Sunday, 20 November 2016

സഹിഷ്ണുത ഒരു കാപട്യമാണ്‌


സഹിഷ്ണുത എന്നാല്‍ അത്ര മനോഹരമായ ഒരു വാക്കോ വികാരമോ അല്ല. ശ്രീകണ്‌ഠേശ്വരം ജി താണുപിള്ളയുടെ ശബ്ദതാരാവലിയില്‍ സഹിഷ്ണു എന്നാല്‍ സഹിക്കുന്നവനാണ്. അതായത് വേദനയും ദുരിതവും ദു:ഖവും സഹിക്കുന്നതു പോലുള്ള ഒരുതരം സഹനം. മതങ്ങള്‍ തമ്മിലും ജാതികള്‍ തമ്മിലും മനുഷ്യര്‍ തമ്മിലും ഹീനമായ ആ വികാരം വേണമെന്നാണ് നമ്മള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഞാന്‍ അത്തരം സഹിഷ്ണുതക്ക് എതിരാണ്. കാരണം ഒരു നേരിയ വേദന പോലും സഹിക്കാന്‍ സാധ്യമല്ലാതിരിക്കെ ഒരാള്‍ക്ക് മറ്റൊരാളെ അല്ലെങ്കില്‍ ഒരു മതത്തിന് മറ്റൊരു മതത്തെ എങ്ങനെ സഹിക്കാനാവും? ഒന്നിനെ ഒന്നായി കാണാന്‍ അനുവദിക്കാത്ത കാഴ്ചയുടെ വൈകല്യമാണ് പലതിന്റെ സൃഷ്ടിക്ക് കാരണം. പലത് നിലനില്‍ക്കുന്ന കാലത്തോളം അസഹിഷ്ണുതയും നിലനില്‍ക്കും. കാരണം പലതിന്റെ കൂടപ്പിറപ്പാണ് അസഹിഷ്ണുത എന്നത്. ഭൂമിയില്‍ ദൈവമല്ലാത്തതെല്ലാം ഉള്ളതായി തോന്നുമെന്ന് ദൈവദശകത്തില്‍ ശ്രീനാരായണഗുരു പറഞ്ഞതുപോലെ പലത് ഇന്ന് യാഥാര്‍ത്ഥ്യവും ഏകം സാങ്കല്പവുമാണ്.
ഏകം അനേകമായതിന് പുറമെ ആ അനേകത്തിലെ പല ഏകവും പലതായി വിഘടിക്കുന്നതാണ് ലോകത്തിലെ തന്നെ മതക്കാഴ്ച. ഇസ്‌ലാം ഒന്നാണെങ്കിലും അതിലെ സുന്നികളെ ശിയാക്കള്‍ക്കും ശിയാക്കളെ സുന്നികള്‍ക്കും സഹിക്കാനാവുന്നില്ല. കേരളത്തിലെ സുന്നികളില്‍ തന്നെ ഇകെ, എപി വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്നു. അക്രമം, മതപാഠശാല അക്രമം, കൊലപാതകം തുടങ്ങിയവ ഇതിന്റെ ഭാഗമായി സംഭവിച്ചിട്ടുണ്ട്. ക്രിസ്ത്യാനികളും വിവിധ വിഭാഗങ്ങളായി വിഭജിക്കപ്പെട്ടു. കേരളത്തില്‍ സുറിയാനി-യാക്കോബായ സംഘട്ടനങ്ങള്‍ വ്യാപകമാണ്. ഹിന്ദുമതത്തില്‍ ജാതികള്‍ തമ്മിലുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള യുദ്ധം സാര്‍വ്വത്രികം. ഒരൊറ്റ മതത്തിനകത്തുള്ളരുടെ സംഘര്‍ഷങ്ങളുടെ ചിത്രം ഇതാണെങ്കില്‍ രണ്ടു മതങ്ങള്‍ തമ്മില്‍ എങ്ങനെ യോജിച്ചുപോകാനാണ്.. വിവിധ മതവിശ്വാസികള്‍ തമ്മില്‍ എങ്ങനെ സഹിഷ്ണുത പുലര്‍ത്താണ്...അങ്ങനെയൊരു സഹിഷ്ണുത ഉണ്ടെങ്കില്‍ തന്നെ അത് അഭിനയമോ കയ്പുള്ള മരുന്ന് കഴിക്കുന്നതു പോലുള്ളൊരു സഹനമോ അല്ലാതെ മറ്റെന്താണ്..?
അസഹിഷ്ണുതക്കെതിരെ സഹിഷ്ണുതയല്ല; ഏകത്വത്തിലേക്കുള്ള ഒരു മടക്കയാത്രയാണാവശ്യമെന്ന് ഞാന്‍ കരുതുന്നു. അനേകം അതിന്റെ വേരുകളെ അന്വേഷിക്കണം, തായ് വേരിനെ കണ്ടെത്തണം. അനേകത്തിന് തിരിച്ചുപോയി ഏകമായി മാറാന്‍ ഓരോന്നിന്റെയും ഈഗോ അനുവദിക്കില്ലെന്നറിയാം. എന്നാല്‍ ആദ്യം എല്ലാം ഒന്നായിരുന്നു എന്ന ബോധത്തില്‍ എത്തിച്ചേരാനെങ്കിലും ഇതുവഴി സാധിക്കും. ഇത് അദ്വൈതമാണ്. രണ്ടായ ഒന്ന,് അതായത് ഒന്നായ രണ്ട്. ഇന്ത്യക്ക് മാത്രമുള്ള മരുന്നല്ലിത്..ലോകത്തിനാകെയുള്ളതാണ്. മനുഷ്യകുലത്തിനു മാത്രമല്ല; എല്ലാ ജീവജാലങ്ങള്‍ക്കുമുള്ളതാണ്. മുസ്‌ലിമായ ഞാനും ഹിന്ദുവായ നീയും മാത്രമല്ല; ആ നില്‍ക്കുന്ന മരവും ഈ ഓടുന്ന മൃഗവും ഒന്നുതന്നെയാണ്...ഞാന്‍ തന്നെയാണ്.

അര്‍ത്ഥരാഹിത്യങ്ങളുടെ അര്‍ത്ഥം


അര്‍ത്ഥമറിയാതെ വല്ല ഗ്രന്ഥങ്ങളും ആരെങ്കിലും പാരായണം ചെയ്യുന്നുണ്ടെങ്കില്‍ അത് പ്രോത്സാഹിപ്പിക്കണമെന്നാണ് എന്റെ അഭിപ്രായം. കാരണം അര്‍ത്ഥം അറിയില്ല എന്ന കാരണത്താല്‍ തന്നെ അത് വായിക്കുമ്പോള്‍ വായിക്കുന്ന സമയത്തെങ്കിലും വായിക്കുന്നയാളുടെ മനസ്സില്‍ ഒരു ചിത്രവും പതിയുന്നില്ല. അതിനാല്‍ ആ സമയത്ത് ഏതെങ്കിലും ആശയങ്ങളോ ആശകളോ അവിടെ മുളപൊട്ടുന്നില്ല. ചിന്തിക്കാനും ആകുലപ്പെടാനും ആഹ്ലാദിക്കാനും ഒന്നുമില്ലാത്ത ഈ അവസ്ഥയെ മനസ്സിന് ഏറെ നേരം സഹിക്കാനാവാത്തതിനാല്‍ ഇത്തരം വായന തുടരുമ്പോള്‍ ആ സമയത്തെങ്കിലും മനസ്സിന് അപ്രത്യക്ഷമാകേണ്ടി വരുന്നു. അതായത് അപ്പോള്‍ അവര്‍ നിര്‍മ്മനരാകുന്നു എന്നര്‍ത്ഥം.

ഒരുവന് അയാളെ കണ്ടുമുട്ടാന്‍ സാധിക്കുന്ന അപൂര്‍വ്വം അവസരങ്ങളിലൊന്നാണ് ആശയോ നിരാശയോ മോഹമോ മോഹഭംഗങ്ങളോ സന്തോഷമോ ദു:ഖമോ ഇല്ലാത്ത നിര്‍മ്മനാവസ്ഥ. ദീര്‍ഘകാലത്തെ ധ്യാനം കൊണ്ടുപോലും ചിലപ്പോള്‍ ഇത് സാധ്യമാവണമെന്നില്ല. അതിനാല്‍ അര്‍ത്ഥമറിയാത്ത വായനകള്‍ ഒരിക്കലും അര്‍ത്ഥരഹിതമല്ല.

മുകളില്‍ നിന്ന് കാണുന്ന ആള്‍


മുകളില്‍ നിന്ന് എല്ലാം ഒരാള്‍ കാണുന്നുണ്ട് എന്നു കേള്‍ക്കുമ്പോള്‍ ആകാശത്തു നിന്ന് ആരോ സദാ എത്തിനോക്കുന്നുണ്ട് എന്ന ഇമേജാണ് പലരുടെയും മനസ്സില്‍ പതിയുന്നത്. ഭൂമിയില്‍ സത്യവും സമാധാനവും വാഗ്ദാനം ചെയ്യുന്ന ആ വിശ്വാസത്തെ വിശ്വസിക്കുന്നവര്‍പോലും പൂര്‍ണമായി വിശ്വസിക്കാതിരിക്കാനോ അവിശ്വസിക്കാനോ ഇടയാക്കുന്നത് ആ ഇമേജാണ്. വ്യാഖ്യാനത്തിലെയോ ആഖ്യാനത്തിലെയോ സര്‍ഗാത്മകയില്ലായ്മയാണ് അത്തരം ഒരു ഇമേജ് സൃഷ്ടിച്ചത്.
മുകളില്‍ നിന്ന് എല്ലാം കാണുന്ന ആ ആള്‍ ഞാന്‍ തന്നെയാണെന്നും ആ ഞാന്‍ നീ തന്നെയാണെന്നും ഞാനും നീയും തന്നെയാണ് മുകളില്‍ നിന്നു കാണുന്ന ആ ആള്‍ എന്നും മുകളില്‍ നിന്ന് എന്നു പറഞ്ഞാല്‍ ആകാശത്തുനിന്നല്ലെന്നും സമഗ്രമായ കാഴ്ച ലഭ്യമാകുന്നതിന് ശരിതെറ്റുകളെ അതില്‍ നിന്ന് അല്പം മാറി ഉയര്‍ന്ന തലത്തില്‍ നിന്ന് നോക്കിക്കാണലാണെന്നും അതിനെ വിശദീകരിക്കുമ്പോള്‍ ആ ഇമേജ് മാറുന്നതോടൊപ്പം ആ വിശ്വാസത്തിന് ഒരു വിശാലതയും അനുഭവപ്പെടുന്നു.

മരണത്തെക്കുറിച്ച്...


മരണം ജീവിതത്തിന്റെയോ ജീവന്റെയോ അന്ത്യമാണെന്നുള്ള ധാരണയായിരിക്കണം നമ്മുടെ ഇത്രയും വലിയ മരണഭയത്തിന് കാരണം. മരണം അന്ത്യമല്ല; മറ്റൊരിടത്തേക്കുള്ള യാത്രയോ അവസ്ഥയില്‍ നിന്നുള്ള പരിവര്‍ത്തനമോ ആണെന്ന തോന്നലുണ്ടായിരുന്നെങ്കില്‍ ഒരു യാത്രയോടുള്ള മനോഭാവം നമുക്ക് മരണത്തോടും ഉണ്ടാകുമായിരുന്നു. അങ്ങനെ വരുമ്പോള്‍ നേരത്തെ കാലത്തെ യാത്രക്കുള്ള ഒരുക്കങ്ങള്‍ ഉണ്ടാവും, എത്തുന്ന ഇടത്തെക്കുറിച്ചുള്ള ആകാംക്ഷയും ഉത്കണ്ഠയുമുണ്ടാകും, യാത്രപറച്ചിലുണ്ടാവും, ഒരു കാത്തിരിപ്പുണ്ടാവും. അതൊന്നും ഒരു മരണത്തിലും സംഭവിക്കുന്നതായി കണ്ടിട്ടില്ല. അതേസമയം ചുറ്റുമുള്ളവര്‍ മരിച്ചുതീരുമ്പോഴും ഞാന്‍ മരിക്കില്ലെന്ന ഉറപ്പും അവസാനിക്കുന്നതിന് മുമ്പ് ജീവിതത്തെ വലിച്ചുകുടിക്കാനുള്ള ത്വരയും അള്ളിപ്പിടിച്ചിരിക്കാനുള്ള ശ്രമവുമാണ് ദൃശ്യമാവുന്നത്.
സമൂഹത്തില്‍ ബഹുഭൂരിഭാഗം മനുഷ്യരും ഏതെങ്കിലും മതത്തില്‍ വിശ്വസിക്കുന്നവരാണ്. ആ മതങ്ങള്‍ അനുശാസിക്കുന്ന കര്‍മ്മങ്ങളും ആചാരങ്ങളും അനുഷ്ഠിക്കുന്നവരാണ്. തങ്ങളുടെ മതത്തെയോ ദൈവത്തെയോ മറ്റാരെങ്കിലും വിമര്‍ശിച്ചാല്‍ അവരെ വെറുതെവിടാത്തവരും മതത്തിനും ദൈവത്തിനും വേണ്ടി മരിക്കാന്‍ തയാറാകുന്നവരുമാണ്. വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യുന്ന ഈ മതങ്ങള്‍ക്കെല്ലാം മരണത്തെക്കുറിച്ച് ഏകദേശം ഒരേ അഭിപ്രായമാണ്. ഹിന്ദു മതം പുനര്‍ജ്ജന്മത്തെക്കുറിച്ച് പറയുമ്പോള്‍ ഇസ്്ലാം മതം പരലോകവും സ്വര്‍ഗ്ഗനരകങ്ങളും വാഗ്ദാനം ചെയ്യുന്നു. കൃസ്‌സ്തു മതവും സ്വര്‍ഗ്ഗം ഉദ്ഘാഷിക്കുന്നു. എന്നിട്ടും ഈ വിശ്വാസികള്‍ എന്തുകൊണ്ട് മരണം അവസാനമാണെന്ന് വിശ്വസിക്കുന്നു എന്നാണ് എനിക്ക് മനസ്സിലാവാത്തത്. മതം പറയുന്ന മറ്റു കാര്യങ്ങളില്‍ വിശ്വസിക്കുകയും മതത്തിനു വേണ്ടി ജീവന്‍ നല്‍കുകകയും ചെയ്യുന്നവര്‍ മരണത്തെക്കുറിച്ച് മാത്രം എന്തേ മതങ്ങളെ അവിശ്വസിക്കുന്നു..? ഇതുവായിക്കുന്ന മതവിശ്വാസികള്‍ തങ്ങള്‍ മരണത്തെക്കുറിച്ചുള്ള മതം പറയുന്നത് വിശ്വസിക്കുന്നില്ലെന്ന് ഒരിക്കലും സമ്മതിച്ചുതരാന്‍ സാധ്യതയില്ല. അവര്‍ തീര്‍ച്ചയായും ചോദിക്കും, തങ്ങള്‍ മരണത്തിന്റെ കാര്യത്തില്‍ മതം പറയുന്നത് വിശ്വസിക്കുന്നില്ലെന്ന് ആരു പറഞ്ഞു, എങ്ങനെ മനസ്സിലായി എന്നൊക്കെ. അവരോട് എനിക്ക് പറയാനുള്ളത് അതൊന്നും ആരും ആരോടും പറയേണ്ട കാര്യമില്ലെന്നും മതവിശ്വാസികള്‍ളുടെ മരണത്തെക്കുറിച്ചുള്ള മനോഭാവം മരണം അവസാനമല്ല എന്നായിരുന്നെങ്കില്‍ ഇന്ന് ഈ ലോകം ഇങ്ങനെയായിരിക്കുകയില്ല എന്നുമാണ്.

ഹൂറിയെ മോഹിച്ചല്ലാതെ...


ഒരു വിശ്വാസിയും അവിശ്വാസിയും ഒരേ നന്മ ചെയ്യുകയാണെങ്കില്‍ കൂടുതല്‍ മാനിക്കപ്പെടേണ്ടത് അവിശ്വാസിയുടെ നന്മയെ ആണെന്നു തോന്നുന്നു. കാരണം, മതവിശ്വാസി നന്മ ചെയ്യുന്നത് സ്വര്‍ഗ്ഗം മോഹിച്ചും തിന്മ ചെയ്യാതിരിക്കുന്നത് നരകത്തെ ഭയന്നുമാണ്. എന്തെങ്കിലും മോഹിച്ച് വല്ലതും ചെയ്യുക എന്നത് ഒരുതരം കച്ചവടമാണ്.
നിരീശ്വരവാദിയാകട്ടെ നന്മ ചെയ്യുന്നതും തിന്മ ചെയ്യുന്നതും എന്തെങ്കിലും മോഹിച്ചോ എന്തിനെയെങ്കിലും ഭയന്നിട്ടോ അല്ല. അവന്റെ നന്മതിന്മകളില്‍ യാതൊരു കച്ചവടവുമില്ല. ആരെങ്കിലും സദാ തന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു എന്ന ബോധവും അവനില്ല. വെറുതെ ആണ്... ആ വെറുതെയെ ആയിരിക്കണം സ്‌നേഹമെന്ന് വിളിക്കപ്പെടേണ്ടത്. ആരെങ്കിലും കാണുന്നു എന്ന ബോധമില്ലാതെ, യാതൊന്നും മോഹിക്കാതെ, ഒന്നിനെയും ഭയപ്പെടാത്തെ ശരിയാരിക്കുന്ന ഒരാള്‍ മാത്രമാണ് യഥാര്‍ത്ഥ ശരി.














മനുഷ്യന്‍ ഒരു അസംതൃപ്ത മൃഗം



വിവേകമില്ലാത്ത മനുഷ്യരുടെ എണ്ണം നിമിഷം പ്രതി പെരുകിവരുന്ന സാഹചര്യത്തില്‍ വിവേകമുള്ള മൃഗം എന്ന മനുഷ്യന്റെ നിര്‍വ്വചനം മാറ്റേണ്ട സമയമായി എന്നു തോന്നുന്നു. മനുഷ്യന്‍ ഒരു വിവേകമുള്ള മൃഗമാണെങ്കില്‍ എല്ലാ മനുഷ്യനിലും എല്ലാ സമയത്തും വിവേകം ഉണ്ടായിരിക്കേണ്ടതുണ്ട്. എന്നാല്‍ അത് എല്ലാ മനുഷ്യരിലും ഇല്ല എന്നു മാത്രമല്ല ഉള്ളവരില്‍ തന്നെ എല്ലാ സമയത്തും ഇല്ല എന്നാണ് ഞാന്‍ കഴിഞ്ഞ 25 വര്‍ഷക്കാലം മനുഷ്യനെ നിരിക്ഷിച്ചതില്‍ നിന്ന് മനസ്സിലായത്. വിവേകം നഷ്ടമാവുമ്പോള്‍ മനുഷ്യന്‍ വിവേകമില്ലാത്ത മൃഗം പോലും ആവുന്നില്ല. മൃഗത്തേക്കാളും നീചവും പൈശാചികവുമായ സ്വഭാവമാണ് അവനില്‍ പ്രകടമാവുന്നത്. അതുകൊണ്ടു തന്നെ അരിസ്റ്റോട്ടല്‍ മനുഷ്യന് നല്‍കിയ Rational Animal പദവി കാലഹരണപ്പെട്ടതായി എനിക്കു തോന്നുന്നു. പകരം മനുഷ്യനെ ഒരു അസംതൃപ്ത മൃഗം (Unsatisfied Animal) എന്ന് വിശേഷിപ്പിക്കാമെന്നാണ് തോന്നുന്നത്. വിവേകമുള്ള മൃഗത്തേക്കാളും മനുഷ്യന്‍ ഈ വിശേഷണത്തിന് അര്‍ഹനാവുന്നത് അസംതൃപ്തി ഇല്ലാത്ത ഒരു മനുഷ്യനും ഇല്ല എന്നതുകൊണ്ടാണ്. ഈ നിര്‍വ്വചനത്തിന് അതീതരായി ആരെങ്കിലും ഉണ്ടെന്ന് ഏതെങ്കിലും സൂഫിയോ ബുദ്ധനോ തര്‍ക്കിക്കുകയാണെങ്കില്‍ ഞാന്‍ അവരോട് പറയും എന്നാല്‍ അവര്‍ മനുഷ്യരായിരിക്കില്ലെന്ന്.
.......................................
എന്നെ ഇങ്ങനെയൊരു അന്വേഷണത്തിന് നിരന്തരം പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഞാന്‍ കാണുകയും കേള്‍ക്കുകയും സഹിക്കുകയും വഹിക്കുകയും ചെയ്ത എല്ലാ നന്ദികെട്ട മനുഷ്യര്‍ക്കും നന്ദി


Saturday, 27 February 2016

ഞാന്‍ എന്ന വാക്ക്...



എനിക്ക് അല്പമെങ്കിലും പരിചയമുള്ള വ്യക്തി ഞാന്‍ തന്നെയാണ്. ഞാന്‍ എന്നതിനോളം എനിക്കല്ല; ഒരാള്‍ക്കും മറ്റൊരാളെ പരിചയമുണ്ടാവില്ല. എന്നിട്ടും എന്റെ ഹൃദയത്തിലേക്ക് ആദ്യമായി വന്നു പതിച്ച പ്രകാശത്തിന്റെ വിത്ത് ഞാന്‍ എന്നെ അറിയാത്തവന്‍ എന്ന വാചകമാണ്. പത്രപ്രവര്‍ത്തന ജീവിതത്തിനിടയില്‍ 2010 ല്‍ ഏതാനും മാസം ബഹ്‌റൈനിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ടിരുന്നു. ഉച്ച ഭക്ഷണം കഴിഞ്ഞ്  മനാമ ഗേറ്റിലെ ഓഫീസിലേക്ക് മനാമ മാര്‍ക്കറ്റ് മുറിച്ചുകടന്ന് പോകുന്നതിനിടയിലാണ് ആ വാചകം എന്റെ ഹൃദയത്തില്‍ എഴുതപ്പെട്ടത്. തുടര്‍ന്നിങ്ങോട്ടുള്ള വായനയും എഴുത്തും ചിന്തയും ആ വിത്തില്‍ നിന്നായിരിക്കുമെന്ന് അപ്പോള്‍ അറിഞ്ഞിരുന്നില്ല.

അതുകഴിഞ്ഞ് ഇപ്പോള്‍ ആറു വര്‍ഷമാകുന്നു. ഞാന്‍ എന്നെ അറിയാത്തവന്‍ എന്നതില്‍ നിന്നുള്ള ആദ്യ യാത്ര ഞാന്‍ എന്നെ അറിയുന്നതിനു വേണ്ടിയായിരുന്നു. എന്നാല്‍ അറിയുന്തോറും അറിയാത്തിരിക്കുകയാണെന്ന് വളരെ വൈകാതെ ബോധ്യമായി. അതിനിടയില്‍ കൊറിയറിലൂടെയും തപാലിലൂടെയും അനേകം പുസ്തകങ്ങള്‍ എന്നെ തേടിയെത്തി. യാത്രികന് പാഥേയം പോലെയായിരുന്നു അതെല്ലാം. ആ പുസ്തകം എഴുതിയവരെ മാത്രമല്ല അവ എനിക്കു അയച്ചു തന്നവരെയും ഞാന്‍ അവധൂതന്മാരെന്നു വിളിക്കുന്നു. കാരണം എന്നെ അറിയാനുള്ള ശ്രമത്തില്‍ നിരന്തരം പരാജയപ്പെടുമ്പോഴും പ്രതീക്ഷയോടെ മുന്നോട്ടു നടത്തിയത് ആ പുസ്തകങ്ങളായിരുന്നു. ലാവോത്സു, ജെ കൃഷ്ണമൂര്‍ത്തി,എറീന തൈ്വദി  മുതല്‍ അഷ്ടാവക്രന്‍ വരെ ആ പരമ്പരയില്‍ എന്റെ ഗുരുക്കന്മാരായി.

