എനിക്ക് അല്പമെങ്കിലും പരിചയമുള്ള വ്യക്തി ഞാന്‍ തന്നെയാണ്. ഞാന്‍ എന്നതിനോളം എനിക്കല്ല; ഒരാള്‍ക്കും മറ്റൊരാളെ പരിചയമുണ്ടാവില്ല. എന്നിട്ടും എന്റെ ഹൃദയത്തിലേക്ക് ആദ്യമായി വന്നു പതിച്ച പ്രകാശത്തിന്റെ വിത്ത് ഞാന്‍ എന്നെ അറിയാത്തവന്‍ എന്ന വാചകമാണ്. പത്രപ്രവര്‍ത്തന ജീവിതത്തിനിടയില്‍ 2010 ല്‍ ഏതാനും മാസം ബഹ്‌റൈനിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ടിരുന്നു. ഉച്ച ഭക്ഷണം കഴിഞ്ഞ് മനാമ ഗേറ്റിലെ ഓഫീസിലേക്ക് മനാമ മാര്‍ക്കറ്റ് മുറിച്ചുകടന്ന് പോകുന്നതിനിടയിലാണ് ആ വാചകം എന്റെ ഹൃദയത്തില്‍ എഴുതപ്പെട്ടത്. തുടര്‍ന്നിങ്ങോട്ടുള്ള വായനയും എഴുത്തും ചിന്തയും ആ വിത്തില്‍ നിന്നായിരിക്കുമെന്ന് അപ്പോള്‍ അറിഞ്ഞിരുന്നില്ല.
അതുകഴിഞ്ഞ് ഇപ്പോള്‍ ആറു വര്‍ഷമാകുന്നു. ഞാന്‍ എന്നെ അറിയാത്തവന്‍ എന്നതില്‍ നിന്നുള്ള ആദ്യ യാത്ര ഞാന്‍ എന്നെ അറിയുന്നതിനു വേണ്ടിയായിരുന്നു. എന്നാല്‍ അറിയുന്തോറും അറിയാത്തിരിക്കുകയാണെന്ന് വളരെ വൈകാതെ ബോധ്യമായി. അതിനിടയില്‍ കൊറിയറിലൂടെയും തപാലിലൂടെയും അനേകം പുസ്തകങ്ങള്‍ എന്നെ തേടിയെത്തി. യാത്രികന് പാഥേയം പോലെയായിരുന്നു അതെല്ലാം. ആ പുസ്തകം എഴുതിയവരെ മാത്രമല്ല അവ എനിക്കു അയച്ചു തന്നവരെയും ഞാന്‍ അവധൂതന്മാരെന്നു വിളിക്കുന്നു. കാരണം എന്നെ അറിയാനുള്ള ശ്രമത്തില്‍ നിരന്തരം പരാജയപ്പെടുമ്പോഴും പ്രതീക്ഷയോടെ മുന്നോട്ടു നടത്തിയത് ആ പുസ്തകങ്ങളായിരുന്നു. ലാവോത്സു, ജെ കൃഷ്ണമൂര്‍ത്തി,എറീന തൈ്വദി മുതല്‍ അഷ്ടാവക്രന്‍ വരെ ആ പരമ്പരയില്‍ എന്റെ ഗുരുക്കന്മാരായി.
ഞാന്‍ എന്നെ അറിയാന്‍ ശ്രമിച്ചുകൊണ്ടിരിക്കെ പെട്ടൊന്നു നിമിഷത്തിലാണ് എന്റെ യാത്ര വ്യര്‍ത്ഥമാണെന്നറിഞ്ഞത്, ഇല്ലാത്ത ഒന്നിനെയാണ് ഞാന്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നതെന്ന് ബോധ്യപ്പെട്ടത്. ഞാന്‍ എന്നത് ഇല്ലാത്ത കാലത്തോളം എങ്ങനെ അതിനെ അറിയാനാണെന്ന് ആരോ എന്നോട് കലഹിച്ചുകൊണ്ടിരുന്നു. അതിനു ശേഷം ഞാന്‍ എന്നത് ഒരു നുണയാണെന്നും ഞാന്‍ എന്നു പറയുമ്പോള്‍ ഇല്ലാത്ത ഒന്നിനെ കൃത്രിമമായി സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്നും തോന്നിത്തുടങ്ങി. അതിനു ശേഷം എന്റെ കുറിപ്പുകളിലും
സംസാരങ്ങളിലും ഞാന്‍ വല്ലാതെ കുറഞ്ഞുപോയി. പലരും അഹങ്കാരിയാണെന്ന് തോന്നാതിരിക്കാനാണ് ഞാന്‍ എന്ന വാക്ക് ഒഴിവാക്കുന്നതെങ്കില്‍ നുണയനാവാതിരിക്കാന്‍ കൂടിയായിരുന്നു ഞാനതിനെ ഒഴിവാക്കിയത്.
