Sunday, 6 April 2014

ഞാന്‍ മറ്റാരുമല്ല


നാം മറ്റൊരാളുടെ കുപ്പായം ധരിക്കാറില്ല, മറ്റൊരാളുടെ അടിവസ്ത്രമോ പാദരക്ഷയോ ധരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതു തന്നെ അറപ്പാണ്. എന്നിട്ടും ഏറ്റവും വിശുദ്ധവും സൂക്ഷ്മവും മര്‍മ്മപ്രധാനവുമായ ഹൃദയത്തിലും മനസ്സിലും ചിന്തയിലുമെല്ലാം നാം മറ്റുള്ളവരെ ധരിക്കുകയോ ചുമക്കുകയോ വഹിക്കുകയോ ചെയ്യുന്നു. അക്കാര്യത്തില്‍ നമുക്ക് അറപ്പോ വെറുപ്പോ ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല പലപ്പോഴും അഭിമാനം തോന്നുകയും ചെയ്യുന്നു.

മറ്റൊരാളുടെ കുപ്പായമോ അടിവസ്ത്രമോ ധരിക്കുക എന്നത് ബാഹ്യമായ ധാരണം മാത്രമാണ്. എന്നാല്‍ മറ്റൊരാളുടെ ചിന്തയും നിലപാടും പരിപാടികളും മാര്‍ഗ്ഗവും ലക്ഷ്യവും എന്റേതാവുകയെന്നാല്‍ മറ്റൊരാള്‍ എന്നെ നയിക്കലാണ്, നിയന്ത്രിക്കലാണ്. ഞാന്‍ അയാളുടെ നാവു കൊണ്ട് സംസാരിക്കലാണ്, അയാള്‍ എന്നിലൂടെ ചിന്തിക്കലാണ്, അപ്പോള്‍ ഞാന്‍ നിര്‍വ്വീര്യമാക്കപ്പെടുന്നു, ഇല്ലാതാവുന്നു. അതിനര്‍ത്ഥം ഞാന്‍ അയാളാവുന്നു എന്നാണ്.

ഞാന്‍ ആരാണ് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ഇതുവരെ ജനിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഞാന്‍ ആരാണെന്ന് ആര്‍ക്കും പറയാനുമാവില്ല. എന്നാല്‍ ഞാന്‍ മറ്റാരുമല്ലെന്ന് പറയാനാവും. അങ്ങനെയാവുമ്പോള്‍ മാത്രമാണ് ഞാന്‍ ഞാനാവുന്നത്. ഞാന്‍ എന്നെ അറിയുന്നത്, ഞാനില്ലാതാവുന്നത്....

4 comments:

  1. അനുകരണം ഒരിക്കലും പൂർണ്ണമാവുന്നില്ല , മറ്റൊരാളുടെ വസ്ത്രം നമുക്ക് യോജിക്കുന്ന രീതിയിൽ പാകപ്പെടുത്തി ധരിക്കുന്നുവെന്ന് മാത്രം !

    ReplyDelete
  2. നമ്മളിൽ ഒന്നുമില്ലെന്നും അപരനാണ് ശരി എന്ന് വിശ്വസിക്കുന്ന ഒരു വലിയ ജനതയുണ്ട് .അവര്ക്ക് എന്നും ബിംബങ്ങളെ ആവശ്യമാണ്‌ .

    ReplyDelete