ഇവിടെയായിരിക്കുക എന്നാല്‍ അവിടെ അല്ലാതിരിക്കുക എന്നാണ്. ഇവിടെയിരുന്ന് അവിടെയായിരുന്നാല്‍ അവിടെയെത്തുമെങ്കില്‍ അവിടെയായിരിക്കാം. എന്നാല്‍ ഇവിടെയിരുന്ന് അവിടെയായിരുന്നാല്‍ ഇവിടെയും അവിടെയും അല്ലാതായിപ്പോകുമെങ്കില്‍ ഇവിടെയായിരിക്കുക തന്നെയാണ് നല്ലത്. അതുകൊണ്ടായിരിക്കണം ബുദ്ധനും ഓഷോയും സ്വപ്‌നം കാണരുതെന്നും സെന്‍ഗുരു സോസാന്‍ സ്വപ്‌നം കാണുകയും ചിന്തിക്കുകയും ചെയ്യുന്ന മനസ്സിനെ തന്നെ ഉന്മൂലനം ചെയ്യണമെന്നും പറഞ്ഞത്.
അതേസമയം എപിജെ അബ്ദുല്‍ കലാമും സകല പോസിറ്റീവ് ചിന്തകന്മാരും സ്വപ്‌നം കാണാന്‍ നമ്മെ നിരന്തരം പ്രേരിപ്പിക്കുന്നു. സ്വപ്‌നം കാണുകയെന്നാല്‍ അവിടെയായിരിക്കലാണ്. അവിടെയായിരിക്കുക എന്നാല്‍ സ്വപ്‌നത്തിന് അടയിരിക്കലാണ്. സ്വപ്നമില്ലായിരുന്നെങ്കില്‍ ഈ കാണുന്നതൊന്നും ഉണ്ടാകുമായിരുന്നില്ല. എല്ലാം പുരോഗതിയുടെയും രൂപരേഖകള്‍ ആദ്യം വരഞ്ഞിട്ടത് സ്വപ്‌നത്തില്‍ തന്നെയാകണം.
എനിക്കു തോന്നുന്നു, കുറച്ചു പേര്‍ ഇവിടെയിരിക്കുമ്പോള്‍ ഇവിടെ തന്നെയായിരിക്കട്ടെ, അല്പം ചിലര്‍ ഇവിടെയായിരിക്കുമ്പോള്‍ എവിടെയുമല്ലാതിരിക്കട്ടെ,
മറ്റുള്ളവര്‍ ഇവിടെയായിരിക്കുമ്പോള്‍ അവിടെയുമായിരിക്കട്ടെ. അങ്ങനെ അകവും പുറവും തമ്മിലൊരു പാലം ജനിക്കട്ടെ. അതിലേ ഒരു വെളിച്ചം വഴിനടക്കട്ടെ.

No comments:
Post a Comment