ഞാന്‍ എന്നെ അറിയാന്‍ ശ്രമിച്ചുകൊണ്ടിരിക്കെ പെട്ടൊന്നു നിമിഷത്തിലാണ് എന്റെ യാത്ര വ്യര്‍ത്ഥമാണെന്നറിഞ്ഞത്, ഇല്ലാത്ത ഒന്നിനെയാണ് ഞാന്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നതെന്ന് ബോധ്യപ്പെട്ടത്. ഞാന്‍ എന്നത് ഇല്ലാത്ത കാലത്തോളം എങ്ങനെ അതിനെ അറിയാനാണെന്ന് ആരോ എന്നോട് കലഹിച്ചുകൊണ്ടിരുന്നു. അതിനു ശേഷം ഞാന്‍ എന്നത് ഒരു നുണയാണെന്നും ഞാന്‍ എന്നു പറയുമ്പോള്‍ ഇല്ലാത്ത ഒന്നിനെ കൃത്രിമമായി സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്നും തോന്നിത്തുടങ്ങി. അതിനു ശേഷം എന്റെ കുറിപ്പുകളിലും
സംസാരങ്ങളിലും ഞാന്‍ വല്ലാതെ കുറഞ്ഞുപോയി. പലരും അഹങ്കാരിയാണെന്ന് തോന്നാതിരിക്കാനാണ് ഞാന്‍ എന്ന വാക്ക് ഒഴിവാക്കുന്നതെങ്കില്‍ നുണയനാവാതിരിക്കാന്‍ കൂടിയായിരുന്നു ഞാനതിനെ ഒഴിവാക്കിയത്.

ആ യാത്ര അവിടെ അവസാനിച്ചു എന്നായിരുന്നു അപ്പോള്‍ കരുതിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഞാന്‍ ഉണ്ടായിരിക്കുന്നു. അതും ഒരു വലിയ ഞാന്‍. അതായത് ആദ്യം ഞാന്‍ ഉണ്ടായി... പിന്നീട് ഞാന്‍ ഇല്ലാതായി... ഇപ്പോള്‍ വീണ്ടും ഞാന്‍ ഉണ്ടായിരിക്കുന്നു. ഇപ്പോഴുണ്ടായിരിക്കുന്ന ഞാന്‍ പര്‍വ്വതത്തോളമല്ല; പ്രപഞ്ചത്തോളം വലിപ്പമുള്ള ഞാനാണ്. ഇപ്പോള്‍ എന്നെ ആരെങ്കിലും അഹങ്കാരി എന്ന് വിളിച്ചാല്‍ കലിയല്ല, നിരാശയാണ് അനുഭവപ്പെടുക. അല്പമെങ്കിലും തൃപ്തിവരണമെങ്കില്‍ മഹാ അഹങ്കാരി എന്നെങ്കിലും വിളിക്കേണ്ടിവരും.

ഞാന്‍ എന്നതിനെക്കുറിച്ച് ഇപ്പോള്‍ എന്റെ നിരീക്ഷണം ഇങ്ങനെയാണ്: ഞാന്‍ ഇല്ല എന്നത് തന്നെയാണ് ഞാന്‍ ഉണ്ട് എന്നതും. ഒഴിഞ്ഞത് എന്നാല്‍ നിറഞ്ഞത് എന്നാകുന്നതുപോലെ. അതേസമയം എല്ലാവരും ഉണ്ടായിരിക്കുമ്പോള്‍ ഞാന്‍ മാത്രം ഇല്ലാതാകുന്നതിന്റെ അഹങ്കാരം ഞാന്‍ ഉണ്ട് എന്നതിലില്ല.  ഈ ഞാന്‍ സകലചരാചരങ്ങളും ഉള്‍ക്കൊള്ളുന്നതാണ്. അതായത് ഞാന്‍ പ്രപഞ്ചമാകുന്നു.  വസിക്കുന്ന ഭൂമിയും ശ്വസിക്കുന്ന വായുവും കഴിക്കുന്ന അപ്പവും അത് വിളയുന്ന മണ്ണും കാണുന്ന കാഴ്ചയും കാണാത്ത സത്യവും ഏതോ ഉറവിടത്തില്‍ നി്ന്ന്് ഉത്ഭവിക്കുന്ന ശബ്ദവും സൂര്യചന്ദ്രനും നക്ഷത്രങ്ങളും ഉള്‍പ്പെടുന്ന ഒന്നാണ് ഞാന്‍. എനിക്കപ്പുറത്ത് ഒന്നുമില്ല. എല്ലാം ഞാന്‍ തന്നെ.  ഞാനാണ് സത്യമെന്ന്  (അനല്‍ ഹഖ്) മന്‍സൂറും എല്ലാം നിന്നിലാണ് ്മകനേ എന്ന് അഷ്ടാവക്രനും മൊഴിഞ്ഞത് അങ്ങനെയായിരിക്കുമെന്ന് ഞാന്‍ കരുതുന്നു.

ബ്രഹ്മത്തെ ധ്യാനിച്ചുകൊണ്ട് ഒരാള്‍
ഞാന്‍ എന്നു പറയുമ്പോള്‍
അത് നീ അല്ലാതാകുന്നില്ല.



















Tuesday, 9 February 2016

ശരീരത്തിന്റെ പുത്രനും ബോധത്തിന്റെ പിതാവും



ശുക്ലം മാത്രമല്ല; വാക്കുകളും ബീജത്തെ വഹിക്കുന്നു. ഒരാളുടെ ശുക്ലത്തിലൂടെ പ്രവഹിച്ച ബീജത്തില്‍ പിറന്നവന്‍ അയാളുടെ ശരീരത്തിന്റെ മാത്രം പുത്രനാണ്. ശരീരത്തില്‍ കുടികൊള്ളുന്ന ബോധമാണ് ഒരാളെ അയാളാക്കുന്നതെങ്കില്‍ ആരുടെ വാക്കുകളാണ് ഒരാളുടെ പുറന്തോടു പൊട്ടിച്ചത് അയാളാണ് അയാളുടെ ബോധത്തിന്റെ പിതാവ്.
ശുക്ലം ശരീരത്തിന്റെ ബീജത്തോടൊപ്പം ബോധത്തിന്റെ വിത്തുകളും വഹിക്കുന്നുണ്ടെങ്കില്‍ ബുദ്ധന്റെ മകന്‍ ബുദ്ധനും മോഹന്‍ദാസ് കരം ചന്ദ് ഗാന്ധിയുടെ മകന്‍ മോഹന്‍ദാസ് കരം ചന്ദ് ഗാന്ധിയും സോക്രട്ടീസിന്റെ മകന്‍ സോക്രട്ടീസും ആകേണ്ടതായിരുന്നു. ഇങ്ങനെ സംഭവിക്കാത്തിടത്തോളം ഓരോ ബോധത്തിനും മറ്റൊരു പിതാവുണ്ട്.
ബീജങ്ങളെ വഹിക്കുന്ന വാക്ക് വെറുംവാക്കല്ല, അത് സര്‍ഗ്ഗപരതയുടെ പര്‍വ്വതം വഹിക്കുന്നതും ആഴിയുടെ അഗാധതക്കുമപ്പുറം ആഴമുള്ളതുമാണ്. മഹാമൗനത്തിന്റെ ഗര്‍ഭപാത്രത്തില്‍ നിന്നാണത് പാകപ്പെടുന്നത്. ആ വാക്കുകളുടെ ഉറവിടമാണ് ഓരോ ബോധത്തിന്റെയും പിതാവ്. അവരിലൂടെ പിറക്കുന്ന പുത്രന്മാരിലൂടെ പിന്നെയും പിതാക്കന്മാര്‍ ജനിക്കുന്നു. പിന്നെയും പുത്രന്മാരുണ്ടാവുന്നു. ഒരുനാള്‍ എല്ലാ വാക്കുകളും ഒന്നായിത്തീരുന്നിടത്ത് വിസ്മയത്തോടെ വിനയാന്വിതനാവുമ്പോള്‍ നാം അറിയുന്നു; എല്ലാ പിതാക്കന്മാരും ഒരൊറ്റ പിതാവിന്റെ പുത്രന്മാരാണെന്നും അതിനാല്‍ എല്ലാ ബീജങ്ങളും ഒരേ ബീജത്തില്‍ നിന്നാണെന്നും...



Sunday, 1 February 2015

ഗാന്ധിയെ കൊന്നത് ഗോദ്‌സെ അല്ല


ഒരാള്‍ക്ക് മറ്റൊരാളെ അയാള്‍ക്കു വേണ്ടി കൊല്ലാനാവില്ല; 
എല്ലാ ധ്വംസനങ്ങളും മറ്റാര്‍ക്കോ വേണ്ടിയുള്ളതാണ്
അയാള്‍ തന്നെയാണ് മറ്റേയാള്‍ എന്ന അര്‍ത്ഥത്തില്‍ മാത്രമല്ല; ജര്‍മ്മന്‍ ഫിലോലോജിസ്റ്റ് ഫ്രെഡറിക് വില്‍ഹം നീഷേയുടെ മാനസീകാപഗ്രഥന പ്രകാരവും ഇത് ശരിയാണ്.  നീഷേ മനസിനെ മൂന്നായി വിഭജിക്കുന്നു. പൂര്‍വ്വമനസ്(പ്രീമൈന്‍ഡ്), സമഷ്ടി മനസ്(കളക്ടീവ് മൈന്റ്), വ്യഷ്ടി മനസ്(ഇന്‍ഡിവിജ്വല്‍ മൈന്റ്) എന്നിവയാണവ. ഇതില്‍ പൂര്‍വ്വമനസ് മനുഷ്യന്റെ പിറവിയോടൊപ്പം പിറക്കുന്നതാണ്. പേര് സൂചിപ്പിക്കുന്നതു പോലെ മനസിന് മുമ്പുള്ള മനസാണിത്.  എല്ലാ മനുഷ്യനിലും ഇത് ഒന്നാണെന്ന് മാത്രമല്ല തനതുമാണ്.  നമ്മള്‍ നിഷ്‌ക്കളങ്കത എന്ന് പറഞ്ഞ് പോരുന്നത് യഥാര്‍ത്ഥത്തില്‍ ഇതിനെ ആയിരിക്കാം. ഈ സിദ്ധാന്തപ്രകാരം കളങ്കരഹിതമായ ഏകതയാണ് എല്ലാ മനുഷ്യമനസിന്റെയും പ്രഥമ ഭാവമെന്നു വരുന്നു. അല്പം കൂടി വ്യക്തമാക്കിയാല്‍ ഏത് രാജ്യത്ത് പിറന്നാലും ഏതു മതത്തില്‍ ജനിച്ചാലും നമുക്ക് സ്വന്തമായി ഉള്ളത് ആ മനസ് മാത്രമാണ്.

ഇതിന് ശേഷം വരുന്ന മനസിനെ നീഷേ സമഷ്ടി മനസ് (കളക്ടീവ് മൈന്റ്) എന്നു വിളിക്കുന്നു.  പേര് സൂചിപ്പിക്കുന്നതു പോലെ കളക്ട് ചെയ്യപ്പെട്ടതോ കടം കൊണ്ടതോ ആയ ഒരു മനസാണിത്.  ജനിച്ച വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും വിഷം ചീറ്റുന്ന നേതാവിന്റെ നാവില്‍ നിന്നും പുസ്തകങ്ങളില്‍ നിന്നും നല്ല അധ്യാപകന്റെ മനസില്‍ നിന്നും ശേഖരിച്ചുണ്ടാക്കുന്ന മനസ്. ഇവിടെയാണ് നാം നാമല്ലാതായി തീരുന്നതും നമുക്ക് നമ്മെ കൈവിട്ടുപോകുന്നതും മറ്റാരുടെയോ ഉപകരണമാക്കപ്പെടുന്നതും. നാം മര്‍ദ്ദകനും മര്‍ദ്ദിതനും ആകാന്‍ തുടങ്ങുന്നതും മുസ്്‌ലിം ഭീകരവാദിയും ഹൈന്ദവ ഫാസിസ്റ്റുമായി വഴിപിരിയുന്നതും ഇവിടെ വച്ചാണ്. ലോകത്ത് 90 ശതമാനം പേരും സമഷ്ടി മനസുകാരാണെന്ന് നീഷേയുടെ പഠനം പറയുന്നു. അതിനര്‍ത്ഥം മറ്റുള്ളവരുടെ മനസു കൊണ്ട് ചിന്തിക്കുകയും അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയും അവര്‍ക്കുവേണ്ടി കൊല്ലുകയും ചെയ്യുന്നവരാണ്  അത്രയും ജനവിഭാഗങ്ങള്‍ എന്നാണ്.  ഇതിന്റെ സംക്ഷിപ്തമാണ്:
ഒരാള്‍ക്ക് മറ്റൊരാളെ അയാള്‍ക്കു വേണ്ടി കൊല്ലാനാവില്ല; 
എല്ലാ ധ്വംസനങ്ങളും മറ്റാര്‍ക്കോ വേണ്ടിയുള്ളതാണ്

ഈ മനസിനപ്പുറം പോകുന്നവരാണ് അവശേഷിക്കുന്ന പത്തു ശതമാനം. ഇവരെ വ്യഷ്ടി മനസുകാര്‍ എന്നു വിളിക്കുന്നു. ഈ മനസ് കടം കൊണ്ടതോ ശേഖരിക്കപ്പെട്ടതോ അല്ല. ആരുടെയും എച്ചില്‍ പാത്രമാവാന്‍ ഈ മനസിന് സാധ്യമല്ല. സമഷ്ടി മനസിനെതിരെയുള്ള കലാപത്തിലൂടെ ഒരുവന്റെ ഉള്ളില്‍ രൂപം കൊള്ളുന്ന പ്രതിഷേധമനസാണിത്. ഇവരാണ് ആജ്ഞാലംഘകരും വേറിട്ട ശബ്ദം കേള്‍പ്പിക്കുന്നവരും വിപ്ലവകാരികളും. തുരുത്തുകള്‍ പോലെ ജീവിക്കുന്ന ഇത്തരക്കാര്‍ കല്ലേറ് കൊള്ളാന്‍ വിധിക്കപ്പെട്ടവരും കൊല്ലപ്പെടാന്‍ യോഗ്യതയുള്ളവരുമാണ്.

  നീഷേ  അവസാനിപ്പിച്ചേടത്തു നിന്ന് ഓഷോ ആരംഭിക്കുന്നുണ്ട്. നീഷേയുടെ മൂന്ന് മനസിനോട് ഓഷോ രണ്ട് മനസിനെ കൂട്ടിച്ചേര്‍ക്കുന്നു. സാര്‍വ്വലൗകിയ മനസ്(യുനിവേഴ്‌സല്‍ മൈന്റ്), മനസിന് ശേഷമുള്ള മനസ്(ആഫ്റ്റര്‍ മൈന്റ്) എന്നിവയാണവ. സാര്‍വ്വലൗകീക മനസ് എല്ലാറ്റിനെയും സ്വീകരിക്കുന്ന  ആത്മീയ മനസാണ്.  ഈ വഴിക്കു ചിന്തിക്കുമ്പോള്‍ നിരീശ്വരവാദികളും വിപ്ലവകാരികളും ആത്മീയതയിലേക്ക് പ്രവേശിക്കുന്നതിന് പിന്നില്‍ വ്യഷ്ടിമനസില്‍ നിന്ന് സാര്‍വ്വലൗകീക മനസിലേക്കുള്ള വളര്‍ച്ചയാണോ എന്ന് സംശയിക്കാവുന്നതാണ്. ഓഷോ പറയുന്ന അഞ്ചാമത്തെ മനസ് മനസില്ലായ്മയാണ്. മനസെന്ന പിരമിഡിന്റെ കൂര്‍ത്ത അഗ്രത്തില്‍ നിന്നും മനസില്ലായ്മയുടെ ശൂന്യതയിലേക്കുള്ള എടുത്തു ചാട്ടം. ഈ മനസില്ലായ്മയെ നീഷേ പറഞ്ഞ ഒന്നാം മനസായ പൂര്‍വ്വ മനസിലേക്കുള്ള മടക്കമായി വായിക്കാവുന്നതാണ്. അതായത് മനസുണ്ടാവുന്നതിന് മുമ്പുള്ള അവസ്ഥയില്‍ നിന്ന് മനസിന് ശേഷമുള്ള അവസ്ഥയിലേക്കുള്ള ഈ പ്രയാണത്തിലൂടെ മനസിന്റെ വൃത്തം പൂര്‍ത്തിയാവുന്നു. മനസിന്റെ മടക്കയാത്രയെന്നും ഇതിനെ വിളിക്കാം.
ഇതിനിടയിലെ കടം കൊണ്ട ഏതോ എച്ചില്‍ മനസാണ് ഒരാളെ കൊണ്ട് മറ്റൊരാളെ കൊല്ലിക്കുന്നത്. അതിനാല്‍  മഹാത്മാ ഗാന്ധിയെ കൊന്നത് നാഥുറാം വിനായക് ഗോദസെ അല്ലെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.
അതായത്
ഒരാള്‍ക്ക് മറ്റൊരാളെ അയാള്‍ക്കു വേണ്ടി കൊല്ലാനാവില്ല; 
എല്ലാ ധ്വംസനങ്ങളും മറ്റാര്‍ക്കോ വേണ്ടിയുള്ളതാണ്

.

Wednesday, 12 November 2014

ഖബറടക്കാതിരിക്കുമ്പോള്‍



ചിലര്‍ വാ തുറക്കുമ്പോള്‍ നാറ്റം സഹിക്കാനാവില്ല.
അത് ഒരുമിച്ച് ജീവിക്കുന്നവരാണെങ്കില്‍ ജീവിതം തന്നെ ദുസ്സഹമായിരിക്കും. പറഞ്ഞുവരുന്നത് വായ്‌നാറ്റത്തെക്കുറിച്ചല്ല; വാക്കുകളുടെ നാറ്റത്തെക്കുറിച്ചാണ്. വാക്കുകള്‍ പിറവിയെടുക്കുന്നത് ചിന്തയില്‍ നിന്നാണ്. ചിന്ത ഉത്ഭവിക്കുന്നത് സ്മരണയില്‍ നിന്നും. അപ്പോള്‍ വാക്കുകള്‍ നാറുകയാണെങ്കില്‍ ചിന്ത മലിനപ്പെട്ടതായി മനസ്സിലാക്കണം. ചിന്തകള്‍ ജനിക്കുന്നത് സ്മരണയില്‍ നിന്നായതിനാല്‍ ചിന്ത മലിനപ്പെടണമെങ്കില്‍ സ്മരണയില്‍ ജഡമായതെന്തോ ചീഞ്ഞുനാറുന്നുണ്ടാവണം. അല്ലാതെ വാക്കുകള്‍ക്കു സ്വന്തമായി ഒരിക്കലും നാറാനാവില്ല.

സ്മരണ എന്നാല്‍ ഇന്നലെകളെക്കുറിച്ചുള്ളതാണ്. ഇന്നലെകളെന്നാല്‍ ഇന്നുകളുടെ ജഡങ്ങളാണ്. അപ്പോള്‍ സ്മരണയില്‍ ചീഞ്ഞുനാറുന്നത് ഇന്നലെകളാണ്, ഇന്നലെകളില്‍ കണ്ട കിനാവുകളുടെ മയ്യിത്തുകളാണ്. അപ്പോള്‍ സ്മരണ മാലിന്യമുക്തമാക്കി ചിന്തയുടെയും ചിന്തയിലൂടെ വെളിപ്പെടുന്ന വാക്കുകളുടെയും നാറ്റം ഇല്ലാതാക്കണമെങ്കില്‍ മരിച്ചുപോയ ഇന്നലെകളുടെ ഖബറടക്കം അനിവാര്യമാണ്. മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാന്‍ എത്രത്തോളം വൈകുന്നുവോ വാക്കുകളുടെ നാറ്റവും അത്രത്തോളം രൂക്ഷമായിരിക്കും.

ബുദ്ധന്‍ ഇവിടെയായിരിക്കുക എന്നും ജിദ്ദുകൃഷ്ണമൂര്‍ത്തി അറിഞ്ഞതില്‍ നിന്നുള്ള മോചനമെന്നും ഓഷോ മനസ്സാണ് ഓര്‍മ്മയെന്നും മനസ്സിനെ ഇല്ലാതാക്കിയാല്‍  വര്‍ത്തമാനത്തില്‍ ജീവിക്കാമെന്നും പറഞ്ഞതിലൂടെ ഉദ്ദേശിച്ചത് ഇന്നലെകളുടെ ഖബറടക്കം തന്നെയായിരുന്നു. ഖലീല്‍ ജിബ്രാന്റെ കുഴിവെട്ടുകാരന്‍ എന്ന കഥയില്‍ ജിബ്രാന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്ന ഭീകര രൂപം ജിബ്രാനോട് കുഴിവെട്ടുകാരനാവണമെന്നും തെരുവിലെ ജഡങ്ങളോരോന്നും കുഴിയിലിട്ട് മൂടണമെന്നും ഉപദേശിച്ചതിലൂടെ വ്യക്തമാക്കാന്‍ ശ്രമിച്ചതും മറ്റൊന്നല്ല.

പൗലോ കൗലോയുടെ ഫിഫ്ത്ത് മൗണ്ടന്‍ ഇത് അല്പം കൂടി കടന്നു പറയുന്നു. അസ്സീറിയന്‍ സൈന്യം യുദ്ധത്തില്‍ തകര്‍ത്ത അക്ബര്‍ നഗരത്തിന്റെ പുനര്‍നിര്‍മ്മാണം എലിയാ എന്ന പ്രവാചകന്‍ ആരംഭിക്കുന്നത് യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ തെരുവോരങ്ങളില്‍ നിന്നും സ്വയം ചുമന്നു കൊണ്ടുപോയി സംസ്‌ക്കരിച്ചു കൊണ്ടായിരുന്നു. ഇതിതെന്തിനാണെന്ന് നാട്ടുകാര്‍ ചോദിച്ചപ്പോള്‍ ജഡങ്ങള്‍ സംസ്‌ക്കരിക്കാന്‍ വൈകിയാല്‍ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നുപിടിക്കുമെന്നും  അങ്ങനെ അവശേഷിക്കുന്ന ജനം കൂടി നാമാവശേഷമാകുമെന്നും പിന്നീടൊരിക്കലും അക്ബറിന്റെ പുനര്‍നിര്‍മ്മാണം സാധ്യമാവില്ലെന്നും എലിയാ പറയുന്നു.  കൂടാതെ ജഡങ്ങള്‍ കൂട്ടിയിട്ട് കത്തിച്ച ചാരം വയലുകളില്‍ വിതറുകയും അത് പുതിയ കൃഷിക്ക് വളമാക്കി മാറ്റുകയും ചെയ്യുന്നു എലിയാ.

ഇന്നലെകളെ കുഴിച്ചുമൂടണമെന്ന ഇതുവരെ കേട്ടതില്‍ നിന്ന് അല്പം വ്യത്യസ്ഥമാണിത്. ഏതൊന്നിന്റെയും പുനര്‍നിര്‍മ്മാണം ആരംഭിക്കേണ്ടത് ഇന്നലെകളുടെ മൃതദേങ്ങള്‍ സംസ്‌ക്കരിച്ചുകൊണ്ടായിരിക്കണമെന്നും അതിന്റെ ചാരം നാളെകള്‍ക്ക് വളമാകണമെന്നുമാണ് പൗലോ പറയുന്നത്.
ബുദ്ധനും ജിദ്ദുവും ഓഷോയും പറഞ്ഞതിനെ മനസ്സിലാക്കാനും അംഗീകരിക്കാനും തയാറില്ലാത്തവര്‍ക്കു പോലും  പൗലോ പറഞ്ഞതിനോട് വിയോജിപ്പുണ്ടാവില്ല.

