Monday, 7 April 2014

നമുക്ക് പ്രകൃതിവിരുദ്ധരാവാം


ഗുരുവും ശിഷ്യനും തമ്മിലുള്ള വേഴ്്ചയുടെ വെളിപ്പെടുത്തലും പത്രാധിപര്‍ പത്രപ്രവര്‍ത്തകയെ പീഡിപ്പിച്ച വാര്‍ത്തയും കേട്ടു തള്ളാനായില്ല. അവര്‍ ജ്ഞാന വഴിയിലുള്ളവരും തിരിച്ചറിവുള്ളവരുമായതു തന്നെ കാരണം. അല്പം ആലോചിച്ചപ്പോള്‍ ചില തോന്നലുകളുണ്ടായി.
. ആ തോന്നലുകള്‍ പങ്കുവെക്കുമ്പോള്‍ എന്നെ വിധിക്കരുത്, തോന്നലുകള്‍ തോന്നലുകള്‍ മാത്രമാണ്. ശരിയാണെന്ന വാദമോ ശരിയല്ലെന്ന ഉറപ്പോ എനിക്കില്ല. ഞാന്‍ പറയുന്നതാണ് ഞാന്‍ എന്ന തോന്നല്‍ നിങ്ങള്‍ക്കുമുണ്ടാകരുത്.

 പ്രകൃതി എന്നാല്‍ നിര്‍മ്മിതി അല്ല, സൃഷ്ടിയാണ്.  എന്നാല്‍ സംസ്‌ക്കാരം സൃഷ്ടിയല്ല; കാലങ്ങളുടെ നിര്‍മ്മിതിയാണ്. കാടും മലയും പുഴയും പോലെ മനുഷ്യനും അവന്റെ ചേഷ്ടകളും പ്രകൃതിയാവുന്നു. ഈ പ്രകൃതിയെ വെട്ടിയും തിരുത്തിയും ബന്ധനസ്ഥനാക്കിയും നിയന്ത്രിച്ചുമാണ് സംസ്‌ക്കാരം രൂപപ്പെടുപ്പെടുത്തിയത്. അപ്പോള്‍ പുഴകള്‍ കടലിലേക്കൊഴുകുന്നു എന്നത് പകൃതിയും പുഴയെ അണകെട്ടി നിര്‍ത്തുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നത്  സംസ്‌ക്കാരവുമാണെന്നു വരുന്നു. മനുഷ്യനിലേക്കെത്തുമ്പോള്‍ സഹജവാസനകള്‍ പ്രകൃതിയും അതിന്റെ അടിച്ചമര്‍ത്തലോ

 നിയന്ത്രണമോ സംസ്‌ക്കാരവുമാവുന്നു. അപ്പോള്‍ ഒരു പെണ്ണിനോട് ആണോ ആണിനോട് പെണ്ണോ തോന്നുന്നതു പോലെ പെരുമാറുന്നത് പ്രകൃതിയും ആ തോന്നലിന് ചില നിയന്ത്രണങ്ങള്‍ കല്പിക്കുന്നത് സംസ്‌ക്കാരവുമാവുന്നു. അങ്ങനെ വരുമ്പോള്‍ ഏറ്റവും വലിയ സംസ്‌ക്കാര സമ്പന്നന്‍ കൊടിയ പ്രകൃതിവിരുദ്ധനും പ്രകൃതിസ്‌നേഹി സംസ്‌ക്കാരശൂന്യനുമാകുന്നു.
എന്നാല്‍ ഇന്നത്തെ കുടുംബം ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ സംസ്‌ക്കാരത്തെ അടിസ്ഥാനശിലയാക്കി കെട്ടിപ്പടുത്തതാണ്. ഒരാള്‍ പ്രകൃതിയാവുമ്പോള്‍ ആ വ്യവസ്ഥക്ക് തകര്‍ച്ച നേരിടുകയും സംസ്‌ക്കാരമുള്ളവനാവുമ്പോള്‍ അതിന് ഭദ്രത കൈവരികയുമാണ്.  ഭാരതീയ ദര്‍ശനങ്ങളും  സൂഫിസവും താവോയിസവുമൊക്കെ പറയുന്നതു പോലെ ജീവിതം  വൃത്തത്തില്‍ തന്നെയാണ് ചരിക്കുന്നതെങ്കില്‍ പ്രകൃതിയില്‍ നിന്ന് സംസ്‌ക്കാരത്തിലേക്ക് എത്തിയതു പോലെ മനുഷ്യന്‍ സംസ്‌ക്കാരത്തില്‍ നിന്ന് പ്രകൃതിയിലേക്കും എത്തിച്ചേരേണ്ടതുണ്ട്. അത് ഒരു നിമിഷത്തിലോ സുപ്രഭാതത്തിലോ ആയിരിക്കില്ല. നാം സംസ്‌ക്കാര സമ്പന്നരായത് എപ്രകാരം നേരിയ ചലനങ്ങളിലൂടെയാണോ അതുപോലെ മാത്രമേ വൃത്തം പൂര്‍ത്തീകരിക്കപ്പെടുന്ന തിരിച്ചു പോക്കും സാധ്യമാവുകയുള്ളൂ. ആ മടക്കയാത്രയുടെ അലകളാവാം   ഗുരുവിനെയും ശിഷ്യനെയും പത്രാധിപരെയും പത്രപ്രവര്‍ത്തകയെയും രാഷ്ട്രീയക്കാരനെയും സംരംഭകയെയും  വെറും ആണും പെണ്ണും മാത്രമാക്കി മാറ്റുന്നത്. ഇത്തരം സംഭവങ്ങളെ നാം കാടത്തം എന്നു വിശേഷിപ്പിക്കാറില്ലേ.... കാട് പ്രകൃതിയല്ലേ...? മനുഷ്യനാദ്യം പിറന്ന ഇടമല്ലേ....??

No comments:

Post a Comment