം കൂടി വ്യക്തമാക്കിയാല്‍ ഏത് രാജ്യത്ത് പിറന്നാലും ഏതു മതത്തില്‍ ജനിച്ചാലും നമുക്ക് സ്വന്തമായി ഉള്ളത് ആ മനസ് മാത്രമാണ്.ഇതിന് ശേഷം വരുന്ന മനസിനെ നീഷേ സമഷ്ടി മനസ് (കളക്ടീവ് മൈന്റ്) എന്നു വിളിക്കുന്നു. പേര് സൂചിപ്പിക്കുന്നതു പോലെ കളക്ട് ചെയ്യപ്പെട്ടതോ കടം കൊണ്ടതോ ആയ ഒരു മനസാണിത്. ജനിച്ച വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും വിഷം ചീറ്റുന്ന നേതാവിന്റെ നാവില്‍ നിന്നും പുസ്തകങ്ങളില്‍ നിന്നും നല്ല അധ്യാപകന്റെ മനസില്‍ നിന്നും ശേഖരിച്ചുണ്ടാക്കുന്ന മനസ്. ഇവിടെയാണ് നാം നാമല്ലാതായി തീരുന്നതും നമുക്ക് നമ്മെ കൈവിട്ടുപോകുന്നതും മറ്റാരുടെയോ ഉപകരണമാക്കപ്പെടുന്നതും. നാം മര്‍ദ്ദകനും മര്‍ദ്ദിതനും ആകാന്‍ തുടങ്ങുന്നതും മുസ്്ലിം ഭീകരവാദിയും ഹൈന്ദവ ഫാസിസ്റ്റുമായി വഴിപിരിയുന്നതും ഇവിടെ വച്ചാണ്. ലോകത്ത് 90 ശതമാനം പേരും സമഷ്ടി മനസുകാരാണെന്ന് നീഷേയുടെ പഠനം പറയുന്നു. അതിനര്‍ത്ഥം മറ്റുള്ളവരുടെ മനസു കൊണ്ട് ചിന്തിക്കുകയും അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയും അവര്‍ക്കുവേണ്ടി കൊല്ലുകയും ചെയ്യുന്നവരാണ് അത്രയും ജനവിഭാഗങ്ങള്‍ എന്നാണ്. ഇതിന്റെ സംക്ഷിപ്തമാണ്:
ഒരാള്‍ക്ക് മറ്റൊരാളെ അയാള്‍ക്കു വേണ്ടി കൊല്ലാനാവില്ല;
എല്ലാ ധ്വംസനങ്ങളും മറ്റാര്‍ക്കോ വേണ്ടിയുള്ളതാണ്
ഈ മനസിനപ്പുറം പോകുന്നവരാണ് അവശേഷിക്കുന്ന പത്തു ശതമാനം. ഇവരെ വ്യഷ്ടി മനസുകാര്‍ എന്നു വിളിക്കുന്നു. ഈ മനസ് കടം കൊണ്ടതോ ശേഖരിക്കപ്പെട്ടതോ അല്ല. ആരുടെയും എച്ചില് പാത്രമാവാന്‍ ഈ മനസിന് സാധ്യമല്ല. സമഷ്ടി മനസിനെതിരെയുള്ള കലാപത്തിലൂടെ ഒരുവന്റെ ഉള്ളില്‍ രൂപം കൊള്ളുന്ന പ്രതിഷേധമനസാണിത്. ഇവരാണ് ആജ്ഞാലംഘകരും വേറിട്ട ശബ്ദം കേള്‍പ്പിക്കുന്നവരും വിപ്ലവകാരികളും. തുരുത്തുകള്‍ പോലെ ജീവിക്കുന്ന ഇത്തരക്കാര്‍ കല്ലേറ് കൊള്ളാന്‍ വിധിക്കപ്പെട്ടവരും കൊല്ലപ്പെടാന്‍ യോഗ്യതയുള്ളവരുമാണ്.
നീഷേ അവസാനിപ്പിച്ചേടത്തു നിന്ന് ഓഷോ ആരംഭിക്കുന്നുണ്ട്. നീഷേയുടെ മൂന്ന് മനസിനോട് ഓഷോ രണ്ട് മനസിനെ കൂട്ടിച്ചേര്‍ക്കുന്നു. സാര്വ്വലൗകിയ മനസ്(യുനിവേഴ്സല്‍ മൈന്റ്), മനസിന് ശേഷമുള്ള മനസ്(ആഫ്റ്റര്‍ മൈന്റ്) എന്നിവയാണവ. സാര്‍വ്വലൗകീക മനസ് എല്ലാറ്റിനെയും സ്വീകരിക്കുന്ന ആത്മീയ മനസാണ്. ഈ വഴിക്കു ചിന്തിക്കുമ്പോള്‍ നിരീശ്വരവാദികളും വിപ്ലവകാരികളും ആത്മീയതയിലേക്ക് പ്രവേശിക്കുന്നതിന് പിന്നില്‍ വ്യഷ്ടിമനസില് നിന്ന് സാര്‍വ്വലൗകീക മനസിലേക്കുള്ള വളര്ച്ചയാണോ എന്ന് സംശയിക്കാവുന്നതാണ്. ഓഷോ പറയുന്ന അഞ്ചാമത്തെ മനസ് മനസില്ലായ്മയാണ്. മനസെന്ന പിരമിഡിന്റെ കൂര്‍ത്ത അഗ്രത്തില്‍ നിന്നും മനസില്ലായ്മയുടെ ശൂന്യതയിലേക്കുള്ള എടുത്തു ചാട്ടം. ഈ മനസില്ലായ്മയെ നീഷേ പറഞ്ഞ ഒന്നാം മനസായ പൂര്‍വ്വ മനസിലേക്കുള്ള മടക്കമായി വായിക്കാവുന്നതാണ്. അതായത് മനസുണ്ടാവുന്നതിന് മുമ്പുള്ള അവസ്ഥയില്‍ നിന്ന് മനസിന് ശേഷമുള്ള അവസ്ഥയിലേക്കുള്ള ഈ പ്രയാണത്തിലൂടെ മനസിന്റെ വൃത്തം പൂര്‍ത്തിയാവുന്നു. മനസിന്റെ മടക്കയാത്രയെന്നും ഇതിനെ വിളിക്കാം.
ഇതിനിടയിലെ കടം കൊണ്ട ഏതോ എച്ചില് മനസാണ് ഒരാളെ കൊണ്ട് മറ്റൊരാളെ കൊല്ലിക്കുന്നത്. അതിനാല്‍ മഹാത്മാ ഗാന്ധിയെ കൊന്നത് നാഥുറാം വിനായക് ഗോദസെ അല്ലെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.
അതായത്
ഒരാള്‍ക്ക് മറ്റൊരാളെ അയാള്‍ക്കു വേണ്ടി കൊല്ലാനാവില്ല;
എല്ലാ ധ്വംസനങ്ങളും മറ്റാര്‍ക്കോ വേണ്ടിയുള്ളതാണ്
.