ഓരോ ശ്വാസത്തിന്റെയും പേരാണ് ജീവിതം. പാഴായിപ്പോകുന്ന ഓരോ നിമിഷവും ജീവിതമില്ലായ്മയാണ്. ഓരോ നിമിഷവും ഓരോ ശ്വാസവും അറിഞ്ഞ് അനുഭവിക്കാതെ വര്‍ത്തമാനത്തില്‍ ജീവിക്കാനാവില്ല. വര്‍ത്തമാനത്തില്‍ ജീവിക്കുന്ന ഒരാളില്‍ നിന്ന് പുറത്തുവരുന്ന ഒരു വാക്കിനു പോലും നാറ്റമുണ്ടാവില്ല.

വര്‍ത്തമാനത്തില്‍ ജീവിക്കുക എന്നാല്‍
സൂര്യനോടൊപ്പം ഉണരലാണ്,
സൂര്യനോടൊപ്പം ചലിക്കലാണ്,
എന്നാല്‍ സൂര്യനോടൊപ്പം ഉറങ്ങലല്ല;
സൂര്യന്‍ ഉറങ്ങുംനേരം ഉദിക്കുന്ന
നിലാവിനോടൊപ്പവും ഉണരലാണ്.

Saturday, 18 October 2014

ശീര്‍ഷകമെന്ന കയര്‍



ബന്്ധങ്ങള്‍ക്കായാലും സര്‍ഗ്ഗസൃഷ്ടികള്‍ക്കായാലും ശീര്‍ഷകം അനാവശ്യമോ ബാധ്യതയോ ആണ്. ചിലപ്പോഴെങ്കിലും അതിന്റെ ശത്രുവുമാണ്. ശീര്‍ഷകം ഒന്നിനെ അതിന്റെ കീഴില്‍ പിടിച്ചു കെട്ടുകയാണ് ചെയ്യുന്നത്. ഒറ്റമുഖം മാത്രമുള്ളതിന് രണ്ടാതൊരു മുഖമോ മാനമോ നല്‍കാന്‍  ശീര്‍ഷകങ്ങള്‍ക്ക് കഴിഞ്ഞേക്കാം. എന്നാല്‍ നിരവധി മാനങ്ങളുള്ള സൃഷ്ടികളെ സംബന്ധിച്ചിടത്തോളം അതിനെ ഒന്നോ രണ്ടോ വീക്ഷണ കോണുകളില്‍ തളച്ചിട്ട് ബഹുമുഖ വായന തടസ്സപ്പെടുത്തുകയാണ് ശീര്‍ഷകങ്ങള്‍ ചെയ്യുന്നത്. ഇത് ഒമര്‍ഖയ്യാം നേരത്തെ തിരിച്ചറിഞ്ഞതിനാലാവണം റുബയ്യാത്തിലെ 101 കവിതകള്‍ക്കും ശീര്‍ഷകമില്ലാതിരുന്നത്.
മനുഷ്യനും പലമുഖങ്ങളുള്ള സൃഷ്ടിയാണ്. അതിനാല്‍ മനുഷ്യബന്ധങ്ങളില്‍  ശീര്‍ഷകങ്ങള്‍ അതിര്‍ത്തികളും പരിധികളും പരിമിതികളുമാണ്. പരിമിതമല്ലാത്തതിനെ പരിമിതപ്പെടുത്തുകയാണ് ശീര്‍ഷകങ്ങള്‍ ചെയ്യുന്നത്. ആഴം കണക്കാക്കാനാവാത്ത ആഴിയുടേ അളവെഴുതുന്നതു പോലെയാണ്  ബന്ധങ്ങള്‍ക്ക് പേര് ചാര്‍ത്തുന്നത്.  സാമൂഹ്യ അച്ചടക്കത്തിന്റെയോ അടിച്ചമര്‍ത്തലിന്റെയോ ഭാഗമായി ചില ബന്ധങ്ങള്‍ക്ക് അത് ആവശ്യമാണെങ്കിലും പല ബന്ധങ്ങള്‍ക്കും ശീര്‍ഷകച്ചോട്ടില്‍ ഒതുങ്ങാനാവില്ല.  ബന്ധങ്ങളുടെ രസതന്ത്രവും ഊര്‍ജ്ജതന്ത്രവും ഉള്‍ക്കൊള്ളാന്‍ പര്യാപ്തമായ ശീര്‍ഷകങ്ങള്‍  ഭാഷയില്‍ ഉണ്ടാവണമെന്നുമില്ല. അതിനാല്‍ പല ബന്ധങ്ങളെയും നാം നിലവിലുള്ള ശീര്‍ഷകക്കുറ്റികളില്‍ പിടിച്ചുകെട്ടുകയാണ് പതിവ്.
 ഇത്തരം ശീര്‍ഷകങ്ങള്‍ ചിലപ്പോള്‍ യഥാര്‍ത്ഥ്യത്തിനടുത്ത് എത്താതിരിക്കുകയോ മറ്റുചിലപ്പോള്‍ യാഥാര്‍ത്ഥ്യത്തിനപ്പുറം പോവുകയോ ചെയ്യുന്നു. അവിടെ നഷ്ടപ്പെടുന്ന കൃത്യതയാണ് യാഥാര്‍ത്ഥ യാഥാര്‍ത്ഥ്യം. പല ബന്ധങ്ങളുടെയും ദുര്‍വായനകള്‍ ഉണ്ടാവുന്നത് ഇങ്ങനെയാണ്.  അതുകൊണ്ടു തന്നെ ഞാനും അവളും തമ്മിലുള്ള ബന്ധത്തെ പ്രണയമെന്ന് വിളിക്കുകയാണെങ്കില്‍ അത് ആ ബന്ധത്തെ തീരെ കുറച്ചുകാണലായിരിക്കുമെന്ന്  ഒരാള്‍ പറഞ്ഞാല്‍ ഞാന്‍ അതിനെ തീരെ അവിശ്വസിക്കില്ല.

Sunday, 12 October 2014

ചക്രവാളങ്ങളിലേക്ക് നോക്കുമ്പോള്‍



കാഴ്ചയിലും നോട്ടത്തിലും കാണുന്നത് ഒന്നല്ല. കാഴ്ച നോക്കാതെയും കാണലാണ്.  നോട്ടം ഒരുദ്ദേശത്തോടെ കാണലാണ്.  കാഴ്ചക്ക് പകരം നോട്ടം ശീലിക്കുമ്പോള്‍ നോട്ടം തന്നെ കാഴ്ചയാകുന്നു, കാഴ്ച തന്നെ നോട്ടമാകുന്നു. അതുവരെ നോക്കുന്നതാണ് കണ്ടുകൊകാണ്ടിരുന്നതെങ്കില്‍ കാഴ്ചയും നോട്ടവും ഒന്നാവുമ്പോള്‍ നോക്കാത്തതും കാണാനാവുന്നു.

പൗലോ കൗലോയുടെ വാല്‍കൈറീസ് വായിച്ചതില്‍ പിന്നെയാണ് ചക്രവാളങ്ങളിലേക്ക് നോക്കാന്‍ തുടങ്ങിയത്. അതുവരെ പത്തോ ഇരുപതോ അടി മാത്രമായിരുന്നു കാഴ്ചവട്ടം അല്ലെങ്കില്‍ നോട്ടവൃത്തം. ചക്രവാളങ്ങളിലേക്ക് നോക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഓരോ പ്രദേശവും പുതുതായി കാണുന്നതു പോലെ തോന്നുന്നു.  ഒരാള്‍ അയാള്‍ രാപ്പാര്‍ക്കുന്ന വീടിന്റെ ഉമ്മറത്തോ മുറ്റത്തോ നിന്ന് ചക്രവാളത്തിലേക്ക് ആദ്യമായി നോക്കുകയാണെങ്കില്‍ അയാള്‍ ആ  പ്രദേശം ആദ്യമായി കാണുക തന്നെയാണ്.  വര്‍ഷങ്ങളോളം താമസിച്ച ഇടങ്ങളിലൂടെ ചക്രവാളങ്ങളിലേക്ക് നോക്കിക്കൊണ്ട് ഒരിക്കല്‍ കൂടി പോവുകയാണെങ്കില്‍ അതെല്ലാം പുതിയ പുതിയ ഇടങ്ങളായി മാറുന്നു. പുറം നോട്ടങ്ങളുടെ ദൂരപരിധി കൂടുന്നതിനനുസരിച്ച് അകം കാഴ്ചകളുടെ ആഴവും വര്‍ദ്ധിക്കുന്നു.  കണ്ണുകള്‍  ചക്രവാളങ്ങള്‍ കാണാന്‍ തുടങ്ങുമ്പോള്‍  അകത്ത് മറ്റൊരു ചക്രവാളം രൂപംകൊള്ളുന്നു.

ആ ആപ്പിള്‍ വീണത് അവിടെ തന്നെയായിരിക്കണം




























എനിക്ക് വല്ല ബോധവുമുണ്ടെങ്കില്‍ അതില്‍ പലതും ഉണര്‍ന്നത് ശക്തിയോടെ വെള്ളംചാടുന്ന ഷവറിനു കീഴില്‍ കുളിച്ചു കൊണ്ടിരിക്കുമ്പോഴാണ്. ഇത് എന്തുകൊണ്ടാണെന്ന് ആലോചിച്ചുകൊണ്ടിരിക്കെയാണ്  ശ്രീ എം എന്നറിയപ്പെടുന്ന മുംതാസ് അലി ഖാന്റെ സ്‌നേഹസദസ്സില്‍ എത്തിപ്പെട്ടത്.
           മസ്തിഷ്‌ക്കത്തിന്റെ മധ്യത്തില്‍ കാണുന്ന അപ്പെന്റിക്‌സ് ആകൃതിയിലുള്ള പീനല്‍ ഗ്ലാന്റ് ആറാം ഇന്ദ്രിയമാണെന്നും അവിടെ ഏല്‍ക്കുന്ന ക്ഷതങ്ങള്‍ പഞ്ചേന്ദ്രിയങ്ങള്‍ക്കതീതമായ അറിവിനെ ഉണര്‍ത്തുമെന്നും അദ്ദേഹം പറയുകയുണ്ടായി. മനസ്സിനെ ശൂന്യമാക്കുന്ന ധ്യാനത്തിലൂടെയും ഭക്തിയിലൂടെയും പീനല്‍ ഗ്ലാന്റിനെ പ്രവര്‍ത്തനക്ഷമമാക്കാമെന്നും വിവേകാനന്ദന്‍ പറഞ്ഞ ബ്രഹ്മരന്ധ്രം ഇതായിരിക്കാമെന്നും എം പറയുന്നു. ന്യൂറോളജിസ്റ്റുകള്‍ നേരത്തെ ഇത്  അപ്പന്റിക്‌സ് പോലെ ഉപയോഗിമില്ലാത്ത എന്തോ ഒന്നാണെന്ന് ധാരണയിലായിരുന്നുവെന്നും ഇപ്പോള്‍ അതിന്റെ
പ്രയോജനം കണ്ടെത്തിയതായും അദ്ദേഹം വിശദീകരിക്കുന്നു.
 തലക്ക് ക്ഷതമേറ്റ സിവില്‍ എഞ്ചിയനിയര്‍  ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ആള്‍ജിബ്രയില്‍ അപാരമായ ജ്ഞാനവും വേഗതയും കണ്ട് അദ്ദേഹം സ്വയം അമ്പരന്നുപോയ കഥയും ഇതിന് ഉപോത്ബലകമായി എം പറയുകയുണ്ടായി.  അപ്പോള്‍ ഞാന്‍ ഓര്‍ത്തത് ഐസക് ന്യൂട്ടനെയാണ്. ആ ആപ്പിള്‍ അദ്ദേഹത്തിന്റെ പീനല്‍ ഗ്ലാന്റില്‍ തന്നെയായിരിക്കണം പതിച്ചിട്ടുണ്ടാവുക.
.

Sunday, 5 October 2014

പെയ്‌തൊഴിയാത്ത വീട്ടിലെ മഴ



എന്നും മഴ പെയ്യുന്ന വീട്ടില്‍ ജനിച്ചതിനാലാവണം അന്നേ മനസ്സില്‍ മഴയുടെ നിറം കറുപ്പായിരുന്നു. മഴയോട് വെറുപ്പായിരുന്നു. പുറത്തെ മഴ അകത്തെ മഴയില്‍ നിന്ന് ഇറങ്ങിയോടുന്നതില്‍ നിന്ന് ഒരു കയറുപോലെ എന്നെ കെട്ടിയിട്ടു. പക്ഷെ അകത്തും പുറത്തും മദിച്ചു പെയ്യുന്ന മഴയില്‍ നിന്നാവണം ഒരു ഇളംവെയിലിനെക്കുറിച്ചുള്ള സ്വപ്നം മനസ്സില്‍ മുളച്ചിട്ടുണ്ടാവുക.

അന്ന് വീടിനും സ്‌കൂളിനുമിടക്ക്  പാലമില്ലാത്ത ഒരു തോടും കടലുപോലുള്ള ഒരു വയലുമുണ്ടായിരുന്നു. സ്‌കൂളില്‍ അയക്കാന്‍ തീരെ താല്പര്യമില്ലാത്ത വീടാണ്.  തോടും വയലും അവരുടെ ആഗ്രഹം പോലെ നിലകൊണ്ടു. അതിനൊപ്പം മഴയും കൂടി പെയ്തപ്പോള്‍ എന്റെ വെയില്‍ നനയാനുള്ള മോഹം എന്നെന്നേക്കുമായി അവസാനിക്കുകയാണെന്നു തോന്നി.

എന്നാല്‍ മഴ പെയ്തു തോര്‍ന്ന ഒരു വൈകുന്നേരം കാവുന്താഴ എല്‍പി സ്‌കൂള്‍ മാനേജരും ഹെഡ്മാസ്റ്റരുമായ കരുണന്‍ മാഷ് പാത്തൂന്ന് നീട്ടിവിളിച്ച് കണ്ടികയറി വന്നു. അപ്പോഴും ഓലയും പുല്ലും മേഞ്ഞ മേല്‍ക്കൂരയില്‍ നിന്ന് പുറത്തേക്കുന്തിയ ഓലക്കാലിലൂടെ ഇറവെള്ളം ഉറ്റിവീണുകൊണ്ടിരുന്നു.  ഉമ്മ കോലായിലേക്കിറങ്ങി നിന്നു മാഷെന്താ വന്നേ എന്നു തിരക്കി. സ്‌കൂള്‍ തുറന്നകാര്യം മാഷ് അറിയിച്ചു. എന്നെ സ്‌കൂളിലയക്കാന്‍ മാഷ് നിര്‍ബന്ധിക്കുന്നത് മണ്ണും ചാണകവും തേച്ച തറയിലിരുന്ന് തുണ്ട് കടലാസില്‍ എന്തോ കോറിയിട്ടുകൊണ്ടിരുന്ന ഞാന്‍ പ്രതീക്ഷയോടെ കേട്ടു. മഴയും തോടും വയലും തടസ്സം ചൂണ്ടിക്കാട്ടി എന്നെ സ്‌കൂളില്‍ അയക്കില്ലെന്ന് ഉമ്മ തീര്‍ത്തു പറഞ്ഞു. എന്റെ ഗ്രാമത്തില്‍ ഫോണുള്ള ഏക വീട് കരുണന്‍ മാഷിന്റേതാണ്. പൂനെയില്‍ നിന്ന് ആറ്റയും മൈസൂരില്‍ നിന്ന് മൂത്തമ്മയും ഇടക്ക് വിളിക്കാറുള്ളത് അവിടെയാണ്. അതോര്‍ത്തിട്ടാവണം ഒടുവില്‍ ഉമ്മ ഒരു ചെറിയ ഭേദഗതിക്ക് തയാറായി. മഴക്കാലം കഴിഞ്ഞാല്‍ അയക്കാമെന്നായിരുന്നു ആ അര്‍ദ്ധസമ്മതം.

പക്ഷെ അതിന് കരുണന്‍ മാഷ് വഴങ്ങിയില്ല, അപ്പോഴേക്കും ഉമ്മാമ ആടിനെയും മേയ്ച്ച് തിരിച്ചു വന്നു. മൂന്നു പെണ്‍മക്കള്‍ക്കും കൂടി ആകെയുള്ള ഏക സന്താനമാണ് ഞാന്‍. പാറാപ്പള്ളിയിലേക്കും പഴയ പള്ളിയിലേക്കും നേര്‍ന്ന നേര്‍ച്ചകളുടെ ഫലമായി ജനിച്ചതാണ്, അതും ആണ്‍ തരി. ഹെന്റെ അറ്റക്കപ്പള്ളി ഔലിയാ എന്ന നിലവിളിയോടെ ആടിനെ ആലയില്‍ കെട്ടി ഉമ്മാമ പ്രശ്‌നത്തില്‍ ഇടപെട്ട് ഓനെ ഇസ്‌കോളില്‍ അയക്കൂലാന്ന് തീര്‍ത്ത് പറഞ്ഞു.  അവസാനത്തെ ആണി പോലെ അതെന്റെ മനസ്സില്‍ ആഞ്ഞു തറച്ചു. എന്നാല്‍  പ്രായമായ ഉമ്മാമാനെ കണ്ടപ്പോള്‍ ന്യൂട്ടന്റെ തലയില്‍ ആപ്പിള്‍ വീണപ്പോള്‍ ഉണ്ടായതു പോലെ എന്തോ ഒന്ന് കരുണന്‍ മാഷിന്റെ തലയില്‍ മിന്നിക്കാണണം. വാര്‍ദ്ധക്യകാല പെന്‍ഷന്‍ കിട്ടാറുണ്ടോ ഉമ്മാ എന്ന് മാഷ് ചോദിച്ചു. ഇല്ലെന്ന് ഉമ്മാമ പറഞ്ഞു. അങ്ങനെ മാഷ് അത് ശരിയാക്കാമെന്നേറ്റു. പിന്നെ അവര്‍ കൂടുതല്‍ വാശി കാണിച്ചില്ല. അങ്ങനെ തോടിനു മുകളിലെ ഒറ്റത്തെങ്ങിന്റെ പാലം ഞാണിന്മേല്‍ കളിപോലെ കടന്ന്, പാടവരമ്പിലൂടെ നടന്ന് ഇടവഴി താണ്ടി കുന്നുകയറി  സ്‌കൂളിലെത്തി. കാലമേറെ കഴിഞ്ഞപ്പോഴാണ് കരുണന്‍മാഷിന്റെ ആഗമനത്തിന്റെ മറ്റൊരു പൊരുള്‍ എനിക്കു മനസ്സിലായത്. അന്ന് മുതല്‍ എഇഒ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ എനിക്ക് വലിയ ബഹുമാനമാണ്.

സ്‌കൂളില്‍ പോകാന്‍ തുടങ്ങിയെങ്കിലും മഴ പിന്നെയും ദു:ഖങ്ങള്‍ പെയ്തുകൊണ്ടിരുന്നു. വീട്ടിലെ ചെറിയ ചെറിയ പ്രശ്‌നങ്ങളില്‍ പോലും സ്‌കൂളില്‍ അയക്കില്ലെന്ന ഭീഷണിയുടെ ഇടിവെട്ടുകള്‍ മുഴങ്ങിക്കൊണ്ടിരുന്നു.  ഉമ്മ പെയ്യുന്ന ദിവസങ്ങളില്‍ എന്റെ പുസ്തകക്കെട്ടുകള്‍ ഇട്ടമ്മലെ തെങ്ങിന്‍ ചുവട്ടില്‍ മഴ നനഞ്ഞുകൊണ്ടിരുന്നു.

Friday, 26 September 2014

അമര്‍ത്തിവെക്കുന്നവര്‍ ആദരിക്കപ്പെടുമ്പോള്‍



അമര്‍ത്തിവെക്കാത്തവര്‍ നിന്ദിക്കപ്പെടുകയും വെറുക്കപ്പെടുകയും ചെയ്യാത്ത കാലം എന്റെ  സ്വപ്‌നമാണ്. മനുഷ്യനെ മനുഷ്യനായി കാണാനാവുന്ന ആ കാലത്ത് അകവും പുറവും രണ്ടായിരിക്കുകയില്ല. അന്ന് ജീവിതമില്ലായ്മയെ ആരും ജീവിതമെന്ന് തെറ്റിദ്ധരിക്കുകയുമില്ല.

മതത്തിലോ രാഷ്ട്രീയത്തിലോ മാത്രമല്ല; സമൂഹം തന്നെ ഇന്ന് അമര്‍ത്തിവെക്കുന്നവരുടെ കമ്യൂണായി മാറിയിരിക്കുന്നു. സഹജമായ വിചാരങ്ങളും വികാരങ്ങളും ആവിഷ്‌ക്കരിക്കപ്പെടാതിരിക്കുക മാത്രമല്ല; അതിനെ അമര്‍ത്തിവെക്കുകയോ കുഴിച്ചുമൂടുകയോ ചെയ്യേണ്ടിവരുമ്പോള്‍ പകരം കൃത്രിമമായ വ്യക്തി നിര്‍മ്മിക്കപ്പെടുന്നു.  ഇതാണ് ഞാന്‍ എന്ന് സ്ഥാപിക്കുകയും വിശ്വസിപ്പിക്കുകയും ചെയ്യുന്നു. ഭൂരിഭാഗവും ഇങ്ങനെ ചെയ്യുന്നതിനാല്‍ ആര്‍ക്കും ആരെയും തിരിച്ചറിയാനോ കുറ്റപ്പെടുത്താനോ സാധ്യമല്ലാതായി തീര്‍ന്നിരിക്കുന്നു. ഇക്കൂട്ടത്തില്‍ ഏറ്റവും നല്ല നാട്യക്കാരന്‍ ഉയര്‍ന്ന സ്ഥാനത്തെത്തുന്നു.  ഒരുവന്‍ അവനെ നന്നായി അമര്‍ത്തിവെക്കുമ്പോള്‍ ആദരിക്കപ്പെടുകയോ വാഴ്ത്തപ്പെടുകയോ ചെയ്യുന്നു.

അമര്‍ത്തിവെക്കുന്നതു കൊണ്ട് ഒന്നും ഇല്ലാതാകുന്നില്ലെന്നു മാത്രമല്ല; അതിന്റെ ശക്തി വര്‍ദ്ധിക്കുകയുമാണ്.  കുഴിച്ചിട്ട പഴങ്ങള്‍ വീഞ്ഞായി മാറുന്നതും പഴക്കം കൂടുന്നതിനനുസരിച്ച് അതിന്റെ വീര്യം വര്‍ദ്ധിക്കുന്നതും സാധാരണം. പഴം വീഞ്ഞാകുന്നതു പോലെ വികാരങ്ങളും വിചാരങ്ങളും വിനാശകരമായ മറ്റെന്തെങ്കിലുമായി രൂപാന്തരപ്പെട്ടുകൂടെന്നുമില്ല. ഭ്രാന്തു പോലും അതിന്റെ പരിവര്‍ത്തിത രൂപമാവാം. അമര്‍ത്തിവെക്കപ്പെട്ടവ വേലി ചാടുന്നത് എപ്പോഴാണെന്ന് അമര്‍ത്തിവച്ചവനു പോലും അറിയാനുമാവില്ല. വിമാനത്തില്‍ നിന്നാവാം ആശ്രമത്തില്‍ നിന്നാവാം സെക്രട്ടറിയേറ്റില്‍ നിന്നോ പ്രസവവാര്‍ഡില്‍ നിന്നോ മോര്‍ച്ചറിയില്‍ നിന്നോ ആവാം അതിന്റെ പുറന്തള്ളല്‍. അതിനാല്‍ ഓരോ ബലാത്സംഗങ്ങളെയും ഓരോ സ്‌ഫോടനങ്ങളെന്ന് വിശേഷിപ്പിക്കാവുന്നതാണ്. വെടിവെപ്പുകളും കലാപങ്ങളും കൂട്ടക്കൊലകളും ഇതിന്റെ സാമൂഹ്യ രൂപങ്ങളായിരിക്കാം. അതിനാല്‍ കലാപങ്ങളെ സാമൂഹ്യബലാത്സംഗങ്ങളെന്നും വിളിക്കാം.

