ഹൃദയം മൊഴിയുന്നത് തലച്ചോറു കൊണ്ട് ശ്രവിക്കുന്നത് അസംബന്ധമാണ്. തലച്ചോറുകൊണ്ട് സംസാരിക്കുമ്പോള്‍ ഹൃദയംകൊണ്ട് കേള്‍ക്കുന്നതു പോലെ അര്‍ത്ഥശൂന്യവും അപകടകരവുമാണത്. ഹൃദയത്തിന് ചിന്തയില്ല, ആസൂത്രണമില്ല, വരുംവരായ്കകളെക്കുറിച്ചുള്ള ഭയമില്ല. അതിനാല്‍ എല്ലാ ലോജിക്കുകള്‍ക്കും അതീതമാണത്. മഴ മണ്ണിലേക്ക് ഇറക്കപ്പെടുന്നതു പോലെയോ നിലാവ് പരക്കുന്നതുപോലെയോ അത് ഹൃദയങ്ങളില്‍ നിന്ന് ഹൃദയങ്ങളിലേക്ക് നിലക്കാതെ ഒഴുകുന്നു. ഉറവിടമില്ലാത്ത ഉറവിടത്തില്‍ നിന്നോ ഉറവിടങ്ങളുടെ ഉറവിടത്തില്‍ നിന്നോ ആണത് പുറപ്പെടുന്നത്. മൊഴിയുന്നവന്റെ ഹൃദയം എഴുതുന്നവന്റെ പേന പോലെ ഒരുപകരണം മാത്രം.
എന്നാല്‍ തലച്ചോറു പറയുന്നതെന്തും യുക്തിഭദ്രമാണ്. അതിന് കൃത്യമായ ഉറവിടമുണ്ട്. ആലോചനയില്‍ നിന്നാണത് രൂപമെടുക്കുന്നത്. അതില്‍ ഭൂതവും ഭാവിയും വരുംവരായ്കകളുടെ ഭയവും അന്തര്‍ലീനമായിരിക്കുന്നു. അപ്പോള്‍ ഹൃദയം കൊണ്ട് പറയുന്നത് തലച്ചോറു കൊണ്ട് കേള്‍ക്കുകയെന്നാല്‍ ദൈവം എന്ന് പറയുമ്പോള്‍ രാജാവെന്ന് കേള്‍ക്കുന്നതു പോലെയാവുന്നു. മഴയെ റിക്ടര്‍ സ്‌കെയിലുകൊണ്ടും ഭൂകമ്പത്തെ മഴമാപിനികൊണ്ടും അളക്കുന്നതു പോലെയായാവുന്നു. തലച്ചോറു കൊണ്ട് പറഞ്ഞത് ഹൃദയം കൊണ്ട് കേള്‍ക്കുന്ന ആള്‍ സ്തബ്ദനായി പോകുന്നതു പോലെതന്നെയാണ് ഹൃദയംകൊണ്ട് പറയുന്നത് തലച്ചോറുകൊണ്ട് കേള്‍ക്കുന്നയാള്‍ തര്‍ക്കിക്കുന്നതും. അപ്പോള്‍ തലച്ചോറിനെ തലച്ചോറുകൊണ്ടും ഹൃദയത്തെ ഹൃദയം കൊണ്ടും അറിയേണ്ടിയിരിക്കുന്നു.
പറയുന്നവനും കേള്‍ക്കുന്നവനും ഹൃദയവും തലച്ചോറും ഒരേസമയം ഉള്ളതിനാല്‍ ആര്‍ക്കും ഇത് സാധ്യമാണ്. ഹൃദയം പറയുമ്പോള്‍ കേള്‍ക്കുന്നവന്‍ അവന്റെ തലച്ചോറിനോട് ഒരു നിമിഷം മാറിനില്‍ക്കാന്‍ പറഞ്ഞാല്‍ മാത്രം മതി. തലച്ചോറ് പറയുമ്പോള്‍ ഹൃദയത്തെയും മാറ്റിനിര്‍ത്താം. അപ്പോള്‍ പറയുന്നതും കേള്‍ക്കുന്നതും ഒന്നാവുന്നു, എല്ലാ തര്‍ക്കങ്ങളും അവിടെ അവസാനിക്കുന്നു. അങ്ങനെ വരുമ്പോള്‍ ഒരാള്‍ തലച്ചോറും ഹൃദയവും ഒരുപോലെ പ്രവര്‍ത്തിക്കുന്നവനായിത്തീരുന്നു. അയാള്‍ക്ക് അകത്തേക്കും പുറത്തേക്കും ഒരേസമയം സഞ്ചരിക്കാനാവുന്നു. ഇരു ലോകവും കാണാനാവുന്നു.

No comments:
Post a Comment