ഇന്നലെയും ഇന്നും നാളെയും തമ്മില്‍ വ്യത്യാസങ്ങള്‍ സംഭവിക്കുമ്പോഴാണ് വിശേഷങ്ങള്‍ ഉണ്ടാവുന്നത്. അങ്ങനെ സംഭവിക്കാതിരിക്കുകയാണെങ്കില്‍ അതിന്റെ അര്‍ത്ഥം ഒഴുകുന്നില്ലെന്നോ ഒഴുക്കു നിലച്ചെന്നോ ആണെന്നു തോന്നുന്നു. ഒഴുക്ക് നിലക്കുക എന്നാല്‍ മറ്റൊരര്‍ത്ഥത്തില്‍ ജീവിതം നിലക്കലാണ്. നമ്മള്‍ യാന്ത്രികം എന്നു വിളിക്കുന്നതും അതിനെ തന്നെയാണ്.
ഒഴുകുന്ന നദിക്ക് എന്നും വിശേഷങ്ങളാണ്. അത് നിമിഷംപ്രതി വ്യത്യസ്ഥമായ ഭൂമികകളിലൂടെയാണ് പ്രയാണം തുടരുന്നത്. വൈവിധ്യമാര്‍ന്ന വൃക്ഷലതാദികളും കാലാവസ്ഥയും തീരങ്ങളുടെ ബഹുസ്വരമായ സംസ്‌ക്കാരങ്ങളുമാണ് ഒഴുകുന്ന നദിയുടെ വിശേഷങ്ങള്‍. എന്നാല്‍ ഒഴുക്കു നിലച്ച വെള്ളക്കെട്ട് മനോഹരമായ ഒരു തടാകം തന്നെയായാല്‍ പോലും അതിന് വിശേഷങ്ങളില്ല. മാത്രമല്ല; കെട്ടിനില്‍ക്കുന്നതെന്തും കെട്ടുനാറുകയും ചെയ്യും. സ്ഥിരമായ ജോലിയും കൂലിയുമായിരിക്കണം കെട്ടിക്കിടക്കാന്‍ നിര്‍ബന്ധിതനാക്കുന്നത്. ഒരേ മുഖങ്ങള്‍, ഒരേ പ്രകൃതി, അതേ വരുമാനം എന്നിവയിലൂടെയാണെന്നു തോന്നുന്നു തടാകങ്ങള്‍ ഉണ്ടാകുന്നത്. അത്തരം കെട്ടിക്കിടപ്പില്‍ നിന്നാവണം എനിക്കും വിശേഷമൊന്നുമില്ല സുഹൃത്തേ എന്നു പറയേണ്ടി വരുന്നത്.

No comments:
Post a Comment