പറഞ്ഞുപഴകിയ കാര്യങ്ങള്‍ പിന്നെയും പറയേണ്ടിവരുന്നത്  അമര്‍ത്തിവെക്കാത്തവര്‍ നിന്ദിക്കപ്പെടുകയും വെറുക്കപ്പെടുകയും ചെയ്യുന്നത് തിരച്ചറിയപ്പെടണം എന്ന ആഗ്രഹത്താലാണ്. തോന്നുന്നത് പറയുന്നവരും അകത്തുള്ളത് പുറത്ത് പ്രകടിപ്പിക്കുന്നവരും ഇന്ന് എവിടെയും അധ:കൃതരും മൃഗീയ ന്യൂനപക്ഷവുമാണ്. കുടുംബത്തിലും തൊഴിലിടങ്ങളിലും ഇവര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നു. രാഷ്ട്രീയത്തിലും കാണാം ഇത്തരക്കാരെ. ഇസ്തിരിയിട്ട പെരുമാറ്റവും ചായം മുക്കിയ വാക്കുകളും ഇവര്‍ക്കുണ്ടാവുകയില്ല. മസ്തിഷ്‌ക്കം പണയപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ സ്വന്തമായ അഭിപ്രായമുണ്ടാവും. ഇന്ദ്രിയങ്ങളെ പിടിച്ചുകെട്ടാന്‍ ആരെയും അനുവദിക്കാത്തതിനാല്‍  സാഹചര്യങ്ങളോട് പ്രതികരിക്കും.  ഉഗ്രസ്‌ഫോടനത്തിനായി ഒന്നും അമര്‍ത്തിവെക്കാത്തതിനാല്‍ ഇവരുടെ ഓരോ വാക്കിലും ചെറിയചെറിയ പൊട്ടാസുകള്‍ പൊട്ടിക്കൊണ്ടിരിക്കും. ലാഭനഷ്ടങ്ങളെക്കുറിച്ച് ചിന്തിക്കാത്തതിനാല്‍ ഇവര്‍ പക്വതയില്ലാത്തവരായും അറിയപ്പെടും. ഉപഗ്രങ്ങളായി മാറാന്‍ മനസ്സില്ലാത്തതിനാലും ഗ്രഹമായി മാറാന്‍ ആഗ്രഹമില്ലാത്തതിനാലും അവര്‍ അതേ കസേരയില്‍ തന്നെ ഇരിക്കും.

ജീവിതം ഒരു ശാരീരിക പ്രക്രിയ അല്ലാത്തതിനാല്‍ ഇവരാണ് യഥാര്‍ത്ഥത്തില്‍ ജീവിച്ചിരിക്കുന്നവരെന്ന് തോന്നുന്നു. അതുകൊണ്ടായിരിക്കാം മരവിച്ചവരുടെ കൂട്ടങ്ങള്‍ക്ക് ഇവര്‍ ഒരു അലോസരമായി അനുഭവപ്പെടുന്നത്.

Thursday, 11 September 2014

ഗര്‍ഭിണിയുടെ പുല്ലിംഗം



പുരുഷനും ഗര്‍ഭം ധരിക്കുന്നുണ്ട്; ആത്മാവിന്റെ വിത്തുകളെ. മേഘങ്ങള്‍ നദികളെയും കാറ്റ് പൂക്കളെയും പൂക്കള്‍ വിത്തുകളെയും ഗര്‍ഭം ധരിക്കുന്നതു പോലെ...

അപ്പോള്‍ ആരായിരിക്കണം പുരുഷനെ ഗര്‍ഭിണിയുടെ പുല്ലിംഗമാക്കുന്നത്? ജനിമൃതികളില്ലാത്ത ആത്മാവുകളുടെ അക്ഷയ ഖനിയായ പ്രകൃതി തന്നെയായിരിക്കാം അത്. മണ്ണിലൂടെ കാറ്റിലൂടെ പ്രകാശത്തിലൂടെ സഞ്ചരിക്കുന്ന ആത്മാവുകള്‍ കായും കനിയും ധാന്യങ്ങളും വഴിയായിരിക്കണം പുരുഷനെ ഗര്‍ഭം ധരിപ്പിക്കുന്നത്. അപ്പോള്‍ വിശപ്പ് ആത്മാവിന്റെ വിത്തുകള്‍ക്കായുള്ള മറ്റൊരു കാമമായിരിക്കാം; ഭോജനം മറ്റൊരു രതിയും.

 രക്തമായി മാറിയ ആ കായ്കനികളില്‍ നിന്നും ആത്മാവിന്റെ വിത്തുകള്‍  വേര്‍തിരിക്കപ്പെട്ടു കഴിയുമ്പോള്‍ വിളനിലത്തിനു വേണ്ടിയുള്ള വിത്തിന്റെയും വിത്തിന് വേണ്ടിയുള്ള വിളനിലത്തിന്റെയും നിലവിളിയല്ല കാമമെന്ന് പറയാനാവുമോ? വിതക്ക് തയാറായ വിത്തുകള്‍ക്ക് അതിന്റെ വിളനിലം കാണുമ്പോഴും  ഫലഭൂയിഷ്ടമായ വിളനിലത്തിന് വിത്തുള്ള  വിതക്കാരനെ കാണുമ്പോഴും ഉണ്ടാവുന്ന പ്രകമ്പനമല്ല പ്രണയമെന്നു പറയാനാവുമോ..?

       അങ്ങനെയാണെങ്കില്‍ ആത്മാവിന്റെ എത്രയെത്ര വിത്തുകളാണ് വിളനിലമില്ലാതെ വിത കാത്തിരിക്കുന്നത്. എത്രയെത്ര വിളനിലങ്ങളാണ് വിത്തില്ലാതെ, വിതക്കാരനില്ലാതെ ഊഷരമാകുന്നത്..? ബീജങ്ങളെ മലിനസ്ഥലികളില്‍ പോലും  ഒഴുക്കിക്കളയുന്നവര്‍ അറിയുന്നുണ്ടോ അവ ആത്മാവിന്റെ വിത്തുകളാണെന്ന്..? 

അപ്പോള്‍ ആത്മാവുകള്‍ക്ക് അതിന്റെ  വിളനിലത്തിലേക്ക് പ്രവേശനം നിഷേധിക്കുന്നതും വിളനിലത്തിന് വിത്തുകളെ നിഷേധിക്കുന്നതും ആത്മാവിന്റെ വഴികളെ തടസ്സപ്പെടുത്തലല്ലാതെ മറ്റെന്താണ്? ദൈവം പ്രകൃതിയും പ്രകൃതി ആത്മാവുമാവുമ്പോള്‍ ഇതിനെ പ്രകൃതി വരുദ്ധമെന്നോ ദൈവത്തോടുള്ള യുദ്ധമെന്നോ വിശേഷിപ്പിക്കാമെന്ന് തോന്നുന്നു. അതേസമയം അതിക്രമിച്ചു കയറിയുള്ള വിത  പ്രകൃതിവരുദ്ധം മാത്രമല്ല; ക്രൂരവുമാണ്.

Tuesday, 2 September 2014

മരണാനന്തരം ചില സാധ്യതകള്‍...



''ഞാന്‍ നിങ്ങളിലേക്ക് മടങ്ങിവരുമെന്നത് മറക്കരുത്.
അല്പകാലം കഴിയുമ്പോള്‍
കാറ്റില്‍ ഒരു നിമിഷത്തെ  വിശ്രമത്തിനു ശേഷം,
വെറൊരു സ്ത്രീ എന്നെ ഗര്‍ഭത്തില്‍ വഹിക്കും''
ഖലീല്‍ ജിബ്രാന്റെ  'പ്രവാചകന്‍'  അവസാനിക്കുന്നത് ഇങ്ങനെയാണ്.

ഇതില്‍ നിന്ന് ആരംഭിക്കുമ്പോള്‍ ഒരാളും ഇവിടെ ആദ്യമായി വന്നവരല്ല. മുമ്പ് വന്നിട്ടുള്ളവരോ ഇനിയും വരാനിരിക്കുന്നവരോ ആണ്. അല്ലെങ്കില്‍ ആരും പുതുതായി വരികയോ പോവുകയോ ചെയ്യുന്നില്ല. മക്കള്‍ മാതാപിതാക്കളായും മാതാപിതാക്കള്‍ മക്കളായും വേട്ടക്കാരന്‍ ഇരയായും ഇര വേട്ടക്കാരനായും വീണ്ടും എത്തിച്ചേരാനുള്ള സാധ്യതയും ഇതിലുണ്ട്. ഞാനോ നിങ്ങളോ മാത്രമല്ല ക്രിസ്തുവും യൂദാസും ബുദ്ധനും മാര്‍ക്‌സും അഡോള്‍ഫ് ഹിറ്റ്‌ലറും ഒമര്‍ ഖയ്യാമും ഖലീല്‍ ജിബ്രാനുമെല്ലാം  ഈ മണ്ണിലൂടെ  പലവട്ടം കടന്നുപോകേണ്ടതുണ്ട്.  ഒരേ കാര്യം പറഞ്ഞ് ചിലര്‍ ഇതിലെ കടന്നു പോയിട്ടുണ്ട്. അവരെല്ലാം ഒരേ ആള്‍ തന്നെ ആയിരുന്നില്ലെന്ന് ആരറിഞ്ഞു? അതായത് ലാവോത്സു തന്നെയല്ലേ ബുദ്ധനും ബുദ്ധന്‍ തന്നെയല്ലേ ക്രിസ്തുവും ക്രിസ്തു തന്നെയല്ലേ മാര്‍ക്‌സും? അപ്പോള്‍ യൂദാസും ഹിറ്റ്‌ലറും പിന്നീട് ഏതു പേരിലായിരിക്കും ഏതു രാജ്യത്തായിരിക്കും വന്നിട്ടുണ്ടാവുക? വരാനിരിക്കുന്നത്..?

   പനിനീര്‍ ചെടിയുടെ മുള്ളുകള്‍ നിറഞ്ഞ ഇളം തണ്ടിലൂടെ മനോഹരവും തണ്ടിനേക്കാള്‍ എത്രയോ മടങ്ങ് വലിപ്പമുള്ളതുമായ പനിനീര്‍ പൂവ് വിരിയുന്നത് നാം കാണുന്നുണ്ട്. സ്വാദിഷ്ടമായ പഴങ്ങളും ധാന്യങ്ങളും ഉണ്ടാവുന്നതും അതുപോലെ തന്നെ. മണ്ണില്‍ നിന്നും പ്രകാശത്തില്‍ നിന്നും കാറ്റില്‍ നിന്നുമാണവ പിറവി കൊള്ളുന്നത്. വെളിച്ചവും കാറ്റുമില്ലാത്ത ഒരിടത്ത് ഒരു ചട്ടിയില്‍ വച്ച ഒരു ചെടി പൂക്കുകയോ കായ്ക്കുകയോ ചെയ്യാതിരിക്കുമ്പോള്‍ കാറ്റും വെളിച്ചവും നിറഞ്ഞ പ്രകൃതിയാണ് പൂക്കളെയും ഫലങ്ങളെയും വഹിക്കുന്നതെന്ന്, ജനിപ്പിക്കുന്നതെന്ന് നാമറിയുന്നു. അങ്ങനെയാണെങ്കില്‍ എന്തു കൊണ്ട് കാറ്റിന്, പ്രകൃതിക്ക് ആത്മാവിനെ വഹിച്ചുകൂടാ? പൗലോ കൗലോയുടെ വാള്‍ക്കൈറീസില്‍ അപരിമേയമായ ആകാശത്തില്‍ നീ എന്താണ് കാണുന്നതെന്ന്  ജെ എന്ന ഗുരു ചോദിച്ചപ്പോള്‍ ശിഷ്യനായ പൗലോ പറഞ്ഞു; മേഘങ്ങളെയെന്ന്. അപ്പോള്‍ ജെ തിരുത്തുന്നു; നദികളുടെ ആത്മാവാണ് നീ കാണുന്നതെന്ന്.  അപ്പോള്‍ കാറ്റില്‍ ഒരു നിമിഷത്തെ  വിശ്രമത്തിനു ശേഷം,  വെറൊരു സ്ത്രീ എന്നെ ഗര്‍ഭത്തില്‍ വഹിക്കുമെന്ന് ജിബ്രാന്‍ പറഞ്ഞതിനെ എങ്ങനെ അവിശ്വസിക്കും?

ശ്വാസം നിലക്കുമ്പോളാണ് ഒരാള്‍ മരിക്കുന്നത്, അല്ലെങ്കില്‍ മരിക്കുമ്പോഴാണ് ശ്വാസം നിലക്കുന്നത്. ശ്വാസം കാറ്റാണെന്നാണ് ഇതിനര്‍ത്ഥം. അങ്ങനെയാവുമ്പോള്‍ കാറ്റ് തന്നെയാകുന്നു ജീവന്‍, ജീവന്‍ തന്നെയാകുന്നു ആത്മാവ്.  ഒരാള്‍ മരിക്കുമ്പോള്‍ ആത്മാവ് കാറ്റില്‍ ലയിക്കുന്നു എന്നതിനെ കാറ്റ് കാറ്റില്‍ ലയിക്കുന്നു എന്നും പറയാം; ഒരു നദി അതിന്റെ ലക്ഷ്യമായ സമുദ്രത്തില്‍ എത്തിച്ചേരുന്നതു പോലെ. ഒരു വൃത്തം പൂര്‍ണ്ണമാവുന്നതു പോലെ...ഒരു ചക്രം കറങ്ങുന്നതു പോലെ...

       ജിബ്രാന്‍ പറഞ്ഞതു പോലെ കാറ്റില്‍ ഒരു നിമിഷത്തെ വിശ്രമത്തിന് ശേഷം ജീവനെ, ആത്മാവിനെ വേറൊരു സ്ത്രീ ഗര്‍ഭത്തില്‍ വഹിക്കണമെങ്കില്‍ അതിനുമുമ്പ് മറ്റൊരു പുരുഷന്‍ അതിനെ ബീജത്തില്‍ വഹിക്കേണ്ടതുണ്ട്. ബീജം ഉണ്ടാവുന്നതാകട്ടെ രക്തത്തില്‍ നിന്ന,് രക്തം ഉണ്ടാകുന്നതോ ഭക്ഷണത്തില്‍ നിന്നും. ഭക്ഷണം ഉണ്ടാകുന്നത് കാറ്റും മഴയും വെളിച്ചവും ചൂടും തണുപ്പും നിറഞ്ഞ പ്രകൃതിയില്‍ നിന്ന്.
 ഇത് കേള്‍ക്കുമ്പോള്‍ ആരെങ്കിലും ചോദിച്ചേക്കാം, ആത്മാവ് പ്രകൃതിയിലൂടെ, ഭക്ഷണത്തിലൂടെ, ശരീരത്തില്‍ പ്രവേശിച്ച് രക്തത്തിലലിഞ്ഞ് ബീജമായി രൂപാന്തരപ്പെടുകയാണെങ്കില്‍ പുരുഷനുമായുള്ള രതി കൂടാതെ  സ്ത്രീ എന്തുകൊണ്ട് ഗര്‍ഭിണിയാവുന്നില്ലെന്ന്. അവരോട് ഞാന്‍ പറയും; കാറ്റ് സുഷിരങ്ങളോടുകൂടിയ  ഒരു മുളന്തണ്ടിലൂടെ പ്രവേശിച്ച് പുറത്ത് കടക്കുമ്പോള്‍ മാത്രമാണ് വേണുഗാനം ഉണ്ടാവുന്നതെന്ന്.

         എനിക്കു തോന്നുന്നു, മരണശേഷം ആത്മാവിന് എന്തു സംഭവിക്കുന്നു എന്ന ചോദ്യത്തിനുള്ള ഒരു നല്ല ഉത്തരമാണിതെന്ന്.  ആത്മാവിന്റെ വഴികള്‍ ഇങ്ങനെ അനാവൃതമാവുമ്പോഴും പലതും അറിയാന്‍ അവശേഷിക്കുന്നുണ്ട്   . ഞാനും നിങ്ങളും ആരായിരുന്നു.. ഏതു ഭൂഖണ്ഡത്തില്‍....ആരുടെ ഗര്‍ഭപാത്രത്തില്‍..? ഇനിയും എത്ര ജന്മങ്ങള്‍...ജന്മാന്തരങ്ങള്‍...

ചില മുന്‍കൂര്‍ ജാമ്യങ്ങള്‍:
1. ഇത് എന്റെ വിശ്വാസമല്ല; എന്നാല്‍ സാധ്യതകളാണ്.
2. വായിക്കുന്നവര്‍ വിശ്വസിക്കരുത്
3. വിധിക്കാന്‍ ആരും ആരുമല്ല

Tuesday, 19 August 2014

ചിന്തിക്കാത്തവര്‍ ചിന്തിക്കാതിരിക്കട്ടെ



വാതത്തിന് കുറുന്തോട്ടിക്ക് പകരം
ആടലോടകം കൊണ്ട് പ്രയോജനമില്ല,
താളിയുണ്ടാക്കാന്‍ ചെമ്പരത്തിയും
കഫക്കെട്ടിന് തുളസിയും തന്നെ വേണം.

ചിന്തിക്കാത്തവനെ ആരും ചിന്തിപ്പിക്കരുത്. ചിന്തിക്കുന്നവനെ ചിന്തിക്കാന്‍ അനുവദിക്കാതിരിക്കുകയുമരുത്. കാരണം ചിന്തിക്കുന്നവനെ പോലെ തന്നെ ഈ പ്രപഞ്ചത്തിന് അനിവാര്യവും പ്രിയപ്പെട്ടതുമാണ് ചിന്തിക്കാത്തവനും. കുറുന്തോട്ടിയേക്കാള്‍ മേന്മയുള്ളത് തുളസിക്കാണെന്നോ തെച്ചിയേക്കാള്‍ മഹത്തരം ചെമ്പരത്തിയാണെന്നോ പറയാനാവാത്തതു പോലെ ഓരോന്നിനും ഓരോ നിയോഗമുണ്ട്. പ്രയോജനമില്ലാത്ത ഒന്നും പ്രപഞ്ചത്തിലില്ല. യാതൊരു മണവുമില്ലാത്ത നാസുനാ പൂക്കള്‍ പോലും വിരിയുകയും കൊഴിയുകയും ചെയ്തുകൊണ്ടെയിരിക്കുന്നു. അപ്പോള്‍ അതിനും ഇവിടെ എന്തോ കൃത്യം നിര്‍വ്വഹിക്കാനുണ്ടെന്ന് ഉറപ്പാണ്. ഇത് തിരിച്ചറിയാത്തതു കൊണ്ടാണ് നാം അതിനെ നിരന്തരം അവഹേളിക്കുന്നത്.

ചിന്തയെന്നാല്‍ എന്താണെന്നറിയില്ലെങ്കിലും ചിന്തിക്കാത്തവരായി ആരുമില്ല, ചിന്തിക്കുക എന്നത് അത്ര മഹത്തരവുമല്ല. കാരണം ചിന്തിച്ചവരൊക്കെ ഒടുവില്‍ ചിന്തിക്കാതിരിക്കാന്‍ ചിന്തിച്ചിട്ടുണ്ട്. എങ്കിലും മിക്ക പ്രഭാഷണങ്ങളും എഴുത്തും ചിന്തിക്കാത്തവരെ ചിന്തിപ്പിക്കാനും അന്വേഷിക്കാത്തവരെ അന്വേഷിപ്പിക്കാനും ലക്ഷ്യം വച്ചുള്ളതാണ്. മനുഷ്യരെ നന്നാക്കാനും സദാചാരം പഠിപ്പിക്കാനും ഇറങ്ങിപ്പുറപ്പെട്ട ചിലരുമുണ്ട് അക്കൂട്ടത്തില്‍. ചിന്തിക്കുന്നവനും ചിന്തിക്കാത്തവനും അന്വേഷിക്കുന്നവനും അന്വേഷിക്കാത്തവനും സദാചാരമുള്ളവനും അതില്ലാത്തവനും തമ്മില്‍ തരംതിരിവ് നിലനില്‍ക്കുന്നതായി ഇതില്‍ നിന്ന് വ്യക്തമാണ്. ചിന്തിക്കുന്നവര്‍ ചിന്തിക്കാത്തവരേക്കാളും സദാചാരമുള്ളവര്‍ അതില്ലെന്ന് പറയപ്പെടുന്നവരേക്കാള്‍ ശ്രേഷ്ഠരാണെന്ന സൂചനയും ഇതിലുണ്ട്. അതേസമയം ചിന്തിക്കാത്തവര്‍ ചിന്തിക്കുന്നവര്‍ക്കു നേരെയും അന്വേഷിക്കാത്തവന്‍ അന്വേഷിക്കുന്നവര്‍ക്കു നേരെയും വായിക്കാത്തവന്‍ വായിക്കുന്നവര്‍ക്ക് നേരെയും ഒരു പുച്ഛം എന്നും കാത്തുസൂക്ഷിക്കുന്നുമുണ്ട്.

മനുഷ്യന്റെ ഇത്തരം ആശങ്കകളുടെയും ചോദ്യങ്ങളുടെയും ഉത്തരം പ്രകൃതിയിലുണ്ട്. അതറിയാന്‍ പ്രകൃതിയിലേക്ക് കണ്ണുകള്‍ തുറന്നുവെക്കണമെന്നു മാത്രം. മനുഷ്യന്‍ അകലെ നിന്ന് നോക്കുമ്പോള്‍ കാട് കാട് മാത്രമാണ്. എന്നാല്‍ കാട്ടിലേക്കിറങ്ങിക്കഴിയുമ്പോള്‍ അത് കാടല്ലാതാവുന്നു. ആലും തേക്കും മഹാഗണിയും മാവും പ്ലാവും മുരിക്കും മറ്റും ആവുന്നു. അതുപോലെ ഒരു പൂന്തോട്ടം എന്നത് അകലെ നിന്നുള്ള കാഴ്ച മാത്രമാണ്. പൂന്തോട്ടത്തിലെത്തിയാല്‍ കാണുന്നത് പൂന്തോട്ടമല്ല. പനിനീരും ജമന്തിയും തെച്ചിയും ചെമ്പരത്തിയും മുല്ലയും സെനിയയും അഡീനിയവും ഓര്‍ക്കിഡുമൊക്കെയാണ്. ഇതു പോലെ മനുഷ്യനെ അടുത്തറിയുമ്പോളറിയാം ഓരോ മനുഷ്യനും ഓരോ മരം പോലെയോ ഓരോ പൂവ് പോലെയോ വ്യത്യസ്ഥരാണെന്ന്. ഒരാള്‍ മറ്റൊരാളല്ലെന്നും ഒരാള്‍ക്കും അയാളല്ലാതാവാനാവില്ലെന്നും അപ്പോള്‍ ബോധ്യപ്പെടും.

എല്ലാവരും ചിന്തിക്കണമെന്നു പറയുമ്പോള്‍ എല്ലാ ചെടികളും തുളസിയാകണമെന്നു പറയുന്നതു പോലെയോ തുളസി കൊണ്ട് എല്ലാ രോഗങ്ങളും ഭേദമാകുമെന്ന് പറയുന്നതു പോലെയോ ആണത്. സ്വപ്നം കാണുന്നവരും കാണാത്തവരും വിപ്ലവകാരിയും മൗനിയും സദാചാരവാദിയും അരാജക വാദിയും ആവശ്യമാണ്. ഇതറിയുമ്പോള്‍ ഒരാള്‍ക്കും മറ്റൊരാളോട് ചിന്തിക്കാനോ അന്വേഷിക്കാനോ പറയാനാവില്ല. അഥവാ അങ്ങനെ പറയുകയാണെങ്കില്‍ അത് മാവിനോട് തേങ്ങ കായ്ക്കാന്‍ പറയുന്നതു പോലെയാണ്.