ആ യാത്ര അവിടെ അവസാനിച്ചു എന്നായിരുന്നു അപ്പോള്‍ കരുതിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഞാന്‍ ഉണ്ടായിരിക്കുന്നു. അതും ഒരു വലിയ ഞാന്‍. അതായത് ആദ്യം ഞാന്‍ ഉണ്ടായി... പിന്നീട് ഞാന്‍ ഇല്ലാതായി... ഇപ്പോള്‍ വീണ്ടും ഞാന്‍ ഉണ്ടായിരിക്കുന്നു. ഇപ്പോഴുണ്ടായിരിക്കുന്ന ഞാന്‍ പര്‍വ്വതത്തോളമല്ല; പ്രപഞ്ചത്തോളം വലിപ്പമുള്ള ഞാനാണ്. ഇപ്പോള്‍ എന്നെ ആരെങ്കിലും അഹങ്കാരി എന്ന് വിളിച്ചാല്‍ കലിയല്ല, നിരാശയാണ് അനുഭവപ്പെടുക. അല്പമെങ്കിലും തൃപ്തിവരണമെങ്കില്‍ മഹാ അഹങ്കാരി എന്നെങ്കിലും വിളിക്കേണ്ടിവരും.
ഞാന്‍ എന്നതിനെക്കുറിച്ച് ഇപ്പോള്‍ എന്റെ നിരീക്ഷണം ഇങ്ങനെയാണ്: ഞാന്‍ ഇല്ല എന്നത് തന്നെയാണ് ഞാന്‍ ഉണ്ട് എന്നതും. ഒഴിഞ്ഞത് എന്നാല്‍ നിറഞ്ഞത് എന്നാകുന്നതുപോലെ. അതേസമയം എല്ലാവരും ഉണ്ടായിരിക്കുമ്പോള്‍ ഞാന്‍ മാത്രം ഇല്ലാതാകുന്നതിന്റെ അഹങ്കാരം ഞാന്‍ ഉണ്ട് എന്നതിലില്ല. ഈ ഞാന്‍ സകലചരാചരങ്ങളും ഉള്‍ക്കൊള്ളുന്നതാണ്. അതായത് ഞാന്‍ പ്രപഞ്ചമാകുന്നു. വസിക്കുന്ന ഭൂമിയും ശ്വസിക്കുന്ന വായുവും കഴിക്കുന്ന അപ്പവും അത് വിളയുന്ന മണ്ണും കാണുന്ന കാഴ്ചയും കാണാത്ത സത്യവും ഏതോ ഉറവിടത്തില്‍ നി്ന്ന്് ഉത്ഭവിക്കുന്ന ശബ്ദവും സൂര്യചന്ദ്രനും നക്ഷത്രങ്ങളും ഉള്‍പ്പെടുന്ന ഒന്നാണ് ഞാന്‍. എനിക്കപ്പുറത്ത് ഒന്നുമില്ല. എല്ലാം ഞാന്‍ തന്നെ. ഞാനാണ് സത്യമെന്ന് (അനല്‍ ഹഖ്) മന്‍സൂറും എല്ലാം നിന്നിലാണ് ്മകനേ എന്ന് അഷ്ടാവക്രനും മൊഴിഞ്ഞത് അങ്ങനെയായിരിക്കുമെന്ന് ഞാന്‍ കരുതുന്നു.
ബ്രഹ്മത്തെ ധ്യാനിച്ചുകൊണ്ട് ഒരാള്‍
ഞാന്‍ എന്നു പറയുമ്പോള്‍
അത് നീ അല്ലാതാകുന്നില്ല.

No comments:
Post a Comment