പുരുഷനും ഗര്‍ഭം ധരിക്കുന്നുണ്ട്; ആത്മാവിന്റെ വിത്തുകളെ. മേഘങ്ങള്‍ നദികളെയും കാറ്റ് പൂക്കളെയും പൂക്കള്‍ വിത്തുകളെയും ഗര്‍ഭം ധരിക്കുന്നതു പോലെ...
അപ്പോള്‍ ആരായിരിക്കണം പുരുഷനെ ഗര്‍ഭിണിയുടെ പുല്ലിംഗമാക്കുന്നത്? ജനിമൃതികളില്ലാത്ത ആത്മാവുകളുടെ അക്ഷയ ഖനിയായ പ്രകൃതി തന്നെയായിരിക്കാം അത്. മണ്ണിലൂടെ കാറ്റിലൂടെ പ്രകാശത്തിലൂടെ സഞ്ചരിക്കുന്ന ആത്മാവുകള്‍ കായും കനിയും ധാന്യങ്ങളും വഴിയായിരിക്കണം പുരുഷനെ ഗര്‍ഭം ധരിപ്പിക്കുന്നത്. അപ്പോള്‍ വിശപ്പ് ആത്മാവിന്റെ വിത്തുകള്‍ക്കായുള്ള മറ്റൊരു കാമമായിരിക്കാം; ഭോജനം മറ്റൊരു രതിയും.
രക്തമായി മാറിയ ആ കായ്കനികളില്‍ നിന്നും ആത്മാവിന്റെ വിത്തുകള്‍ വേര്‍തിരിക്കപ്പെട്ടു കഴിയുമ്പോള്‍ വിളനിലത്തിനു വേണ്ടിയുള്ള വിത്തിന്റെയും വിത്തിന് വേണ്ടിയുള്ള വിളനിലത്തിന്റെയും നിലവിളിയല്ല കാമമെന്ന് പറയാനാവുമോ? വിതക്ക് തയാറായ വിത്തുകള്‍ക്ക് അതിന്റെ വിളനിലം കാണുമ്പോഴും ഫലഭൂയിഷ്ടമായ വിളനിലത്തിന് വിത്തുള്ള വിതക്കാരനെ കാണുമ്പോഴും ഉണ്ടാവുന്ന പ്രകമ്പനമല്ല പ്രണയമെന്നു പറയാനാവുമോ..?
അങ്ങനെയാണെങ്കില്‍ ആത്മാവിന്റെ എത്രയെത്ര വിത്തുകളാണ് വിളനിലമില്ലാതെ വിത കാത്തിരിക്കുന്നത്. എത്രയെത്ര വിളനിലങ്ങളാണ് വിത്തില്ലാതെ, വിതക്കാരനില്ലാതെ ഊഷരമാകുന്നത്..? ബീജങ്ങളെ മലിനസ്ഥലികളില്‍ പോലും ഒഴുക്കിക്കളയുന്നവര്‍ അറിയുന്നുണ്ടോ അവ ആത്മാവിന്റെ വിത്തുകളാണെന്ന്..?
അപ്പോള്‍ ആത്മാവുകള്‍ക്ക് അതിന്റെ വിളനിലത്തിലേക്ക് പ്രവേശനം നിഷേധിക്കുന്നതും വിളനിലത്തിന് വിത്തുകളെ നിഷേധിക്കുന്നതും ആത്മാവിന്റെ വഴികളെ തടസ്സപ്പെടുത്തലല്ലാതെ മറ്റെന്താണ്? ദൈവം പ്രകൃതിയും പ്രകൃതി ആത്മാവുമാവുമ്പോള്‍ ഇതിനെ പ്രകൃതി വരുദ്ധമെന്നോ ദൈവത്തോടുള്ള യുദ്ധമെന്നോ വിശേഷിപ്പിക്കാമെന്ന് തോന്നുന്നു. അതേസമയം അതിക്രമിച്ചു കയറിയുള്ള വിത പ്രകൃതിവരുദ്ധം മാത്രമല്ല; ക്രൂരവുമാണ്.

No comments:
Post a Comment