Monday, 11 August 2014

പോകൂ പ്രിയപ്പെട്ട പക്ഷീ...


ഭര്‍ത്താവിനെ ഉപേക്ഷിച്ച്  കാമുകന്‍മാരോടൊപ്പം പോകുന്ന സ്ത്രീകളെ
ഞാന്‍ ബഹുമാനിക്കുന്നു. കാരണം അവര്‍ വഞ്ചകരല്ല;
സത്യസന്ധരും ആത്മാര്‍ത്ഥതയുള്ളവരുമാണ്

 ഭര്‍ത്താവിനെ ഉപേക്ഷിക്കുന്ന ഭാര്യമാരുടെ മനസ്സിന് മതമോ ജാതിയോ സാമൂഹ്യമോ സാമ്പത്തീകമോ ആയ ഏതെങ്കിലും വേര്‍തിരിവോ ഇല്ല. പാവപ്പെട്ടവന്റെയും പണക്കാരന്റെയും  പ്രൊഫഷണലുകളുടെയും ഭാര്യമാര്‍ വീടുവിട്ടിറങ്ങിപ്പോയവരിലുണ്ട്.  കൊയിലാണ്ടിയില്‍ നിന്ന് ഓട്ടോ ഡ്രൈവറായ സുജീഷിനോടൊപ്പം പോയത് ഒമ്പത് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ശാഖകളുള്ള ഒരു ജ്വല്ലറി ഉടമയുടെ ഭാര്യയായിരുന്നു. സ്‌നേഹം ലഭിക്കാത്തത്തോ കാമം ശമിക്കാത്തതോ സാമ്പത്തീക ശേഷി ഇല്ലാത്തതോ ഒന്നുമല്ല ഓരോ ഉപേക്ഷിക്കപ്പെടലിന്റെയും കാരണമെന്ന് അവരുടെ വിശദാംശങ്ങള്‍ പരിശോധിച്ചാലറിയാം. എന്നാല്‍ ഒരേസമയം സാമ്പത്തീകം, സ്‌നേഹം, കാമശമനം, സംരക്ഷണം തുടങ്ങിയ എല്ലാം ഒരേ അളവില്‍ ലഭിച്ചവരല്ല ഭര്‍ത്താക്കന്മാരെ വിട്ടുപോകുന്നതെന്നതും വസ്തുതയാണ്. സ്‌നേഹവും കാമവും ഉള്ളപ്പോള്‍ സാമ്പത്തീകം ഇല്ലാതിരിക്കുകയും സാമ്പത്തീകവും സ്‌നേഹവും ഉണ്ടായിരിക്കുമ്പോള്‍ കാമശമനം ഇല്ലാതിരിക്കുകയും കാമശമനവും സാമ്പത്തീകവും വേണ്ടുവോളമുണ്ടെങ്കിലും സ്‌നേഹം ലഭിക്കാതിരിക്കുകയും ചെയ്തവരാണ് പോയവരില്‍ ഏറെ പേരുമെന്നാണ് ഇത്തരം വാര്‍ത്തകളെക്കുറിച്ചുള്ള അന്വേഷണങ്ങളില്‍ എനിക്ക് ബോധ്യപ്പെട്ടത്. അതായത്  ഏതോ ഒന്നിന്റെ കുറവുള്ളവര്‍ എന്നു പറയാം.

    മനസ്സ് ഉള്ളതില്‍ നിന്ന് ഇല്ലാത്തതിനെ അന്വേഷിക്കുകയാണ്. ഉള്ളതിനെ അറിയാതിരിക്കുകയും ഇല്ലാത്തതിനെ അറിയുകയുമാണ്. ഒരുപാട് കാര്യങ്ങള്‍ ഉള്ളപ്പോള്‍ ഏതോ ഒന്നിന്റെ കുറവ്  അനുഭവപ്പെടുന്നു. അപ്പോള്‍ ഉള്ളതിനെ അവഗണിക്കുകയും ഇല്ലാത്തതിനെ ശ്രദ്ധിക്കുകയുമാണ്. ശ്രദ്ധിക്കുന്നതിനെ അന്വേഷിക്കുകയും അതിനെ കണ്ടെത്തുകയും ചെയ്യുന്നു. ഓരോ ഒളിച്ചോട്ടവും ഉണ്ടാകുന്നത് ഇങ്ങനെയാണ്. പ്രണയം നഷ്ടപ്പെട്ട നിമിഷത്തിലാണ് മനസ് ഇത്തരം അന്വേഷണങ്ങിലേക്ക് നീങ്ങുന്നത്. പ്രണയം ഇല്ലാത്തതിനെ ഉള്ളതായികാണുന്ന വികാരമാണ്. അതിനാല്‍ പ്രണയനഷ്ടം സംഭവിക്കുമ്പോള്‍ ചിന്ത ഇല്ലാത്തതിനെ അന്വേഷിക്കാന്‍ തുടങ്ങുന്നു. അപ്പോള്‍  പ്രണയത്തിന്റെ കണ്ണിപൊട്ടിയ നിമിഷം തന്നെ ഓരോ ഭാര്യയും ഒളിച്ചോട്ടം ആരംഭിച്ചിട്ടുണ്ടായിരുന്നു എന്നു തിരിച്ചറിയാം. പ്രണയ നിരാസം എങ്ങനെ സംഭവിക്കുന്നു എന്ന് ചോദിക്കരുത്. പ്രണയം സംഭവിക്കുന്നതു പോലെ തന്നെയാണ് പ്രണയ നിരാസവും സംഭവിക്കുന്നത്. ഒരാള്‍ക്ക് ഒരാളെ പ്രണയിക്കാന്‍ കാരണമില്ല. സംഭവിച്ചതിനു ശേഷമുള്ള അറിയല്‍ മാത്രമാണത്. അഥവാ കാരണമുണ്ടെങ്കില്‍ അത് പ്രണയമായിരിക്കുകയുമില്ല. അതുപോലെ തന്നെയാണ് പ്രണയനിരാസവും. പ്രണയിക്കാന്‍ കാരണമില്ലാത്തതു പോലെ പ്രണയനിരാസത്തിനും കാരണമില്ല.

 ഞാന്‍ ഈ പ്രവണതയെ പുകഴ്ത്തകയോ നിന്ദിക്കുകയോ അല്ല; നോക്കിക്കാണുകയാണ്. അവരെ ബഹുമാനിക്കുന്നു എന്ന് പറഞ്ഞത് പ്രോത്സാഹിപ്പിപ്പിക്കാനാല്ല; ആശ്വസിപ്പിക്കാനാണ്. കാരണം ഉണ്ടായിരിക്കുന്നതിനെ അറിയാതിരിക്കുകയും ഇല്ലാതിരിക്കുന്നതിനെ അറിയുകയും ചെയ്യുന്ന മാനസീക വ്യാപാരത്തെ ഞാനും അംഗീകരിക്കുന്നില്ല. പക്ഷെ ഭര്‍ത്താവില്‍ നിന്ന് ലഭിക്കുന്നത് അനുഭവിക്കുമ്പോള്‍ തന്നെ ഭര്‍ത്താവില്‍ നിന്ന് ലഭിക്കാത്തത് കാമുകനില്‍ നിന്ന് അനുഭവിക്കാനുള്ള സാധ്യതയും സാഹചര്യവും ഓരോ വീടുകളിലും ഇപ്പോള്‍ എന്നെത്തേക്കാളും നിലനില്‍ക്കുന്നുണ്ട്. ആ വഴിക്ക് നീങ്ങുകയായിരുന്നെങ്കില്‍ അവര്‍ ഹൃദയശൂന്യയായ, സുഖങ്ങളുടെ ഗുണഭോക്താവ് മാത്രമാവുമായിരുന്നു. ഭര്‍ത്താവും കാമുകനും ഒരേസമയം വഞ്ചിക്കപ്പെടുമായിരുന്നു. അതിന് പകരം അവര്‍ ഉള്ളത് ഉപേക്ഷിച്ച് ഇല്ലാത്തത് തേടി പോവുകയാണ്. അവരെ വെറുക്കരുത്, കാരണം സത്യന്ധമാണ് ആ നിലപാട്. സാധിക്കുമെങ്കില്‍ സന്തോഷത്തോടെ യാത്രയാക്കുക.

Wednesday, 6 August 2014

ഒരാള്‍ അയാളെ വായിക്കുമ്പോള്‍



ഒരാള്‍ വായിക്കുമ്പോള്‍ അയാള്‍ അയാളെ തന്നെയാണ് വായിക്കുന്നത്. കാന്‍സറിനെക്കുറിച്ച് വായിക്കുമ്പോള്‍ കാന്‍സറില്ലാത്ത അയാളെക്കുറിച്ച് വായിക്കുന്നു. ഗാസയെയെയും ഉഗാണ്ടയെയും സോമാലിയയെയും കുറിച്ച് വായിക്കുമ്പോള്‍ സമാധാനപരമായ, വര്‍ണ്ണവെറിയില്ലാത്ത, ഗോത്രയുദ്ധമില്ലാത്ത അയാളുടെ തന്നെ പരിസരത്തെയാണ്‌  വായിക്കുന്നത്. സമ്പന്നനെക്കുറിച്ച് വായിക്കുമ്പോള്‍ അയാളുടെ ദാരിദ്ര്യത്തെക്കുറിച്ച് സങ്കടപ്പെടുകയും ദാരിദ്ര്യത്തെക്കുറിച്ച് വായിക്കുമ്പോള്‍ അയാളുടെ സമ്പത്തിനെക്കുറിച്ച് അഭിമാനിക്കുകയും ചെയ്യുന്നു. കണ്‍ഫ്യൂഷസും ലാവോത്സുവും ബുദ്ധനും യുങും ഫ്രോയ്ഡും കൃഷ്ണമൂര്‍്ത്തിയും വായിക്കുമ്പോള്‍ അയാള്‍ അയാളുടെ മനസിനെയും ബോധത്തെയും അവബോധത്തെയുമാണ് വായിക്കുന്നത്.

വായന വായിക്കുന്നയാളെ കണ്ടെത്തുകയോ അടയാളപ്പെടുത്തുകയോ ആണ്. അങ്ങനെ അയാള്‍ എന്താണെന്ന് അയാളറിയുമ്പോള്‍ അയാള്‍ അയാളല്ലാതായിത്തീരുന്നു. അതില്‍ പിന്നെ അയാള്‍ ഇല്ലാതാവുകയും അയാള്‍ കണ്ടെത്തിയ അയാള്‍ ഉണ്ടാവുകയും ചെയ്യുന്നു. അപ്പോള്‍ അയാള്‍ അയാളെ ബഹുമാനത്തോടെയോ പുച്ഛത്തോടെയോ കാണാന്‍ തുടങ്ങുന്നു. മറ്റുള്ളവര്‍ തന്നെ താന്‍ ആഗ്രഹിക്കുന്നതു പോലെ കാണണമെന്ന് ശഠിക്കുന്നു.

ഇത് സത്യമാണെങ്കില്‍ സ്വയം അടയാളപ്പെടുത്താത്ത ഒരാളാണ് യഥാര്‍ത്ഥ ഒരാള്‍ എന്ന് പറയേണ്ടിവരും. ഒരാള്‍ ആരാണെന്ന് അയാള്‍ അറിയാതിരിക്കുമ്പോള്‍ മാത്രമാണ് അയാളുടെ സഹജാവബോധം പ്രവര്‍ത്തിക്കുന്നത്. അങ്ങനെവരുമ്പോള്‍ അയാളുടെ പ്രതികരണവും പെരുമാറ്റവും അയാളുടേത് തന്നെയാവുന്നു. അയാളുടെ ജീവിതം അയാളുടേത് മാത്രമാവുന്നു. അയാള്‍ അയാള്‍തന്നെയാവുന്നു.

Sunday, 3 August 2014

ഒരിടത്തു തന്നെ നില്‍ക്കുമ്പോള്‍


ഒരാള്‍ ഒരിടത്ത് തന്നെ നില്‍ക്കുന്നത് കാണുമ്പോള്‍
അയാള്‍ അവിടെ തന്നെ നില്‍ക്കുകയാണെന്ന് തോന്നുന്നത്
വെറും തോന്നലാണ്.
യഥാര്‍ത്ഥത്തില്‍ അയാള്‍ അതിവേഗം പിന്നിലേക്ക് ഓടിക്കൊണ്ടിരിക്കുകയാണ്.

അവര്‍ അപ്പോള്‍ ദാഹം മാത്രമായിരുന്നു


കിണര്‍ വറ്റിയിരുന്നില്ലെങ്കിലും ചെടികളുടെയും പൂക്കളുടെയും ദാഹം ശമിക്കാന്‍ അത് മതിവരാത്തിരുന്ന  സാഹചര്യത്തിലാണ്  കുഴല്‍ കിണര്‍ കുഴിക്കാന്‍ തീരുമാനിച്ചത്. ഇരുപതോളം തമിഴ്‌നാട്ടുകാരായിരുന്നു ബോര്‍വെല്‍ മെഷീന്‍ ലോറിയുമായെത്തിയത്. വൈകുന്നേരം മൂന്നു മണിക്ക് പണി ആരംഭിച്ചെങ്കിലും വെള്ളം വെളിപ്പെടാന്‍ 205 അടി താഴേണ്ടി വന്നു. അപ്പോഴേക്കും രാത്രി 9 മണി പിന്നിട്ടിരുന്നു. അഞ്ചു മണിയോടെ തന്നെ ചായ തയാറായതായി അറിയിച്ചിരുന്നെങ്കിലും അവര്‍ വേണ്ടെന്നു പറഞ്ഞു. കുടിക്കാന്‍ കൊണ്ടുവച്ച പതിമുഖമിട്ട് തിളപ്പിച്ച വെള്ളവും അവര്‍ തൊട്ടുനോക്കിയില്ല. 205 അടിയില്‍ വെള്ളം ചീറ്റിയപ്പോള്‍ മെഷീന്‍ ഓപ്പറേറ്റര്‍ കണ്ണന്‍ ആഹ്ലാദത്തോടെ ചായക്ക് ആവശ്യപ്പെട്ടു. അപ്പോഴാണ് എനിക്ക് കാര്യം ബോധ്യമായത്.  ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ എന്റെയും കുടുംബത്തിന്റെയും ചെടികളുടെയും ദാഹം ആവാഹിച്ചെടുത്ത് വെള്ളത്തിനായി ധ്യാനിക്കുകയായിരുന്നു അവരെന്ന്. നോക്കുമ്പോള്‍ ബുദ്ധന്‍ കണ്ണുകള്‍ മാത്രയായിരുന്നു എന്ന് ഓഷോ പറഞ്ഞത് അപ്പോള്‍ ഞാന്‍ ഓര്‍ത്തു. അവരും അതുപോലെ തന്നെയായിരുന്നു, അവര്‍ അപ്പോള്‍ ദാഹം മാത്രമായിരുന്നു. ചിലരില്‍ ചില നേരത്തെങ്കിലും ബുദ്ധന്‍ ജീവിച്ചിരിക്കുന്നുണ്ട്.


Thursday, 31 July 2014

ഹൃദയപൂര്‍വ്വം...



ഹൃദയം  മൊഴിയുന്നത് തലച്ചോറു കൊണ്ട് ശ്രവിക്കുന്നത് അസംബന്ധമാണ്. തലച്ചോറുകൊണ്ട് സംസാരിക്കുമ്പോള്‍ ഹൃദയംകൊണ്ട് കേള്‍ക്കുന്നതു പോലെ അര്‍ത്ഥശൂന്യവും അപകടകരവുമാണത്. ഹൃദയത്തിന് ചിന്തയില്ല, ആസൂത്രണമില്ല, വരുംവരായ്കകളെക്കുറിച്ചുള്ള ഭയമില്ല. അതിനാല്‍ എല്ലാ ലോജിക്കുകള്‍ക്കും അതീതമാണത്. മഴ മണ്ണിലേക്ക് ഇറക്കപ്പെടുന്നതു പോലെയോ നിലാവ് പരക്കുന്നതുപോലെയോ അത് ഹൃദയങ്ങളില്‍ നിന്ന് ഹൃദയങ്ങളിലേക്ക് നിലക്കാതെ ഒഴുകുന്നു. ഉറവിടമില്ലാത്ത ഉറവിടത്തില്‍ നിന്നോ ഉറവിടങ്ങളുടെ ഉറവിടത്തില്‍ നിന്നോ ആണത് പുറപ്പെടുന്നത്. മൊഴിയുന്നവന്റെ ഹൃദയം എഴുതുന്നവന്റെ പേന പോലെ ഒരുപകരണം മാത്രം.

എന്നാല്‍ തലച്ചോറു പറയുന്നതെന്തും യുക്തിഭദ്രമാണ്. അതിന് കൃത്യമായ ഉറവിടമുണ്ട്. ആലോചനയില്‍ നിന്നാണത് രൂപമെടുക്കുന്നത്. അതില്‍ ഭൂതവും ഭാവിയും വരുംവരായ്കകളുടെ ഭയവും അന്തര്‍ലീനമായിരിക്കുന്നു. അപ്പോള്‍ ഹൃദയം കൊണ്ട് പറയുന്നത് തലച്ചോറു കൊണ്ട് കേള്‍ക്കുകയെന്നാല്‍ ദൈവം എന്ന് പറയുമ്പോള്‍ രാജാവെന്ന് കേള്‍ക്കുന്നതു പോലെയാവുന്നു. മഴയെ റിക്ടര്‍ സ്‌കെയിലുകൊണ്ടും ഭൂകമ്പത്തെ മഴമാപിനികൊണ്ടും അളക്കുന്നതു പോലെയായാവുന്നു. തലച്ചോറു കൊണ്ട് പറഞ്ഞത് ഹൃദയം കൊണ്ട് കേള്‍ക്കുന്ന ആള്‍ സ്തബ്ദനായി പോകുന്നതു പോലെതന്നെയാണ് ഹൃദയംകൊണ്ട് പറയുന്നത് തലച്ചോറുകൊണ്ട് കേള്‍ക്കുന്നയാള്‍ തര്‍ക്കിക്കുന്നതും. അപ്പോള്‍ തലച്ചോറിനെ തലച്ചോറുകൊണ്ടും ഹൃദയത്തെ ഹൃദയം കൊണ്ടും അറിയേണ്ടിയിരിക്കുന്നു.

പറയുന്നവനും കേള്‍ക്കുന്നവനും ഹൃദയവും തലച്ചോറും ഒരേസമയം ഉള്ളതിനാല്‍ ആര്‍ക്കും ഇത് സാധ്യമാണ്. ഹൃദയം പറയുമ്പോള്‍ കേള്‍ക്കുന്നവന്‍ അവന്റെ തലച്ചോറിനോട് ഒരു നിമിഷം മാറിനില്‍ക്കാന്‍ പറഞ്ഞാല്‍ മാത്രം മതി. തലച്ചോറ് പറയുമ്പോള്‍ ഹൃദയത്തെയും മാറ്റിനിര്‍ത്താം. അപ്പോള്‍ പറയുന്നതും കേള്‍ക്കുന്നതും ഒന്നാവുന്നു, എല്ലാ തര്‍ക്കങ്ങളും അവിടെ അവസാനിക്കുന്നു. അങ്ങനെ വരുമ്പോള്‍ ഒരാള്‍ തലച്ചോറും ഹൃദയവും ഒരുപോലെ പ്രവര്‍ത്തിക്കുന്നവനായിത്തീരുന്നു. അയാള്‍ക്ക് അകത്തേക്കും പുറത്തേക്കും ഒരേസമയം സഞ്ചരിക്കാനാവുന്നു. ഇരു ലോകവും കാണാനാവുന്നു.


Friday, 18 July 2014

ഞാന്‍ എന്നെ അറിയാത്തവന്‍


കണ്ണുകളെ അവിശ്വസിക്കാന്‍ തുടങ്ങുമ്പോള്‍ മാത്രമാണ്  ഒരാള്‍ കാണാന്‍ തുടങ്ങുന്നത്.
രൂപങ്ങളും വര്‍ണ്ണങ്ങളും ചലനങ്ങളും നിശ്ചലതകളുമല്ലാതെ മറ്റെന്താണ് കണ്ണുകള്‍കൊണ്ട് കാണാനാവുന്നത്..? മനുഷ്യന്‍ തിന്നുകയും കുടിക്കുകയും മദിക്കുകയും ചുംബിക്കുകയും പണമുണ്ടാക്കുകയും പട്ടിണികിടക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ കണ്ണുകള്‍ കരുതുന്നു അവര്‍ അതുമാത്രമാണെന്ന്. ഇനിയൊരു വിപ്ലവം സാധ്യമല്ലെന്നും എന്നും എല്ലാം ഇതുപോലെ തന്നെ ആയിരിക്കുമെന്നുമുള്ള കാഴ്ചപ്പാടിലെത്തിലെത്തിക്കുന്നതും അന്ധമായ ഈ കാഴ്ചയാണ്.

ഒരാളുടെ ഉള്ളിലെ അഗ്‌നിപവര്‍വ്വതത്തെയോ സമതലങ്ങളെയോ കടലിനെയോ വെള്ളച്ചാട്ടത്തെയോ അരുവികളെയോ പൂന്തോട്ടത്തെയോ കാണാനാവുമ്പോള്‍ മാത്രമാണ് യഥാര്‍ത്ഥത്തില്‍ അയാളെ എനിക്കറിയാം എന്നു പറയാനുള്ള അര്‍ഹതയുണ്ടാവുന്നത്. ആ അര്‍ത്ഥത്തില്‍ ആര്‍ക്കെങ്കിലും ആരെയെങ്കിലും അറിയുമോ...എനിക്കാരെയെങ്കിലും അറിയുമോ....എനിക്ക് എന്നെ തന്നെ അറിയുമോ..??

അവര്‍ പഞ്ചഗുസ്തിയെക്കുറിച്ച് മറന്നുപോയി


മൂന്നു മദ്യപാനികള്‍  തലശേരിയില്‍ നിന്ന് ബാംഗ്ലൂര്‍ ഡീലക്‌സില്‍ കയറി. അതില്‍ ഒരാള്‍ പാമ്പായിരുന്നു. രണ്ടു പേര്‍ പരസ്പരം വെല്ലുവിളിച്ചുകൊണ്ടിരുന്നു. ഒടുവില്‍ അവര്‍ ശക്തിതെളിയിക്കാന്‍ തീരുമാനിച്ചു, കൈമുട്ട് സീറ്റ്ഡിവൈഡറില്‍ കുത്തി പഞ്ചഗുസ്തിക്ക് തയാറെടുത്തു. അപ്പോള്‍ ഒരാള്‍ ഒരു പാട്ടുമൂളി:

പാടി ബിലാലെന്ന പൂങ്കുയില്............

രണ്ടാമന്‍ ബിലാല്‍ ആരാണെന്ന് ചോദിച്ചു,
ഇളയ മകന്റെ പേരാണെന്ന് പാടിയവന്‍ പറഞ്ഞു.
ഞാന്‍ വായിച്ചുകൊണ്ടിരുന്ന പസ്തകം അടച്ച് ബാഗില്‍ വച്ചു.

തുടര്‍ന്ന് അവന്‍ ബിലാലിന്റെ കഥ പറയാന്‍ തുടങ്ങി:
ബിലാല്‍ അടിമയായ ഒരു നീഗ്രോ ആയിരുന്നു,  ശബ്ദം അതിമനോഹരമായിരുന്നു,  ബിലാലിന്റെ വാങ്കൊലി അതീവ സംഗീത സാന്ദ്രമായിരുന്നു....
കഥ തുടരുന്നതിനിടയില്‍ അവര്‍ പഞ്ചഗുസ്തിയെക്കുറിച്ച് മറന്നുപോയി.
അപ്പോഴേക്കും ബസ് മട്ടന്നൂരിലെത്തി. അവര്‍ കഥപറഞ്ഞുകൊണ്ട് തന്നെ അവിടെ ഇറങ്ങി. ഒരു നല്ല പുസ്തകം വായിച്ച സന്തോഷത്തോടെ ഞാനും ഇറങ്ങി.

