കാഴ്ചയിലും നോട്ടത്തിലും കാണുന്നത് ഒന്നല്ല. കാഴ്ച നോക്കാതെയും കാണലാണ്. നോട്ടം ഒരുദ്ദേശത്തോടെ കാണലാണ്. കാഴ്ചക്ക് പകരം നോട്ടം ശീലിക്കുമ്പോള്‍ നോട്ടം തന്നെ കാഴ്ചയാകുന്നു, കാഴ്ച തന്നെ നോട്ടമാകുന്നു. അതുവരെ നോക്കുന്നതാണ് കണ്ടുകൊകാണ്ടിരുന്നതെങ്കില്‍ കാഴ്ചയും നോട്ടവും ഒന്നാവുമ്പോള്‍ നോക്കാത്തതും കാണാനാവുന്നു.
പൗലോ കൗലോയുടെ വാല്‍കൈറീസ് വായിച്ചതില്‍ പിന്നെയാണ് ചക്രവാളങ്ങളിലേക്ക് നോക്കാന്‍ തുടങ്ങിയത്. അതുവരെ പത്തോ ഇരുപതോ അടി മാത്രമായിരുന്നു കാഴ്ചവട്ടം അല്ലെങ്കില്‍ നോട്ടവൃത്തം. ചക്രവാളങ്ങളിലേക്ക് നോക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഓരോ പ്രദേശവും പുതുതായി കാണുന്നതു പോലെ തോന്നുന്നു. ഒരാള്‍ അയാള്‍ രാപ്പാര്‍ക്കുന്ന വീടിന്റെ ഉമ്മറത്തോ മുറ്റത്തോ നിന്ന് ചക്രവാളത്തിലേക്ക് ആദ്യമായി നോക്കുകയാണെങ്കില്‍ അയാള്‍ ആ പ്രദേശം ആദ്യമായി കാണുക തന്നെയാണ്. വര്‍ഷങ്ങളോളം താമസിച്ച ഇടങ്ങളിലൂടെ ചക്രവാളങ്ങളിലേക്ക് നോക്കിക്കൊണ്ട് ഒരിക്കല്‍ കൂടി പോവുകയാണെങ്കില്‍ അതെല്ലാം പുതിയ പുതിയ ഇടങ്ങളായി മാറുന്നു. പുറം നോട്ടങ്ങളുടെ ദൂരപരിധി കൂടുന്നതിനനുസരിച്ച് അകം കാഴ്ചകളുടെ ആഴവും വര്‍ദ്ധിക്കുന്നു. കണ്ണുകള്‍ ചക്രവാളങ്ങള്‍ കാണാന്‍ തുടങ്ങുമ്പോള്‍ അകത്ത് മറ്റൊരു ചക്രവാളം രൂപംകൊള്ളുന്നു.

No comments:
Post a Comment