ചിലര്‍ വാ തുറക്കുമ്പോള്‍ നാറ്റം സഹിക്കാനാവില്ല.
അത് ഒരുമിച്ച് ജീവിക്കുന്നവരാണെങ്കില്‍ ജീവിതം തന്നെ ദുസ്സഹമായിരിക്കും. പറഞ്ഞുവരുന്നത് വായ്‌നാറ്റത്തെക്കുറിച്ചല്ല; വാക്കുകളുടെ നാറ്റത്തെക്കുറിച്ചാണ്. വാക്കുകള്‍ പിറവിയെടുക്കുന്നത് ചിന്തയില്‍ നിന്നാണ്. ചിന്ത ഉത്ഭവിക്കുന്നത് സ്മരണയില്‍ നിന്നും. അപ്പോള്‍ വാക്കുകള്‍ നാറുകയാണെങ്കില്‍ ചിന്ത മലിനപ്പെട്ടതായി മനസ്സിലാക്കണം. ചിന്തകള്‍ ജനിക്കുന്നത് സ്മരണയില്‍ നിന്നായതിനാല്‍ ചിന്ത മലിനപ്പെടണമെങ്കില്‍ സ്മരണയില്‍ ജഡമായതെന്തോ ചീഞ്ഞുനാറുന്നുണ്ടാവണം. അല്ലാതെ വാക്കുകള്‍ക്കു സ്വന്തമായി ഒരിക്കലും നാറാനാവില്ല.
സ്മരണ എന്നാല്‍ ഇന്നലെകളെക്കുറിച്ചുള്ളതാണ്. ഇന്നലെകളെന്നാല്‍ ഇന്നുകളുടെ ജഡങ്ങളാണ്. അപ്പോള്‍ സ്മരണയില്‍ ചീഞ്ഞുനാറുന്നത് ഇന്നലെകളാണ്, ഇന്നലെകളില്‍ കണ്ട കിനാവുകളുടെ മയ്യിത്തുകളാണ്. അപ്പോള്‍ സ്മരണ മാലിന്യമുക്തമാക്കി ചിന്തയുടെയും ചിന്തയിലൂടെ വെളിപ്പെടുന്ന വാക്കുകളുടെയും നാറ്റം ഇല്ലാതാക്കണമെങ്കില്‍ മരിച്ചുപോയ ഇന്നലെകളുടെ ഖബറടക്കം അനിവാര്യമാണ്. മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാന്‍ എത്രത്തോളം വൈകുന്നുവോ വാക്കുകളുടെ നാറ്റവും അത്രത്തോളം രൂക്ഷമായിരിക്കും.
ബുദ്ധന്‍ ഇവിടെയായിരിക്കുക എന്നും ജിദ്ദുകൃഷ്ണമൂര്‍ത്തി അറിഞ്ഞതില്‍ നിന്നുള്ള മോചനമെന്നും ഓഷോ മനസ്സാണ് ഓര്‍മ്മയെന്നും മനസ്സിനെ ഇല്ലാതാക്കിയാല്‍ വര്‍ത്തമാനത്തില്‍ ജീവിക്കാമെന്നും പറഞ്ഞതിലൂടെ ഉദ്ദേശിച്ചത് ഇന്നലെകളുടെ ഖബറടക്കം തന്നെയായിരുന്നു. ഖലീല്‍ ജിബ്രാന്റെ കുഴിവെട്ടുകാരന്‍ എന്ന കഥയില്‍ ജിബ്രാന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്ന ഭീകര രൂപം ജിബ്രാനോട് കുഴിവെട്ടുകാരനാവണമെന്നും തെരുവിലെ ജഡങ്ങളോരോന്നും കുഴിയിലിട്ട് മൂടണമെന്നും ഉപദേശിച്ചതിലൂടെ വ്യക്തമാക്കാന്‍ ശ്രമിച്ചതും മറ്റൊന്നല്ല.