മത്സരിക്കാത്തവനെ ആര്‍ക്കും തോല്‍പിക്കാനാവില്ല


മത്സരങ്ങള്‍ കണ്ടുപിടിച്ചവന്‍ തന്നെയായിരിക്കണം നരകവും സൃഷ്ടിച്ചിട്ടുണ്ടാവുക.  ഇവിടെ ഓരോ ശ്വാസത്തിലും എല്ലാവരും മത്സരരംഗത്താണ്. തെങ്ങുകയറ്റക്കാരനും കന്നുപൂട്ടുകാരനും മുങ്ങാങ്കുഴി വിദഗ്്ദ്ധനും ഓട്ടക്കാരനും ചാട്ടക്കാരനും അമ്പെയ്ത്തുകാരനും ചിത്രകാരനും ശില്പിയും മത്സരിക്കുന്നത് ഒരേ ഇനത്തിലാണ്.   അല്പം ശ്രദ്ധ തെറ്റിയവന്‍ ജയിക്കുകയും മറ്റുള്ളവരെല്ലാം തോല്‍ക്കുകയും ചെയ്യുന്നു. ഒരാള്‍ക്കു ജയിക്കാന്‍ വേണ്ടി എല്ലാവരും തോല്‍ക്കുന്നു. അങ്ങനെ തോറ്റവരുടെ ലോകം സൃഷ്ടിക്കപ്പെടുന്നു. ജീവിതത്തിന്റെ നിറം കെടുന്നു. അങ്ങനെ നരകങ്ങള്‍ പിറവിയെടുക്കുന്നു, ഓരോരുത്തരും ഓരോ നരകമാവുന്നു.
മത്സരമില്ലാത്ത ലോകം  എല്ലാവരും ജയിക്കുന്ന ലോകമാണ്;
മത്സരിക്കാത്തവനെ ആര്‍ക്കും തോല്‍പിക്കാനാവില്ല,
അവനെ സ്വര്‍ഗ്ഗമെന്നും വിളിക്കാം

Thursday, 17 July 2014

ഉദയാസ്തമയങ്ങള്‍ എത്ര വാസ്തവ വിരുദ്ധമാണ്


സൂര്യന്‍ ഒരിടത്തു തന്നെ ജ്വലിച്ചു നില്‍ക്കുകയല്ലാതെ ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്യുന്നില്ല, എന്നിട്ടും സൂര്യന്‍ ഉദിക്കുന്നതായും അസ്തമിക്കുന്നതായും നാം കാണുന്നു, നട്ടുച്ചക്ക് തലക്കുമുകളിലാണെന്ന് അടയാളപ്പെടുത്തുന്നു. അതേസമയം കാഴ്ചയിലെ അസ്തമയത്തിനപ്പുറം ഭൂമിയുടെ മറുപുറത്ത് മറ്റൊരു പകല്‍ വിരിയുന്നത് കാണാതെ പോകുന്നു. ഈ ഉദായസ്തമയങ്ങള്‍ പോലെ വെറും തോന്നലായിരിക്കുമോ ജനിമൃതികളും... അതോ മറ്റൊരു പകലിലേക്കുള്ള അസ്തമയവും രാവിലേക്കുള്ള ഉദയവുമായിരിക്കുമോ...

എവിടെയായിരുന്നാലും


ഇവിടെയായിരിക്കുക എന്നാല്‍ അവിടെ അല്ലാതിരിക്കുക എന്നാണ്. ഇവിടെയിരുന്ന് അവിടെയായിരുന്നാല്‍ അവിടെയെത്തുമെങ്കില്‍ അവിടെയായിരിക്കാം. എന്നാല്‍ ഇവിടെയിരുന്ന് അവിടെയായിരുന്നാല്‍ ഇവിടെയും അവിടെയും അല്ലാതായിപ്പോകുമെങ്കില്‍ ഇവിടെയായിരിക്കുക തന്നെയാണ് നല്ലത്. അതുകൊണ്ടായിരിക്കണം ബുദ്ധനും ഓഷോയും സ്വപ്‌നം കാണരുതെന്നും സെന്‍ഗുരു സോസാന്‍ സ്വപ്‌നം കാണുകയും ചിന്തിക്കുകയും ചെയ്യുന്ന മനസ്സിനെ തന്നെ ഉന്മൂലനം ചെയ്യണമെന്നും പറഞ്ഞത്.
അതേസമയം എപിജെ അബ്ദുല്‍ കലാമും സകല പോസിറ്റീവ് ചിന്തകന്മാരും സ്വപ്‌നം കാണാന്‍ നമ്മെ നിരന്തരം പ്രേരിപ്പിക്കുന്നു. സ്വപ്‌നം കാണുകയെന്നാല്‍ അവിടെയായിരിക്കലാണ്. അവിടെയായിരിക്കുക എന്നാല്‍ സ്വപ്‌നത്തിന് അടയിരിക്കലാണ്. സ്വപ്നമില്ലായിരുന്നെങ്കില്‍ ഈ കാണുന്നതൊന്നും ഉണ്ടാകുമായിരുന്നില്ല. എല്ലാം പുരോഗതിയുടെയും രൂപരേഖകള്‍ ആദ്യം വരഞ്ഞിട്ടത് സ്വപ്‌നത്തില്‍ തന്നെയാകണം.
എനിക്കു തോന്നുന്നു, കുറച്ചു പേര്‍ ഇവിടെയിരിക്കുമ്പോള്‍ ഇവിടെ തന്നെയായിരിക്കട്ടെ, അല്പം ചിലര്‍ ഇവിടെയായിരിക്കുമ്പോള്‍ എവിടെയുമല്ലാതിരിക്കട്ടെ,
മറ്റുള്ളവര്‍ ഇവിടെയായിരിക്കുമ്പോള്‍ അവിടെയുമായിരിക്കട്ടെ. അങ്ങനെ അകവും പുറവും തമ്മിലൊരു പാലം ജനിക്കട്ടെ. അതിലേ ഒരു വെളിച്ചം വഴിനടക്കട്ടെ.

അവളും അവനോടൊപ്പം ഉണ്ടായിരിക്കണം


 മഴ പോലെ മരം പോലെ പുഴ പോലെ പെണ്ണും പ്രകൃതിയുടെ അഭിവാജ്യ ഘടകമാണ്. ജാലകങ്ങളില്ലാത്ത മുറിയില്‍, വെള്ളമില്ലാത്ത വീട്ടില്‍, വൃക്ഷങ്ങളില്ലാത്ത നാട്ടില്‍ കഴിയുന്നതു പോലെയാണ് പെണ്‍ സാന്നിധ്യമില്ലാത്ത ഇടങ്ങളിലെ ജീവിതം.
ആണിന് പെണ്ണിനോടോ പെണ്ണിന് ആണിനോടോ ബന്ധപ്പെടാനോ ആകര്‍ഷിക്കാനോ ആസ്വദിക്കാനോ അല്ല  ഈ നിരീക്ഷണം. ഒരു ജനകൂട്ടം എന്നാല്‍ പ്രകൃതിയുടെ, സൃഷ്ിടിയുടെ ഒരു പരിച്ഛേദമാണ്.
ആ കൂട്ടത്തില്‍ രണ്ടു ലിംഗത്തില്‍ പെട്ടവരും ഉണ്ടായാല്‍ മാത്രമേ അത് യഥാര്‍ത്ഥ പരിച്ഛേദം ആവുകയുള്ളൂ. അല്ലാത്തപക്ഷം അത് അപൂര്‍ണ്ണമായിരിക്കും. ആ അപൂര്‍ണ്ണമായ അന്തരീക്ഷം അസ്വസ്ഥതയുണ്ടാക്കുന്ന ഇടം തന്നെയായിരിക്കും.
ആണും പെണ്ണും കാറ്റും മരവും പോലെ പുഴയും മഴയും പോലെ പ്രകൃതിയുടെ ഭാഗമാണെന്നിരിക്കെ ഒറ്റലിംഗത്തില്‍ പെട്ടവരുടെ കൂട്ടങ്ങള്‍ എന്നും പ്രകൃതിയുടെ നിഷേധമോ വിഭാഗീയമോ ആണ്. എന്റെ നിരീക്ഷണം ശരിയാണെങ്കില്‍ നമ്മുടെ ബോയ്‌സ് സ്‌കൂളുകള്‍, ഗേള്‍സ് സ്‌കൂളുകള്‍, വനിതാ കോളജുകള്‍, സെമിനാരികള്‍, കന്യാസ്ത്രീ മഠങ്ങള്‍ തുടങ്ങിയവ പ്രകൃതി വിരുദ്ധ ഇടങ്ങളായി കണക്കാക്കപ്പെടണം. ഇത്തരം പ്രകൃതിയോട് നീതി പുലര്‍ത്താത ഇടങ്ങളിലെ അപൂര്‍ണ്ണത സൃഷ്ടിക്കുന്ന അസ്വസ്ഥതയും കൂടിയല്ലേ മനുഷ്യരെ പ്രകൃതി വിരുദ്ധരും ക്രൂരരും വികല വീക്ഷണമുള്ളവരുമാക്കി മാറ്റുന്നതെന്ന് ഞാന്‍ സംശയിക്കുന്നു.

അപ്പോള്‍ അത് സത്യം തന്നെയായിരുന്നു


അസത്യത്തിന്റെ ഒരു നേരിയ ലാഞ്ചന പോലും ഇല്ലാത്ത വിധം ഓരോ സ്വപ്നവും ഉറക്കമുണരുന്നതു വരെ പൂര്‍ണ്ണ സത്യമാണ്, അസത്യമാണെന്ന് ഉറക്കത്തില്‍ ആരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ പറഞ്ഞവന്റെ കഥ കഴിക്കാന്‍ മാത്രം ആത്മാര്‍ത്ഥത ഓരോരുത്തര്‍ക്കും സ്വപ്നത്തിലെ ആ സത്യത്തോടുണ്ടാകും. ഉറക്കമുണര്‍ന്ന് ഏതാനും നിമിഷങ്ങള്‍ കഴിയേണ്ടിവരും കണ്ടത് സ്വപ്നമായിരുന്നുവെന്നും ആ സത്യം അസത്യമാണെന്നും ബോധ്യപ്പെടാന്‍. സത്യമാണെന്ന് കരുതുന്ന സമയത്ത് അസത്യത്തോടു പോലും നമുക്കുള്ള വിശ്വാസത്തിന്റെ ദൃഢത സ്വപ്നത്തിലെ സത്യങ്ങള്‍ വെളിപ്പെടുത്തുന്നു.
സത്യത്തിന്റെ ഇത്തരം വേഷപകര്‍ച്ചകള്‍ കാണുമ്പോള്‍ ഭയം തോന്നുന്നു. ഈ ജീവിതം തന്നെ ഒരു നിദ്രയോ സ്വപ്നമോ മാത്രമായിരുന്നെന്ന് തിരിച്ചറിയുന്ന ഒരു ഉണര്‍ച്ചയിലേക്ക്  നാം ഉണരില്ലെന്ന് എന്താണുറപ്പ്? മരണം ആ ഉണര്‍ച്ചയുടെ പേരല്ലെന്ന് തീര്‍ത്തുപറയാനാവുമോ..? അങ്ങനെ സംഭവിച്ചാല്‍ നമ്മളും നമ്മുടെ വിശ്വാസവും കണ്ടതും കേട്ടതും അറിഞ്ഞതും ഈ പ്രപഞ്ചം തന്നെയും ഒറ്റ നിമിഷാര്‍ദ്ധത്തില്‍ ഒരു പെരും നുണ മാത്രമായി മാറില്ലേ...

നിലവിളിയുടെ നിറഭേദങ്ങള്‍


നിങ്ങള്‍ ഇന്ത്യക്കാരനും മലയാളിയും കമലാക്ഷിയമ്മയുടെ  ഭര്‍ത്താവും ഉല്പജാക്ഷന്റെ അച്ഛനും മാത്രമാവുമ്പോള്‍ ഒരു വ്യക്തിയാണ്. എന്നാല്‍ ഈ വ്യക്തിത്വം കുടികൊള്ളുന്നത് ഒരു മനുഷ്യനിലാണ്. ഇങ്ങ് കേരളത്തിലെ കാപ്പിമലയിലെ മനുഷ്യനും അങ്ങ് ഉഗാണ്ടയിലെ ടൊറോറോ താഴ്‌വരയിലെ മനുഷ്യനും തമ്മില്‍ ഒരു നെറ്റ്‌വര്‍ക്കുണ്ട്. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ഈ നെറ്റ്‌വര്‍ക്ക് വ്യക്തിയും വ്യക്തിയും തമ്മില്‍ ഉണ്ടായിക്കൊള്ളണമെന്നില്ല. മനുഷ്യന്‍ പൂര്‍ണ്ണവും വ്യക്തി അംശവുമായതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. അംശത്തില്‍ പൂര്‍ണതയില്ലെന്നും എന്നാല്‍ പൂര്‍ണതിയില്‍ അംശവുമുണ്ടെന്നും ജിദ്ദു കൃഷ്ണമൂര്‍ത്തിയും ഓഷോയും ഒരേ സ്വരത്തില്‍ പറഞ്ഞത് ഓര്‍ക്കുന്നു.

വ്യക്തിക്ക് എന്റെ ദേശം എന്റെ മതം എന്റെ ജാതി എന്റെ കുടുംബം എന്നതിലപ്പുറം പോകേണ്ടതില്ല. എന്നാല്‍ മനുഷ്യന് തന്റെ ജൈവകുലത്തിന്റെ വ്യഥകള്‍ക്കും വേവലാതികള്‍ക്കും നേരെ കണ്ണടക്കാനാവില്ല. ദേശീയത, മതം, ജാതി, പ്രത്യശാസ്ത്രങ്ങള്‍ തുടങ്ങിയവയെല്ലാം മനുഷ്യന്റെ നെറ്റ് വര്‍ക്ക് തകര്‍ത്ത് അവനെ വിഭജിച്ചുകൊണ്ടിരിക്കുമ്പോള്‍ മനുഷ്യര്‍ വ്യക്്തികള്‍ മാത്രമായി ചുരുങ്ങിവരികയാണ് എന്നത് മറ്റൊരു വസ്തുത.

മലയാളി എന്തുകൊണ്ട് ഗാസ ഗാസ എന്നു നിലവിളിക്കുന്നു എന്ന് നിരന്തരം കേട്ടുകൊണ്ടിരിക്കുന്നതാണ് ഈ കുറിപ്പിന് കാരണം. കുരുതികള്‍ ഗാസയിലായാലും ബാഗ്ദാദിലായാലും കാഠ്മണ്ഠുവിലായാലും മലയാളി നിലവിളിക്കും. കാരണം മലയാളി ഇപ്പോഴും അത്രയൊന്നും വ്യക്തി മാത്രമായി ചുരുങ്ങിയിട്ടില്ല, മനുഷ്യത്വത്തിന്റെ നെറ്റ്‌വര്‍ക്കില്‍ നിന്ന് അകന്നുപോയിട്ടില്ല. കുരുതി ഇപ്പോള്‍ ഗാസയിലായതിനാല്‍ ഗാസ എന്നു നിലവിളിക്കുന്നു, മറ്റൊരിടത്തായാല്‍ ആ പേരില്‍ നിലവിളിക്കും.

അല്ലെങ്കില്‍ തന്നെ നമ്മളെപ്പോഴാണ് മനുഷ്യത്വത്തിന്റെ ഈ നിലവിളി നിര്‍ത്തിയിരുന്നത്. ടിയാനന്‍മെന്‍ സ്‌ക്വയറെന്നും സോമാലിയയെന്നും ദക്ഷിണാഫ്രിക്കയെന്നും ബാഗ്്ദാദെന്നും കൊളംബോയെന്നുമൊക്കെ പറഞ്ഞ് നമ്മള്‍ നിലവിളിക്കുകയായിരുന്നുവല്ലോ. ഇപ്പോള്‍ ഗാസയുടെ പേരിലുള്ള നിലവിളി കേള്‍ക്കുമ്പോള്‍ ചിലരെങ്കിലും അസ്വസ്ഥത പ്രകടിപ്പിക്കുന്നത് അവരുടെ നെറ്റ്‌വര്‍ക്ക് തകരാറായിട്ടാണ് എനിക്കു തോന്നുന്നത്. ദേശീയതയോ മതമോ അങ്ങനെ എന്തോ അവരുടെ ശ്രംഖലക്കണ്ണികളെ കരണ്ടു തിന്നിട്ടുണ്ടാവണം. ഗാസക്കുവേണ്ടി മാത്രം നിലവിളിക്കുകയും അല്ലാത്തപ്പോള്‍ തൊണ്ടയില്‍ പൊള്ളുന്ന ചക്കക്കുരു കുടുങ്ങിപ്പോവുകയും ചെയ്യുന്നവര്‍ക്കും ഈ ഉപമ ബാധകമാണ്.

Wednesday, 16 July 2014

വിശേഷമൊന്നുമില്ല സുഹൃത്തേ


ഇന്നലെയും ഇന്നും നാളെയും തമ്മില്‍ വ്യത്യാസങ്ങള്‍ സംഭവിക്കുമ്പോഴാണ് വിശേഷങ്ങള്‍ ഉണ്ടാവുന്നത്. അങ്ങനെ സംഭവിക്കാതിരിക്കുകയാണെങ്കില്‍ അതിന്റെ അര്‍ത്ഥം ഒഴുകുന്നില്ലെന്നോ ഒഴുക്കു നിലച്ചെന്നോ ആണെന്നു തോന്നുന്നു. ഒഴുക്ക് നിലക്കുക എന്നാല്‍ മറ്റൊരര്‍ത്ഥത്തില്‍ ജീവിതം നിലക്കലാണ്.  നമ്മള്‍  യാന്ത്രികം എന്നു വിളിക്കുന്നതും അതിനെ തന്നെയാണ്.

ഒഴുകുന്ന നദിക്ക് എന്നും വിശേഷങ്ങളാണ്. അത് നിമിഷംപ്രതി വ്യത്യസ്ഥമായ ഭൂമികകളിലൂടെയാണ് പ്രയാണം തുടരുന്നത്. വൈവിധ്യമാര്‍ന്ന വൃക്ഷലതാദികളും കാലാവസ്ഥയും തീരങ്ങളുടെ ബഹുസ്വരമായ സംസ്‌ക്കാരങ്ങളുമാണ് ഒഴുകുന്ന നദിയുടെ വിശേഷങ്ങള്‍. എന്നാല്‍ ഒഴുക്കു നിലച്ച വെള്ളക്കെട്ട് മനോഹരമായ ഒരു തടാകം തന്നെയായാല്‍ പോലും അതിന് വിശേഷങ്ങളില്ല. മാത്രമല്ല; കെട്ടിനില്‍ക്കുന്നതെന്തും കെട്ടുനാറുകയും ചെയ്യും. സ്ഥിരമായ ജോലിയും കൂലിയുമായിരിക്കണം  കെട്ടിക്കിടക്കാന്‍ നിര്‍ബന്ധിതനാക്കുന്നത്. ഒരേ മുഖങ്ങള്‍, ഒരേ പ്രകൃതി, അതേ  വരുമാനം എന്നിവയിലൂടെയാണെന്നു തോന്നുന്നു തടാകങ്ങള്‍ ഉണ്ടാകുന്നത്.  അത്തരം കെട്ടിക്കിടപ്പില്‍ നിന്നാവണം എനിക്കും വിശേഷമൊന്നുമില്ല സുഹൃത്തേ എന്നു പറയേണ്ടി വരുന്നത്.


ദൈവത്തെ കബളിപ്പിക്കുന്ന പ്രാര്‍ത്ഥനകള്‍


ചിലര്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവം പുത്തന്‍ പണക്കാരനാണോ എന്ന് തോന്നിപ്പോകും. അത്തരം പ്രാര്‍ത്ഥനകള്‍ക്ക് മൂന്ന് ഭാഗങ്ങളാണ്. ആദ്യ ഭാഗം ദൈവത്തെ പുകഴ്ത്താനുള്ളതാണ്. പ്രാസമൊപ്പിച്ചും ഒപ്പിക്കാതെയും വിശേഷണങ്ങളും പര്യായങ്ങളും പറഞ്ഞുള്ള സ്തുതി. രണ്ടാം ഭാഗം തനിക്കുള്ളതെല്ലാം മറച്ചു വച്ച് പരാധീനതകളും പ്രാരാബ്ദങ്ങളും നിരത്താനുള്ളതാണ്. മൂന്നാം ഭാഗം തനിക്ക് അടിയന്തിരമായി അനുവദിച്ചുതരേണ്ട ആവശ്യങ്ങളുടെ നീണ്ട പട്ടികയാണ്.
താനാരാണെന്നും ദൈവം ആരാണെന്നും വാക്കുകള്‍ കൊണ്ട് സ്ഥാപിക്കേണ്ടി വരുന്നത് ദൈവത്തെ ജീവിതത്തില്‍ നിന്ന് അകറ്റി നിര്‍ത്തിയവര്‍ക്കല്ലാതെ മറ്റാര്‍ക്കാണ്..? അപ്പോള്‍ ഇത്തരം പ്രാര്‍ത്ഥനകളിലെ ദൈവസ്തുതി പ്രാര്‍ത്ഥിക്കുന്നവന്റെ അടവല്ലാത്തെ മറ്റെന്താണ്..?
പറയാത്തതു പോലും കേള്‍ക്കുകയും ചിന്തിക്കാത്തതു പോലും അറിയുകയും ചെയ്യുന്ന ദൈവത്തെ പൊട്ടനാക്കുന്ന ഇത്തരം പ്രാര്‍ത്ഥനകള്‍ കണ്ടുപിടിച്ചത് ദൈവത്തിന്റെ ശത്രു ആയിരിക്കാനേ സാധ്യതയുള്ളൂ...

ഒരാളെ രണ്ടു തവണ കാണാനാവില്ല


ഇന്നലെ കടം ചോദിപ്പോള്‍ നല്‍കാതിരുന്ന വ്യക്തിയോട് നാളെ കടം ചോദിക്കാതിരിക്കരുത്. കാരണം ഇന്ന് അയാള്‍ ഇന്നലത്തെ ആളല്ല. നാളെ അയാള്‍ ഇന്നത്തെ ആളുമായിരിക്കില്ല.

ഭൂമി കറങ്ങുന്നതു കൊണ്ടോ, ജീവിതം ഒഴുകുന്നതു കൊണ്ടോ ആവാം അറിഞ്ഞോ അറിയാതോയോ ഓരോ നിമിഷവും മനുഷ്യന്‍ മാറിക്കൊണ്ടിരിക്കുന്നു. അതിനെ വളര്‍ച്ചയെന്നോ തകര്‍ച്ചയെന്നോ വിളിക്കാം. അതേസമയം മാറ്റം ഒരു യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ടായിരിക്കാം ഒരു ജന്മം ഒരുമിച്ച് ജീവിച്ചാലും ഒരാള്‍ക്ക് മറ്റൊരാളെ അറിയാന്‍ കഴിയാത്തത്. നമ്മള്‍ അറിഞ്ഞു തുടങ്ങുമ്പോഴേക്കും അയാള്‍ മറ്റൊരാളായി മാറുന്നു, വീണ്ടും അറിയാന്‍ തുടങ്ങുമ്പോള്‍ അയാള്‍ പിന്നെയും മാറുന്നു, വഴുവഴുപ്പുള്ള മത്സ്യത്തെ പോലെ പിടിവിട്ടു പോവുന്നു. അറിയാന്‍ ശ്രമിക്കുന്നവനും അനുനിമിഷം മാറ്റത്തിന് വിധേയനാകുന്നു.

ഒരു നദിയില്‍ രണ്ടു തവണ ഇറങ്ങാനാവില്ലെന്ന് സെന്‍ പറഞ്ഞതു
ശരിയാണെങ്കില്‍ ഒരാളെ രണ്ടു തവണ കാണാനുമാവില്ല.

