ഒരാള്‍ വായിക്കുമ്പോള്‍ അയാള്‍ അയാളെ തന്നെയാണ് വായിക്കുന്നത്. കാന്‍സറിനെക്കുറിച്ച് വായിക്കുമ്പോള്‍ കാന്‍സറില്ലാത്ത അയാളെക്കുറിച്ച് വായിക്കുന്നു. ഗാസയെയെയും ഉഗാണ്ടയെയും സോമാലിയയെയും കുറിച്ച് വായിക്കുമ്പോള്‍ സമാധാനപരമായ, വര്‍ണ്ണവെറിയില്ലാത്ത, ഗോത്രയുദ്ധമില്ലാത്ത അയാളുടെ തന്നെ പരിസരത്തെയാണ് വായിക്കുന്നത്. സമ്പന്നനെക്കുറിച്ച് വായിക്കുമ്പോള്‍ അയാളുടെ ദാരിദ്ര്യത്തെക്കുറിച്ച് സങ്കടപ്പെടുകയും ദാരിദ്ര്യത്തെക്കുറിച്ച് വായിക്കുമ്പോള്‍ അയാളുടെ സമ്പത്തിനെക്കുറിച്ച് അഭിമാനിക്കുകയും ചെയ്യുന്നു. കണ്‍ഫ്യൂഷസും ലാവോത്സുവും ബുദ്ധനും യുങും ഫ്രോയ്ഡും കൃഷ്ണമൂര്‍്ത്തിയും വായിക്കുമ്പോള്‍ അയാള്‍ അയാളുടെ മനസിനെയും ബോധത്തെയും അവബോധത്തെയുമാണ് വായിക്കുന്നത്.
വായന വായിക്കുന്നയാളെ കണ്ടെത്തുകയോ അടയാളപ്പെടുത്തുകയോ ആണ്. അങ്ങനെ അയാള്‍ എന്താണെന്ന് അയാളറിയുമ്പോള്‍ അയാള്‍ അയാളല്ലാതായിത്തീരുന്നു. അതില്‍ പിന്നെ അയാള്‍ ഇല്ലാതാവുകയും അയാള്‍ കണ്ടെത്തിയ അയാള്‍ ഉണ്ടാവുകയും ചെയ്യുന്നു. അപ്പോള്‍ അയാള്‍ അയാളെ ബഹുമാനത്തോടെയോ പുച്ഛത്തോടെയോ കാണാന്‍ തുടങ്ങുന്നു. മറ്റുള്ളവര്‍ തന്നെ താന്‍ ആഗ്രഹിക്കുന്നതു പോലെ കാണണമെന്ന് ശഠിക്കുന്നു.
ഇത് സത്യമാണെങ്കില്‍ സ്വയം അടയാളപ്പെടുത്താത്ത ഒരാളാണ് യഥാര്‍ത്ഥ ഒരാള്‍ എന്ന് പറയേണ്ടിവരും. ഒരാള്‍ ആരാണെന്ന് അയാള്‍ അറിയാതിരിക്കുമ്പോള്‍ മാത്രമാണ് അയാളുടെ സഹജാവബോധം പ്രവര്‍ത്തിക്കുന്നത്. അങ്ങനെവരുമ്പോള്‍ അയാളുടെ പ്രതികരണവും പെരുമാറ്റവും അയാളുടേത് തന്നെയാവുന്നു. അയാളുടെ ജീവിതം അയാളുടേത് മാത്രമാവുന്നു. അയാള്‍ അയാള്‍തന്നെയാവുന്നു.

എന്റെ വായനയിൽ പലപ്പോഴും കഥാപാത്രം ഞാൻ തെന്നെ ആയിത്തീരാറുണ്ട്.
ReplyDelete