സ്വന്തമായി കാണാനും അതുവഴി അറിയാനും ഇഷ്ടമുള്ള വഴികളിലൂടെ അന്യനെ കൂട്ടിമുട്ടാതെ സഞ്ചരിക്കാനുമാണ് നമുക്ക് കണ്ണുകള്‍. സ്വന്തമായി കാണുക എന്നാല്‍ സ്വന്തം ലോകം കാണുകയെന്നാണ്. ഞാന്‍ എന്താണ് എന്നതിനെ ആശ്രയിച്ചിരിക്കും ഞാന്‍ കാണുന്ന ലോകവും. പുറത്തുകാണുന്നതു മാത്രമല്ല ലോകം, അകത്തുമുണ്ട്. അതിനേക്കാള്‍ വലിയൊരു ലോകം. അകത്തുള്ള ലോകത്തെയാണ് പുറത്ത് കാണുന്നതെന്ന് ച്യുവാങ്‌സുവും സൂഫീഗുരുക്കന്മാരും പറഞ്ഞിട്ടുള്ളതായി കേട്ടിട്ടുണ്ട്. ഓഷോയും പറഞ്ഞിട്ടുണ്ട്; നരകം പേറി നടക്കുന്നവന്‍ സ്വര്‍ഗ്ഗവത്തിലെത്തിയാല്‍ അയാള്‍ അവിടെയും ഒരു നരകം കണ്ടെത്തുമെന്ന്.
ഇത്രയും ഇപ്പോള്‍ പറയേണ്ടിവന്നത് അവന്റെ കണ്ണിലൂടെ എന്റെ ലോകം കാണണമെന്നും എന്റെ കണ്ണിലൂടെ അവന്റെ ലോകം കാണണമെന്നും പലരും പരസ്പരം വാശിപിടിക്കുന്നതുകൊണ്ടാണ്. അത് അസാധ്യമായ സംഗതിയാണ്. കാരണം ഇന്ന് ഒറ്റലോകം നിലവിലില്ല. ഓരോരുത്തരും ഓരോ ലോകമാണ്. അതുകൊണ്ടു തന്നെ ഓരോ വ്യക്തിയും കാണുന്നത് ഓരോ ലോകമാണ്. മാനസിക അടുപ്പമുള്ളവര്‍ കാണുന്ന ലോകങ്ങള്‍ക്ക് അല്പം സാമ്യമുണ്ടാകാമെങ്കിലും അതും ഒറ്റലോകമല്ല. ഓരോ കാഴ്ചയും വ്യത്യസ്ഥമാണ്. നീയും ഞാനും കാണുന്നത് ഒന്നാവണമെങ്കില്‍ നീ ഞാന്‍ ആവുകയോ അല്ലെങ്കില്‍ ഞാന്‍ നീ ആവുകയോ വേണം. അല്ലെങ്കില്‍ സ്വന്തം കണ്ണുകള്‍ ഉപയോഗിക്കാതെ ആള്‍ദൈവമോ നേതാവോ ഉസ്താദോ പറയുന്നത് കണ്ണടച്ച് വിശ്വസിക്കണം. അത്തരം കൂട്ടങ്ങള്‍ കാണുന്നത് ഒരേ കാഴ്ചയായിരിക്കും. അവര്‍ ഒരേ ലോകത്തു ജീവിക്കുന്നവരായിരിക്കും. എന്നാല്‍ എല്ലാവരും സ്വന്തം കണ്ണുകള്‍ ഉപേക്ഷിക്കണമെന്ന് നിര്‍ബന്ധിക്കരുത്. അതും ഒരു തരം ഫാസിസമാണ്.
ഓരോ ലോകവും വ്യത്യസ്തമാണെങ്കിലും
എല്ലാ ലോകങ്ങളും തമ്മില്‍
ഒരു പാലം സാധ്യമാണ്.

No comments:
Post a Comment