ആ പഴുത്തിലയോട് മാപ്പു ചോദിക്കുന്നു



ചുരുങ്ങിയത് മുന്നൂറ് ചെടികളെയെങ്കിലും കുടിപ്പിച്ചും കുളിപ്പിച്ചുമാണ് എന്റെ വേനല്‍ദിനങ്ങള്‍ ആരംഭിക്കാറുള്ളത്. വേനല്‍മഴ വന്നുപോയതിനു ശേഷം ചെടികളെല്ലാം കൂടുതല്‍ ഹരിതാഭമാണ്. അതിനാല്‍ പൂക്കളില്ലാത്തവപോലും പുതിയ ഇലകളാല്‍ മനോഹരമായിരിക്കുന്നു. ചെടികളിലെ പഴുത്തിലകള്‍ താനേ കൊഴിയാറാണ് പതിവെങ്കിലും നനക്കുമ്പോള്‍ ഹോസ് പിടിച്ചു ഞാന്‍ കൊഴിക്കാറുമുണ്ട്. നല്ല പച്ചപിടിച്ച ചെടികളില്‍ പഴുത്തില കാണുമ്പോഴുണ്ടാവുന്ന അഭംഗിയോ അസ്വസ്ഥതയോ ആണ് എന്നെ അങ്ങനെ ചെയ്യിക്കുന്നത്.
ഇന്ന് അത്തരം ഒഴു പഴുത്തിലയില്‍ ഞാന്‍ വളരെനേരം ഹോസ് പിടിച്ചിട്ടും ആ ഇല കൊഴിയാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ ഞാന്‍ കൈകൊണ്ടു തന്നെ അവ തട്ടി താഴെയിടാന്‍ തീരുമാനിച്ചു. പക്ഷെ ഒറ്റ സ്പര്‍ശത്തിലും അവ കൊഴിഞ്ഞില്ല. അതിനെ പറഞ്ഞയക്കാന്‍ വിരലുകള്‍ക്ക് ബലം പ്രയോഗിക്കേണ്ടിവന്നു. അതിന് ശേഷം ഞാന്‍ വല്ലാത്തെ അസ്വസ്ഥനാണ്. എത്ര നിര്‍ബന്ധിച്ചാണ് ഞാന്‍ അതിനെ പറഞ്ഞയച്ചതെന്ന് ഓര്‍ക്കുമ്പോള്‍ സങ്കടം സഹിക്കാനാവുന്നില്ല. ഒരു വൃദ്ധയെ കഴുത്തു ഞെരിച്ച് കൊല്ലുന്നതു പോലെ തന്നെയായിരുന്നു ഞാനത് ചെയ്തത്. കാലം കാറ്റിന്റെ കൈകളിലൂടെ ചെയ്യേണ്ടതാണ് ഞാന്‍ ചെയ്തിരിക്കുന്നത്. എല്ലാ പച്ചിലകളും ഒരിക്കല്‍ പഴുത്തിലകളാവുമെന്ന് നേരത്തെ അറിയാമായിരുന്നെങ്കിലും പഴുത്തിലകള്‍ പ്രകൃതിയുടെ മറ്റൊരു വര്‍ണ്ണമായിരുന്നുവെന്ന്  അപ്പോള്‍ ഞാന്‍  അറിഞ്ഞിരുന്നില്ല


ഒറ്റവഴിയിലൂടെയാണെങ്കില്‍ പോലും



യാത്ര ഒറ്റവഴിയിലൂടെയാണെങ്കില്‍ പോലും എല്ലാ കാഴ്ചകളും എല്ലാവരും കാണണമെന്നില്ല. ചിലര്‍ ചിലത് കാണുന്നു, മറ്റുചിലര്‍ വേറെ ചിലത് കാണുന്നു. ഒരേ കാഴ്കള്‍ കണ്ടവരും കൂട്ടത്തില്‍ ഉണ്ടാവാം. യാത്രകളില്‍ മയക്കത്തിലായവരും ഉറങ്ങിപ്പോയവരും ഓരോ സംഘത്തിലും നിരവധിയുണ്ടാവും. അത്തരക്കാര്‍ ഒന്നും കാണാത്തവരാണ്. ഉറങ്ങിപോയവരില്‍ ചിലര്‍ യാത്രയില്‍ സ്വപ്‌നം കണ്ടെന്നുമിരിക്കും, അതില്‍ തന്നെ ചിലര്‍ സ്വപ്‌നത്തില്‍ കണ്ടത് യാത്രയിലെ കാഴ്ചയായിരുന്നുവെന്ന് തെറ്റദ്ധരിച്ചെന്നും വരാം.
വഴി ഇവിടെ ഉണ്ടായിരുന്നതാണ്. അന്നു മുതല്‍ തന്നെ കാഴ്ചകളും ഉണ്ടായിരുന്നിരിക്കണം. എന്നാല്‍ യാത്രികര്‍ മാറിക്കൊണ്ടിരിക്കും. അന്ന് പോയവര്‍ കണ്ടത് ഇന്നു പോകുന്നവര്‍ കാണണമെന്നോ കാണാതിരിക്കണമെന്നോ നിര്‍ബന്ധമില്ല. കണ്ടിട്ടുണ്ടെങ്കില്‍ അവര്‍ക്കത് പുതിയ കാഴ്ച തന്നെയാണ്. മുമ്പ് പോയവര്‍ കണ്ടതുകൊണ്ട് മാത്രം അത് കാഴ്ചയല്ലാതാകുന്നില്ല. അവര്‍ കണ്ടതു കൊണ്ട് നമ്മള്‍ കാണരുതെന്ന് ശഠിക്കാനുമാവില്ല. ബുദ്ധനും ലാവോത്സുവും ച്യുവാങ്‌സുവും ഗുര്‍ജിഫും റാബിയയും തബ്‌റീസും റൂമിയും ഓഷോയും കൃഷ്ണമൂത്തിയും പറഞ്ഞതില്‍ പലതും ഒന്നായത് അതുകൊണ്ടായിരിക്കണം. വ്യ്ത്യാസപ്പെട്ടതും അതുകൊണ്ടു തന്നെയായിരിക്കണം.
മുമ്പ് പോയവരും ഇപ്പോള്‍ പോയവരും കാണാത്ത പലതും ഇനി പോകുന്നവര്‍ കണ്ടുകൂടെന്നുമില്ല. കാലാകാലം പെയ്യുന്ന മഴയില്‍ മുളച്ചതും വേനലുകളില്‍ കരിഞ്ഞതും പുതിയ യാത്രക്കാര്‍ അധികമായി കണ്ടെന്നുമിരിക്കും. തെറ്റിദ്ധരിക്കണ്ട. ഇതൊന്നും ഞാന്‍ ആരോടും പറയുന്നതല്ല; ഞാന്‍ എന്നോടു തന്നെ പറയുന്നതാണ്. എനിക്ക് എന്നെ തന്നെ ചിലത് ബോധ്യപ്പെടുത്തേണ്ടതുണ്ടായിരുന്നു.




Friday, 18 April 2014

ദു:ഖവെള്ളി നോക്കി നിന്നവരുടെ ദിവസം കൂടിയാണ്


ദു:ഖവെള്ളി ഹൃദയങ്ങളുടെ രാജാവിനെ കല്‍വരിക്കുന്നിലെ കുരിശില്‍ തറച്ച  ദിവസം മാത്രമല്ല; അത് െൈകയ്യുംകെട്ടി നോക്കി നിന്നവരുടെ ദിവസം കൂടിയാണ്. ഒറ്റുകൊടുത്തവന്‍ ആ 30 വെള്ളിനാണയങ്ങളും വലിച്ചെറിഞ്ഞ് തൂങ്ങിമരിച്ചപ്പോള്‍ അവന്റെ പാപത്തിന്റെ ശമ്പളമായി. എന്നാല്‍ നോക്കി നിന്നവരുടെ പാപം എപ്പോള്‍ എങ്ങനെ തീരും..?

ജീവിച്ചിരിക്കുമ്പോള്‍ ക്രിസ്തുവിനെ  മാത്രമല്ല; സെന്റ് ഫ്രാന്‍സിസ് ഉള്‍പ്പെടെയുള്ള പുണ്യാളന്മാരെയും നിങ്ങള്‍ അവഗണിക്കുകയും അവഹേളിക്കുകയും ചെയ്തു. പിന്നീട് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തെറ്റുതിരുത്തുന്നതു പോലെ ദശകങ്ങളോ ശതകങ്ങളോ കഴിയുമ്പോള്‍ അവരെ വിശുദ്ധരായി പ്രഖ്യാപിക്കുന്നു.
അതെ, ജീവിച്ചിരിക്കുന്നവരെ നിങ്ങള്‍ക്ക് ഭയമാണ്. അരുത് എന്ന് പറയാന്‍ അവരില്ലാത്ത കാലത്ത് മാത്രമേ നിങ്ങള്‍ അവരുടെ ആളാവുകയുള്ളൂ.

ഫാന്‍സിസ് മാര്‍പാപ്പ ഇന്നലെ റോമിന്റെ പ്രാന്തപ്രദേശത്തു പോയി പാവപ്പെട്ടവരും രോഗികളും വികലാംഗരും അന്യമതസ്ഥരുമായ 12 പേരുടെ കാല്‍ കഴുകി ചുംബിച്ചതായി കേട്ടു. മാര്‍പാപ്പാ അങ്ങ് പ്രവര്‍ത്തിയിലാണ് വിശ്വസിക്കുന്നതെങ്കില്‍ അതൊന്നുമല്ല ചെയ്യേണ്ടത്.  വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തീവെട്ടിക്കൊള്ള അവസാനിപ്പിച്ച് സാധാരണക്കാരുടെ മക്കളോട് കരുണ കാട്ടാന്‍ കേരളത്തിലെ കത്തോലിക്കാ സഭക്ക് നിര്‍ദ്ദേശം നല്‍കുകയാണ് വേണ്ടത്. അതല്ല; അങ്ങും പ്രതീകാത്മകയിലാണ് വിശ്വസിക്കുന്നതെങ്കില്‍ അയാം സോറി പാപ്പാ...സോറി

Thursday, 17 April 2014

ഉമ്മന്‍ ചാണ്ടിക്ക് ഓട്ടോ റിക്ഷ ഓടിക്കാനാവില്ല

ഞാന്‍ വെറുതെ ആലോചിക്കുകയായിരുന്നു, ലൈംലൈറ്റില്‍ തിളങ്ങി നില്‍ക്കുന്ന രാഷ്ട്രീയക്കാരുടെയും സിനിമാ താരങ്ങളുടെയും പോംവഴിയില്ലായ്മകളെക്കുറിച്ച്. രാഹുല്‍ ഗാന്്ധിയോ പ്രാകാശ് കാരാട്ടോ  ഉമ്മന്‍ചാണ്ടിയോ പിണറായി വിജയനോ മമ്മൂട്ടിയോ മോഹന്‍ലാലോ  സുരേഷ് ഗോപിയോ അതുപോലുള്ള മറ്റുള്ളവരോ  ഇപ്പോഴുള്ള രംഗത്തു നിന്ന് നാളെ നിഷ്‌ക്കാസനം ചെയ്യപ്പെട്ടാല്‍ അവര്‍ എന്തു പണിചെയ്ത് ജീവിക്കും?  എനിക്കോ നിങ്ങള്‍ക്കോ അങ്ങനെ സംഭവിച്ചാല്‍  പല പണിയും ചെയ്യാം. എന്നാല്‍ അവര്‍ക്ക് ഓട്ടോ റിക്ഷ ഓടിക്കാനാവില്ല, സെയില്‍സ്മാനാവാന്‍ സാധിക്കില്ല, ഹോട്ടലില്‍ വെയിറ്ററാവാനും പറ്റില്ല. ഉയരത്തിലെത്തുന്തോറും വീഴ്ചയുടെ ആഘാതം വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും..
 എന്നാല്‍ ഇക്കാര്യം എന്നേക്കാള്‍ മുന്നേ അവര്‍ ചിന്തിച്ചിരുന്നു എന്നതിന്റെ തെളിവാണ്  വ്യാപകമായ അഴിമതിയും ബിനാമിസ്ഥാപനങ്ങളും സ്വിസ് ബാങ്ക് നിക്ഷേപവും അച്ചാര്‍ ചെമ്മീന്‍ കമ്പനികളും റിയല്‍ എസ്റ്റേറ്റ് കച്ചവടവുമെല്ലാം.
ഇപ്പോള്‍ ഇത് പറയാന്‍ കാരണം സുരാജ് വെഞ്ഞാറമൂടിന്റെ ദേശീയ അവാര്‍ഡാണ്. ഈ അവാര്‍ഡ് സലീംകുമാറിന് കിട്ടിയപ്പോഴും ഞാന്‍ ഇങ്ങനെയൊക്കെ ചിന്തിച്ചിരുന്നു. സലീം കുമാറിന്റെ കാര്യത്തില്‍ ഞാന്‍ ഭയപ്പെട്ടതു തന്നെ സംഭവിച്ചതായി ഇന്നലെ അദ്ദേഹം തന്നെ തുറന്നു പറയുകയുണ്ടായി.
 കല സമത്വവും സ്വാതന്ത്ര്യവുമാണ്. അംഗീകാരങ്ങള്‍ കാലത്തിന്റെ മറുപടിയുമാണ്.  എന്നാല്‍ കലാരംഗത്തു പോലും വളരുന്തോറും ചെറുതാകുന്ന ദുരവസ്ഥ നിലിനില്‍ക്കുന്നു. താന്‍ നായകനാവുന്ന സിനിമയില്‍ ലൈറ്റ് ബോയ് ആരായിരിക്കണം എന്നുവരെ തീരുമാനിക്കുന്ന നടന്മാരുള്ള സംസ്ഥാനമാണ് കേരളം. അതുകൊണ്ടു തന്നെ ദേശീയ അവാര്‍ഡ് സുരാജിന്റെ കഞ്ഞിയിലെ മണ്ണാകുമോ എന്ന്് ഭയപ്പെടേണ്ടിയിരിക്കുന്നു. ദേശീയ അവാര്‍ഡ് ലഭിച്ച ശേഷം പലരും മാറ്റിനിര്‍ത്തിയിരുന്നതായ സലീം കുമാറിന്റെ വെളിപ്പെടുത്തല്‍ അത് ശരിവക്കുന്നുമുണ്ട്.  അതിനാല്‍ തന്നെ എനിക്ക് സുരാജിനോട് പറയാനുള്ളത് ചെമ്മീന്‍ കമ്പനി തുടങ്ങാനായില്ലെങ്കില്‍ തീപ്പെട്ടിക്കമ്പനിയെങ്കിലും തുടങ്ങിവെക്കണം. നാളെ അതൊരു പോംവഴിയായേക്കാം. നേരത്തെ അത് കിട്ടിയവരും ഇതുവരെ അത് കിട്ടാത്തവരും ഒരുപോലെ താങ്കള്‍ക്കെതിരായേക്കാം. കിട്ടിയവര്‍ക്ക് അവരും താങ്കളും തമ്മിലുള്ള അന്തരം ഇല്ലാതായതിന്റെയും കി്ട്ടാത്തവര്‍ക്ക് അവരും താങ്കളും തമ്മിലുള്ള അന്തരം വര്‍ദ്ധിച്ചതിന്റെയും കുശുമ്പുണ്ടാവും. ഹാസ്യതാരങ്ങളെ സിനിമയിലെ വെള്ളംകോരികളും വിറകുവെട്ടികളുമായി കാണാനാണ് അവര്‍ക്കെന്നും ഇഷ്ടം. അതുകൊണ്ട് തന്നെ ഭയപ്പെടണം, വിലക്കുകളുടെ പുണ്യഭൂമി കൂടിയാണ് മലയാള സിനിമ.

Tuesday, 8 April 2014

എന്റെ കണ്ണുകളിലൂടെ നിങ്ങളുടെ ലോകം കാണാനാവില്ല


സ്വന്തമായി കാണാനും അതുവഴി അറിയാനും ഇഷ്ടമുള്ള വഴികളിലൂടെ അന്യനെ കൂട്ടിമുട്ടാതെ സഞ്ചരിക്കാനുമാണ് നമുക്ക് കണ്ണുകള്‍. സ്വന്തമായി കാണുക എന്നാല്‍ സ്വന്തം ലോകം കാണുകയെന്നാണ്. ഞാന്‍ എന്താണ് എന്നതിനെ ആശ്രയിച്ചിരിക്കും ഞാന്‍ കാണുന്ന ലോകവും. പുറത്തുകാണുന്നതു മാത്രമല്ല ലോകം, അകത്തുമുണ്ട്. അതിനേക്കാള്‍ വലിയൊരു ലോകം. അകത്തുള്ള ലോകത്തെയാണ് പുറത്ത് കാണുന്നതെന്ന് ച്യുവാങ്‌സുവും സൂഫീഗുരുക്കന്മാരും പറഞ്ഞിട്ടുള്ളതായി കേട്ടിട്ടുണ്ട്. ഓഷോയും പറഞ്ഞിട്ടുണ്ട്; നരകം പേറി നടക്കുന്നവന്‍ സ്വര്‍ഗ്ഗവത്തിലെത്തിയാല്‍ അയാള്‍ അവിടെയും ഒരു നരകം കണ്ടെത്തുമെന്ന്.

ഇത്രയും ഇപ്പോള്‍ പറയേണ്ടിവന്നത് അവന്റെ കണ്ണിലൂടെ എന്റെ ലോകം കാണണമെന്നും എന്റെ കണ്ണിലൂടെ അവന്റെ ലോകം കാണണമെന്നും പലരും പരസ്പരം വാശിപിടിക്കുന്നതുകൊണ്ടാണ്. അത് അസാധ്യമായ സംഗതിയാണ്. കാരണം ഇന്ന് ഒറ്റലോകം നിലവിലില്ല. ഓരോരുത്തരും ഓരോ ലോകമാണ്. അതുകൊണ്ടു തന്നെ ഓരോ വ്യക്തിയും കാണുന്നത് ഓരോ ലോകമാണ്. മാനസിക അടുപ്പമുള്ളവര്‍ കാണുന്ന ലോകങ്ങള്‍ക്ക് അല്പം സാമ്യമുണ്ടാകാമെങ്കിലും അതും ഒറ്റലോകമല്ല. ഓരോ കാഴ്ചയും വ്യത്യസ്ഥമാണ്. നീയും ഞാനും കാണുന്നത് ഒന്നാവണമെങ്കില്‍ നീ ഞാന്‍ ആവുകയോ അല്ലെങ്കില്‍ ഞാന്‍ നീ ആവുകയോ വേണം. അല്ലെങ്കില്‍ സ്വന്തം കണ്ണുകള്‍ ഉപയോഗിക്കാതെ ആള്‍ദൈവമോ നേതാവോ ഉസ്താദോ പറയുന്നത് കണ്ണടച്ച് വിശ്വസിക്കണം. അത്തരം കൂട്ടങ്ങള്‍ കാണുന്നത് ഒരേ കാഴ്ചയായിരിക്കും. അവര്‍ ഒരേ ലോകത്തു ജീവിക്കുന്നവരായിരിക്കും. എന്നാല്‍ എല്ലാവരും സ്വന്തം കണ്ണുകള്‍ ഉപേക്ഷിക്കണമെന്ന് നിര്‍ബന്ധിക്കരുത്. അതും ഒരു തരം ഫാസിസമാണ്.

ഓരോ ലോകവും വ്യത്യസ്തമാണെങ്കിലും
എല്ലാ ലോകങ്ങളും തമ്മില്‍
ഒരു പാലം സാധ്യമാണ്.



യാത്രികര്‍ ധ്യാന്‍ കിജിയേ



യാത്ര തീവണ്ടിയിലാണെങ്കില്‍ കണ്ണൂരില്‍ നിന്ന് വടക്കോട്ട് മംഗാലാപുരം വഴി പോയാലും തെക്കോട്ട് പാലക്കാട്ട് വഴി പോയാലും ബാംഗ്ലൂരില്‍ തന്നെ എത്തുന്നു. തൃശൂരിലുള്ളവര്‍ക്ക് ബസ്സിന് പോകാനാണ് താല്‍പര്യമെങ്കില്‍ പാലക്കാട് സേലം വഴി പോയാലും കോഴിക്കോട് കല്പറ്റ ബത്തേരി വഴി പോയാലും ബാംഗ്ലൂരിലെത്തുന്നു. അത് ഗണിതത്തിലേക്കു വന്നാല്‍ അഞ്ചിനോട് അഞ്ച് കൂട്ടിയാലും എട്ടിനോട് രണ്ട് കൂട്ടിയാലും മൂന്നിനോട് ഏഴു കൂട്ടിയാലും അതല്ല ഗുണിക്കുകയാണ് ഇഷ്ടമെങ്കില്‍ അഞ്ചിനോട് രണ്ട് ഗുണിച്ചാലും ഹരണം താല്പര്യമുള്ളവര്‍ക്ക് ഇരുപതിനെ രണ്ടു കൊണ്ട് ഹരിച്ചാലും പത്തു തന്നെ ഉത്തരം കിട്ടുന്നു. എല്ലാ വഴികളും ഒരേ ഉത്തരത്തിലേക്കു നീളുമ്പോള്‍ വഴികള്‍ക്കില്ലാത്ത പ്രശ്‌നം യാത്രികര്‍ തമ്മിലെന്തിന്..?

Monday, 7 April 2014

വിശുദ്ധ നരകത്തില്‍ നിന്ന്


അമൃതാനന്ദമയി മഠത്തെ കുറിച്ച്  ഗെയ്ല്‍ ട്രെഡ്വെല്‍ എഴുതിയ 'വിശുദ്ധ നരകത്തിലെ പ്രസക്തഭാഗങ്ങള്‍ സുനിതാ ദേവദാസ് പങ്കുവെക്കുന്നു. ഞെട്ടുകയോ ഞെട്ടാതിരിക്കുകയോ യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം.