പൗലോ കൗലോയുടെ ഫിഫ്ത്ത് മൗണ്ടന്‍ ഇത് അല്പം കൂടി കടന്നു പറയുന്നു. അസ്സീറിയന്‍ സൈന്യം യുദ്ധത്തില്‍ തകര്‍ത്ത അക്ബര്‍ നഗരത്തിന്റെ പുനര്‍നിര്‍മ്മാണം എലിയാ എന്ന പ്രവാചകന്‍ ആരംഭിക്കുന്നത് യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ തെരുവോരങ്ങളില്‍ നിന്നും സ്വയം ചുമന്നു കൊണ്ടുപോയി സംസ്‌ക്കരിച്ചു കൊണ്ടായിരുന്നു. ഇതിതെന്തിനാണെന്ന് നാട്ടുകാര്‍ ചോദിച്ചപ്പോള്‍ ജഡങ്ങള്‍ സംസ്‌ക്കരിക്കാന്‍ വൈകിയാല്‍ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നുപിടിക്കുമെന്നും അങ്ങനെ അവശേഷിക്കുന്ന ജനം കൂടി നാമാവശേഷമാകുമെന്നും പിന്നീടൊരിക്കലും അക്ബറിന്റെ പുനര്‍നിര്‍മ്മാണം സാധ്യമാവില്ലെന്നും എലിയാ പറയുന്നു. കൂടാതെ ജഡങ്ങള്‍ കൂട്ടിയിട്ട് കത്തിച്ച ചാരം വയലുകളില്‍ വിതറുകയും അത് പുതിയ കൃഷിക്ക് വളമാക്കി മാറ്റുകയും ചെയ്യുന്നു എലിയാ.
ഇന്നലെകളെ കുഴിച്ചുമൂടണമെന്ന ഇതുവരെ കേട്ടതില്‍ നിന്ന് അല്പം വ്യത്യസ്ഥമാണിത്. ഏതൊന്നിന്റെയും പുനര്‍നിര്‍മ്മാണം ആരംഭിക്കേണ്ടത് ഇന്നലെകളുടെ മൃതദേങ്ങള്‍ സംസ്‌ക്കരിച്ചുകൊണ്ടായിരിക്കണമെന്നും അതിന്റെ ചാരം നാളെകള്‍ക്ക് വളമാകണമെന്നുമാണ് പൗലോ പറയുന്നത്.
ബുദ്ധനും ജിദ്ദുവും ഓഷോയും പറഞ്ഞതിനെ മനസ്സിലാക്കാനും അംഗീകരിക്കാനും തയാറില്ലാത്തവര്‍ക്കു പോലും പൗലോ പറഞ്ഞതിനോട് വിയോജിപ്പുണ്ടാവില്ല.
ഓരോ ശ്വാസത്തിന്റെയും പേരാണ് ജീവിതം. പാഴായിപ്പോകുന്ന ഓരോ നിമിഷവും ജീവിതമില്ലായ്മയാണ്. ഓരോ നിമിഷവും ഓരോ ശ്വാസവും അറിഞ്ഞ് അനുഭവിക്കാതെ വര്‍ത്തമാനത്തില്‍ ജീവിക്കാനാവില്ല. വര്‍ത്തമാനത്തില്‍ ജീവിക്കുന്ന ഒരാളില്‍ നിന്ന് പുറത്തുവരുന്ന ഒരു വാക്കിനു പോലും നാറ്റമുണ്ടാവില്ല.
വര്‍ത്തമാനത്തില്‍ ജീവിക്കുക എന്നാല്‍
സൂര്യനോടൊപ്പം ഉണരലാണ്,
സൂര്യനോടൊപ്പം ചലിക്കലാണ്,
എന്നാല്‍ സൂര്യനോടൊപ്പം ഉറങ്ങലല്ല;
സൂര്യന്‍ ഉറങ്ങുംനേരം ഉദിക്കുന്ന
നിലാവിനോടൊപ്പവും ഉണരലാണ്.

No comments:
Post a Comment