ഗെയ്ല്‍ എന്ന സ്ത്രീയുടെ ആത്മകഥ എന്നതിനപ്പുറം ഒരു സാധാരണ മുക്കുവ കുടുംബത്തില്‍ ജനിച്ച സുധാമണി എന്ന സ്ത്രീ അമൃതാനന്ദമയി ആയി മാറുന്നതിന്റെ നേര്‍ചിത്രം കൂടിയാണ് വിശുദ്ധ നരകം എന്ന പുസ്തകം. വിദ്യാഭ്യാസമോ ലോകവിവരമോ പണമോ ഇല്ലാത്ത ഒരു സ്ത്രീ കണ്ണടച്ചു തുറക്കുന്ന വേഗതയില്‍ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപയായി മാറുന്നതിന് അവലംബിച്ച മാര്‍ഗങ്ങളും ഇതിലുണ്ട്.അതിനിടയില്‍ ആത്മീയകേന്ദ്രം എന്ന പേരില്‍ നടത്തുന്ന സ്ഥാപനത്തില്‍ നിന്നും ആത്മീയതയുടെ അവസാന തരിപോലും പടിയിറങ്ങി പോകുന്നതും വിശ്വാസിയേയും അവിശ്വാസിയേയും ഒരു പോലെ അലോസരപ്പെടുത്തും എന്നതില്‍ സംശയമില്ല. ഈ പുസ്തകം അത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ടതും അതുകൊണ്ടു കൂടിയാവാം. സ്നേഹത്തിന്റേയും കാരുണ്യത്തിന്റേയും സഹനത്തിന്റേയും അവസാന കണികയും വറ്റിയ ആശ്രമഭൂവില്‍ നിന്നും നിസഹായയായ ഒരു യുവതി വിളിച്ചു പറയുന്ന ചില അപ്രിയ സത്യങ്ങളായി തന്നെ ഇതിനെ കണക്കാക്കാം. അമൃതാനന്ദമയിയെ പറ്റിയുള്ള അസുഖകരമായ പരാമര്‍ശങ്ങള്‍ ഇതിലുണ്ട്. എന്നാല്‍ ഈ പുസ്തകത്തിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നത് മറ്റൊരു ഘടകമാണ്.വിവിധ ആശ്രമങ്ങള്‍ക്കകത്ത് എന്തു നടക്കുന്നു എന്നു കൃത്യമായറിയാതെ ആത്മാന്വേഷണങ്ങള്‍ക്കിടയില്‍ പൊലിഞ്ഞു പോയ എല്ലാ ആത്മാക്കളുടേയും കഥയാണിത്. അതിലുപരി കപട ആശ്രമത്തിന്റേയും അരമന രഹസ്യങ്ങളും നിലവറക്കഥകളും കൂടിയാണിത്.
ഹിപ്പോക്രസിയും അനീതിയും അസമത്വവും അഴിമതിയും അരാചകത്വവും വാഴുന്ന ആധുനിക ആദ്ധ്യാത്മിക കേന്ദ്രങ്ങളിലേക്ക്, ഗെയ്‌ലിന്റെ വിശുദ്ധ നരകത്തിലേക്ക് നമുക്കും ഹ്രസ്വസഞ്ചാരം നടത്താം. ഗായത്രി എഴുതുന്നു:
കഴിഞ്ഞ ദിവസം രാത്രിയാണ് ഞാന്‍ ഈ വീട്ടിലത്തെിയത്. അപ്പോള്‍ മുതല്‍ എന്റെ സന്യാസവസ്ത്രം ആരും കാണാതിരിക്കാന്‍ കറുത്ത കമ്പിളി കൊണ്ട് പുതച്ചാണ് ഞാനിരിക്കുന്നത്. അയല്‍വാസികള്‍ എന്നെ തിരിച്ചറിയുമെന്നും ഞാനിവിടെയുണ്ടെന്ന് ആശ്രമത്തിലറിയിക്കുമെന്നും ഞാന്‍ ഭയന്നു. എന്റെ ലോകം അമ്മയും ആശ്രമവുമായിരുന്നു.എന്നെ എല്ലാവര്‍ക്കും അറിയാമായിരിക്കും എന്ന് എന്റെ വിഡ്ഡിത്തരംകൊണ്ട് ഞാന്‍ വെറുതെ ഊഹിച്ചു. എന്റെ താല്‍പര്യം പരിഗണിക്കാതെ അമ്മയെന്നെ ബലമായി ആശ്രമത്തിലേക്ക് കൊണ്ടു പോകുമെന്നും കഠിനമായി ശിക്ഷിക്കുമെന്നും ഞാന്‍ ഭയന്നു. കാരണം ആശ്രമത്തിലെ എല്ലാ രഹസ്യങ്ങളും എന്നോടൊപ്പം പുറത്തുവന്നിരിക്കയാണ്. അമ്മയുടെ വ്യാജവിശുദ്ധിക്ക് ഞാനൊരു ഭീഷണിയായി തുടരുമെന്ന് എനിക്കു തന്നെ അറിയാം.
ആശ്രമത്തില്‍ നിന്നും പുറത്തു വന്ന സാഹചര്യം, മാനസികാവസ്ഥ, വരാനിരിക്കുന്ന വിപത്തുകള്‍ ഒക്കെ ഈ വാക്കുകള്‍ പ്രതിഫലിപ്പിക്കുന്നു.
ആസ്‌ട്രേലിയയിലെ ട്രെഡ്വെല്‍ കുടുംബത്തില്‍ 1958ല്‍ ജനിച്ച ഗെയ്ല്‍ ട്രെഡ്വെല്‍ മിടുക്കിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്നു. പത്താം വയസില്‍ തന്നെഎഴുത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും സ്‌കൂളില്‍ നടക്കുന്ന രചനാ മത്സരങ്ങളില്‍ സമ്മാനം നേടുകയും ചെയ്തിരുന്നു.
1978 മാര്‍ച്ച് 21നാണ് തന്റെ ബോയ്ഫ്രണ്ടിനോടൊപ്പം ഗെയ്ല്‍ കല്‍ക്കട്ടയില്‍ എത്തുന്നത്. ഇന്ത്യ സന്ദര്‍ശിക്കാനുള്ള അടക്കാനാവാത്ത ആഗ്രഹമായിരുന്നു അതിനു പുറകില്‍. എങ്കിലും ഇന്ത്യയില്‍ വന്നിറങ്ങിയപ്പോള്‍ അല്‍പ്പം പേടിയുണ്ടായിരുന്നു എന്നു ട്രെഡ്വെല്‍ തന്റെ പുസ്തകത്തില്‍ രേഖപ്പെടുത്തുന്നു. ഇന്ത്യയിലെ ദാരിദ്ര്യത്തിന്റേയും യാചകരുടേയും കുഷ്ഠ രോഗികളുടേയും പിടിച്ചുപറിക്കാരുടേയും കള്ളന്മാരുടേയും കഥകളാണ് വിദേശസഞ്ചാരികള്‍ പറഞ്ഞ് ഗെയ്‌ലും കേട്ടിരുന്നത്. എന്നാല്‍ താന്‍ കണ്ട ഇന്ത്യയെ ഗെയ്ല്‍ രേഖപ്പെടുത്തുന്നത് ഇങ്ങനെയാണ്. ലളിത ജിവിതം, വര്‍ണ്ണപ്പൊലിമ, കാറ്റിലൂടെ ഒഴുകി വരുന്ന വിസ്മയകരമായ സുഗന്ധങ്ങള്‍, ദാരിദ്രത്തിലും നിറഞ്ഞ സന്തോഷത്തോടെ ജീവിക്കുന്ന ജനങ്ങള്‍.
ചെറുപ്പം മുതലെ ഓജോ ബോര്‍ഡിലും ഭാവി പ്രവചനത്തിലും ഇന്ത്യന്‍ ആത്മീയതയിലും പ്രപഞ്ചരഹസ്യങ്ങളിലും ആകൃഷ്ടയായിരുന്നു ഗെയ്ല്‍. ഇന്ത്യ പെട്ടെന്ന് വിട്ടു പോകാന്‍ ഗെയ്‌ലിനു മനസു വന്നില്ല. എന്നാല്‍ ഗെയ്‌ലിന്റെ ബോയ്ഫ്രണ്ടിന് ഒരു ആത്മീയാന്വേഷണയാത്രയോട് താല്‍പര്യമില്ലായിരുന്നു.നേപ്പാളില്‍ വച്ച് അവര്‍ വേര്‍പിരിഞ്ഞു.
19 വയസു മാത്രം പ്രായമുണ്ടായിരുന്ന ഗെയ്‌ലിന്റെ ജീവിതത്തിന്റെ നീണ്ട 21 വര്‍ഷങ്ങള്‍ പിന്നീട് ഇന്ത്യയിലായിരുന്നു.
പലയിടങ്ങളിലും ചുറ്റിക്കറങ്ങിഒടുവില്‍ കോയമ്പത്തൂരിലുള്ള തിരുവണ്ണാമലയിലെ രമണ മഹര്‍ഷിയുടെ ആശ്രമത്തില്‍ എത്തി. ഇന്ത്യന്‍ ആത്മീയതയോടുള്ള താല്‍പര്യത്തിനു പുറമെ ജന്മനാടുപേക്ഷിക്കാനുള്ള കാരണം വ്യക്തമാക്കുന്നുണ്ട്.
ഒരു സാധാരണ കുടുംബത്തിലെ നാലു മക്കളില്‍ ഒരാളായിരുന്നു ഗെയ്ല്‍. മാതാപിതാക്കള്‍ തമ്മിലുണ്ടായിരുന്ന അകല്‍ചയും വഴക്കും ഞങ്ങള്‍ കുട്ടികളേയും ബാധിച്ചിരുന്നുവെന്ന് പുസ്തകത്തിലുണ്ട്. അമ്മ നല്ല വീട്ടമ്മയായിരുന്നെങ്കിലും ഒരിക്കലും ഒന്നു കെട്ടിപിടിക്കുകയോ സ്നേഹം ;പകടിപ്പിക്കുകയോ ചെയ്തിരുന്നില്ല. ഗെയ്ല്‍ തിരുവണ്ണാമലയിലത്തെി ദിവസങ്ങള്‍ക്കകം മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു. ഒരു യാഥാസ്ഥിതിക ക്രിസ്റ്റ്യന്‍ കുടുംബത്തില്‍ ജനിച്ച അവര്‍ സ്നേഹവും ആത്മീയതയും തേടിയാണ് ഇന്ത്യയിലത്തെിയത്.
രമണസമാധിയില്‍ ധ്യാനിച്ചും ഇന്ത്യന്‍ ജീവിതം പഠിക്കാന്‍ ശ്രമിച്ചും ഒരു വര്‍ഷം രമണമഹര്‍ഷിയുടെ ആശ്രമത്തില്‍ കഴിച്ചുകൂട്ടി. അവിടെവച്ചാണ് അമൃതാനന്ദമയിയുടെ ഭക്തനായ ചന്ദ്രുവിനെ പരിചയപ്പെടുന്നതും അമൃതാനന്ദമയിയെക്കുറിച്ചു കേള്‍ക്കുന്നതും അവരുടെ ഫോട്ടോ കണ്ട് ആകൃഷ്ടയായി വള്ളിക്കാവിലത്തെുന്നതും.

'സര്‍വാശ്‌ളേഷിയായ വിശുദ്ധ' എന്ന് ഗെയ്ല്‍ ട്രെഡ്വെല്‍ വിശേഷിപ്പിക്കുന്ന അമൃതാനന്ദമയിയുടെ ആശ്രമത്തില്‍വെച്ചാണ് ഗായത്രി എന്ന പേര് സ്വീകരിക്കുന്നത്. 20 വര്‍ഷത്തെ ദുരിതജീവിതത്തിനുശേഷം 1999 നവംബറോടെയാണ് ആശ്രമം വിട്ടത്.
എന്നാല്‍, ആശ്രമത്തിലെ അനുഭവങ്ങള്‍ വര്‍ഷങ്ങളോളം തുറന്നുപറയാന്‍ ധൈര്യപ്പെട്ടില്ല. കടുത്ത മാനസികശാരീരിക പീഡനങ്ങള്‍ക്കിരയായ ഗെയ്‌ലിന് അനുഭവങ്ങള്‍ തുറന്നുപറയാനുള്ള മനോധൈര്യമുണ്ടാവാന്‍ വര്‍ഷങ്ങളെടുത്തു.
ആശ്രമത്തില്‍ നടക്കുന്ന സാമ്പത്തിക ക്രമക്കേടുകളുടെയും ലൈംഗിക പീഡനങ്ങളുടെയും അധികാര ദുര്‍വിനിയോഗത്തിന്റെയും ഞെട്ടിക്കുന്ന കഥകളാണ് പുസ്തകത്തിലെ പ്രതിപാദ്യം. വിശുദ്ധ നരകത്തിലെ പ്രധാന കഥാപാത്രങ്ങള്‍ അമൃതാനന്ദമയിയും ബാലുവുമാണ്. അമൃതസ്വരൂപാനന്ദ ആശ്രമത്തില്‍ ചേരുന്നതിനു മുമ്പ് ബാലു എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. 1979 ലാണ് അമൃതസ്വരൂപാനന്ദ ആശ്രമവാസിയാകുന്നത്.തുടര്‍ന്ന് ബ്രഹ്മചാരി അമൃതാത്മ ചൈതന്യ എന്ന പേരു സ്വീകരിച്ചു. 1989 ല്‍ സന്യാസം സ്വീകരിച്ചപ്പോള്‍ അമൃതസ്വരൂപാനന്ദയായി. ഏറ്റവും കൂടുതല്‍ ആരോപണങ്ങള്‍ അമൃത സ്വരൂപാനന്ദയെക്കുറിച്ചാണ്.
ആശ്രമത്തിനകത്തുവെച്ച് 'ബാലു' അവരെ നിരവധി തവണ ക്രൂരമായി ബലാത്സംഗം ചെയ്തതിന്റെ വിശദമായ വിവരണം പുസ്തകത്തിലുണ്ട്.
വിദേശവനിതകള്‍ വഴിവിട്ട് ജീവിക്കുന്നവരാണെന്ന ധാരണ കേരളീയര്‍ക്കുണ്ടെന്നും എന്നാല്‍, അത് ശരിയല്‌ളെന്നും ആത്മീയജീവിതം ആഗ്രഹിച്ച് മനസ്സും ശരീരവും ഈശ്വരന് സമര്‍പ്പിക്കാനാഗ്രഹിച്ച തനിക്ക് ഈ ബലാത്സംഗങ്ങള്‍ താങ്ങാന്‍ കഴിയാത്തതായിരുന്നു എന്നും ഗെയ്ല്‍ വ്യസനസമേതം പറയുന്നു.1981 ല്‍ ഗര്‍ഭപാത്ര മുഴക്ക് ചികിത്സ തേടി ആശുപത്രിയിലത്തെിയപ്പോള്‍ അത് ഗര്‍ഭപാത്രം സ്ഥാനം തെറ്റുന്നതാണെന്ന് ഡോക്ടര്‍ കരുതി. ഈ രോഗത്തിന്റെ കാരണം സാധാരണ സ്ത്രീകള്‍ക്ക് തുടര്‍ച്ചയായുള്ള പ്രസവങ്ങളും നിങ്ങള്‍ വിദേശവനിതയായതു കൊണ്ട് അമിതലൈംഗിക ബന്ധവുമാകാം കാരണം എന്നു ഡോക്ടര്‍ പറഞ്ഞതായി ഗെയ്ല്‍ സങ്കടത്തോടെ എഴുതുന്നു.
20 വയസ് പ്രായമുള്ള ഗായത്രി അമൃതാനന്ദമയിയുടെ അടുത്തത്തെുമ്പോള്‍ ആശ്രമം പണിതിട്ടില്ല.
അമൃതസ്വരൂപാനന്ദയടക്കം അഞ്ചോ ആറോ ശിഷ്യന്‍മാര്‍. ചന്ദ്രു, ബാലു എന്ന അമൃതസ്വരൂപാനന്ദ,വേണു, ശ്രീകുമാര്‍, വിദേശിയായ നീലു, തുടങ്ങിയവരായിരുന്നു അവര്‍.
1980 ജനുവരിയിലാണ് ഗെയ്ല്‍ ആശ്രമത്തിലത്തെുന്നത്.
ഗായത്രി എഴുതുന്നു:
ആദ്യകാഴ്ചയില്‍ തന്നെ അമ്മ നിറഞ്ഞ ചിരിയോടെ ചന്ദ്രുവിനോട് എന്തോ പറഞ്ഞു. എന്റെ പാദസരം അമ്മക്ക് ഇഷ്ടമായി എന്നാണ് പറഞ്ഞതെന്ന് ചന്ദ്രു എന്നോട് പറഞ്ഞു. പിന്നീട് പലപ്പോഴും അമ്മ എന്റെ പാദസരം ഇഷ്ടത്തോടെ നോക്കുന്നത് ഞാന്‍ കണ്ടു. അതമ്മക്കു നല്‍കാന്‍ ഞാന്‍ തീരുമാനിച്ചു.എന്റെ വെള്ളിയാഭരണങ്ങള്‍ ഞാന്‍ ആദ്യമേ അമ്മക്കു നല്‍കിയിരുന്നു.
ഞാന്‍ എന്റെ പാദസരം ഊരി നല്‍കി. ഉടന്‍ അമ്മ അവരുടെ പാദസരം ഊരി എന്റെ കാലിലും അണിയിച്ചു. പരസ്പരം കൊലുസുകള്‍ കൈമാറിയപ്പോള്‍ എനിക്കു തോന്നി ഞങ്ങളുടെ ആത്മാവുകള്‍ തമ്മിലുള്ള വിവാഹ ചടങ്ങായിരുന്നു അതെന്ന്.
വര്‍ഷങ്ങള്‍ക്കു ശേഷം ആശ്രമത്തിനും അമൃതാനന്ദമയിക്കുമുണ്ടായ മാറ്റത്തെക്കുറിച്ച് ഗായത്രി ഇങ്ങനെ എഴുതി:
എനിക്കിപ്പോള്‍ ഇതൊരു ആശ്രമമാണെന്നു തോന്നുന്നില്ല. ഇപ്പോഴിതിന്റെ സ്ഥാനം ഒരു തീം പാര്‍ക്കിന്റേയും ബിസിനസ് പാര്‍ക്കിന്റേയും ഇടയിലാണ്. ആയുര്‍വേദ ചികില്‍സാ കേന്ദ്രം, ഡിസ്‌പെന്‍സറി, ടൈലറിംങ് ഷോപ്പ്, കാന്റീനുകള്‍, അലക്കുകേന്ദ്രം, പ്രിന്റിങ് പ്രസ്, കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റിയൂട്ട്, ഹോസ്റ്റല്‍, സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രി, എഞ്ചിനീയറിങ് കോളേജ്, അനാഥാലയങ്ങള്‍, സ്‌കൂളുകള്‍, ആശ്രമത്തിന്റെ ശാഖകള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ ആശ്രമത്തിന്റേതായുണ്ട്. സ്വാശ്രയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആത്മീയ മേഖലയില്‍ എന്താണു ചെയ്യാനുള്ളതെന്ന് ഞാന്‍ അത്ഭുതപ്പെടാറുണ്ട്.
ആത്മനിയന്ത്രണമില്ലായ്മ, കൗശലം, അധികാര ദുര്‍വിനിയോഗം എന്നിവയുള്ളിടത്ത് അഴിമതിയും ഉണ്ടായിരിക്കുമെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്.സങ്കടത്തോടെ പറയട്ടെ ആശ്രമവും അതില്‍ നിന്നും മുക്തമായിരുന്നില്ല. സ്വര്‍ണത്തേയും പണത്തേയും അമ്മ ഒരു കാന്തത്തെപ്പോലെ ആകര്‍ഷിക്കുമായിരുന്നു.അമ്മയുടെ നിലവറകള്‍ എപ്പോഴും നിറഞ്ഞിരുന്നു. സമ്പന്നര്‍ക്കും കൈയയച്ച് സംഭാവന നല്‍കുന്നവര്‍ക്കും അമ്മ പരവതാനി വിരിച്ചു. ഞാന്‍ ആദ്യം കരുതി അമ്മ പണക്കാരില്‍ നിന്നും എടുത്ത് പാവപ്പെട്ടവര്‍ക്കു നല്‍കുന്ന ആധുനിക റോബിന്‍ഹുഡ് ആണെന്ന്. താമസിയാതെ എനിക്കു മനസിലായി സമ്പത്തു മുഴുവന്‍ അമ്മയുടെ കുടുംബത്തിലേക്കാണ് ഒഴുകുന്നതെന്ന്. വീണ്ടും വീണ്ടും ആളുകള്‍ സംഭാവന നല്‍കിക്കൊണ്ടിരുന്നു. അവര്‍ കരുതി സംഭാവനയെല്ലാം സാധുജനസേവനത്തിനാണ് വിനിയോഗിക്കുന്നതെന്ന്.
ഭക്തര്‍ തങ്ങളുടെ സ്വകാര്യമായ കാര്യങ്ങള്‍ പോലും അമ്മയോടു പറയാറുണ്ടായിരുന്നു. അവരുടെ ധാരണ ഇതൊക്കെ എല്ലാക്കാലത്തും രഹസ്യമായിത്തന്നെ ഇരിക്കുമെന്നാണ്. എന്നാല്‍ അമ്മ പലയിടത്തും ഇതൊക്കെ ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു.എന്നാല്‍ അതേ സമയം ചില വലിയ സത്യങ്ങള്‍ എല്ലാക്കാലത്തും മൂടിവക്കപ്പെട്ടു.
***
ബാലു മാത്രമായിരുന്നില്ല അമ്മയുമായി അടുത്തിട പഴകിയിരുന്നത്. റാവുവുമായി അമ്മക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. അമ്മയുടെ താമസസ്ഥലത്തോട് ചേര്‍ന്നാണ് റാവുവിന്റെ ക്വാര്‍ട്ടേഴ്‌സ്. അമ്മയുടെ മുറിയുടെ താക്കോല്‍ റാവുവിന്റെ പക്കലും ഉണ്ടായിരുന്നു. അര്‍ദ്ധരാത്രികളില്‍ റാവു അമ്മയുടെ മുറിയില്‍ വരാറുണ്ടായിവുന്നു. അവര്‍ തമ്മില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ഞാന്‍ നേരിട്ടു കണ്ടിട്ടില്ല.എന്നാല്‍ അത്തരമൊരു ബന്ധം ഉണ്ടെന്നു സംശയിക്കാവുന്ന ധാരാളം തെളിവുകള്‍ ഞാന്‍ കണ്ടു. ശുക്‌ളം വീണു നനഞ്ഞ കിടക്കവിരികള്‍, കുളിമുറിയില്‍ നനച്ചിട്ടിരിക്കുന്ന ടൗവലുകള്‍, .......
ഒരു ദിവസം ചില പ്‌ളംബിങ് ജോലികള്‍ക്കായി റാവുവിന്റെ താമസസ്ഥലത്തിനു ചുറ്റും കുഴിച്ചപ്പോള്‍ ധാരാളം മീന്‍ മുള്ളുകളും ഗര്‍ഭനിരോധന ഉറകളും ലഭിച്ചു.തൊഴിലാളികള്‍ അത്ഭുതത്തോടെ സ്വാമിയുടെ ഡ്രെയിനേജില്‍ മീന്‍ മുള്ളുകളും ഗര്‍ഭനിരോധന ഉറകളും കണ്ടു എന്നു പറഞ്ഞപ്പോള്‍ അമ്മയുടെ വിശദീകരണം പരിതാപകരമായിരുന്നു.
റാവുവിന്റെ മുറിയില്‍ അടുത്ത കാലത്തു ദമ്പതിമാര്‍ താമസിച്ചിരുന്നു എന്ന്് .
അമ്മക്ക് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം ചോറും മീന്‍ കറിയുമാണ്. അമ്മ റാവുവിന് മീന്‍കറി കൊടുത്തയച്ചിരുന്നത് എനിക്കറിയാം. എന്നാല്‍ ഗര്‍ഭനിരോധന ഉറകള്‍........
അടച്ചിട്ട മുറിക്കുള്ളില്‍ അമ്മ പലപ്പോഴും മുതിര്‍ന്ന പുരുഷന്‍മാരോടൊപ്പം ചെലവഴിച്ചു. അതിനു ശേഷം ഉടനെ അമ്മയുടെ മുറിയില്‍ ചെന്നപ്പോഴൊക്കെ അവരുടെ പെറ്റിക്കോട്ട് പുറത്തുചാടി കിടക്കുന്നത്ഞാന്‍ കണ്ടു. അതിനര്‍ത്ഥം ഈ പുരുഷന്‍മാരുടെ സാന്നിദ്ധ്യത്തില്‍ അവരത് ഊരി എന്നാണ്.ഒരു വിദേശിയുമായും അമ്മക്ക് അടുപ്പമുണ്ടായിരുന്നു. അദ്ദേഹം എന്നോടത് തുറന്നു പറഞ്ഞിട്ടുണ്ട്.അയാള്‍ സത്യസന്ധനാണെന്ന് എനിക്കറിയാവുന്നതു കൊണ്ട് അതവിശ്വസിക്കേണ്ട കാര്യമില്ല.

ബാലുവിനെ ആദ്യമായി കണ്ടപ്പോള്‍ തന്റെ മനസില്‍ തോന്നിയത് ഗായത്രി ഇങ്ങനെ രേഖപ്പെടുത്തുന്നു: സ്വപ്നം മയങ്ങുന്ന കണ്ണുകളുള്ള ഇടതൂര്‍ന്ന ഭംഗിയായി വെട്ടിയൊതുക്കിയ ചുരുണ്ട മുടിയുള്ള വിസ്മയിപ്പിക്കുന്ന സൗന്ദര്യമുള്ള തേജസുള്ള പ്രകാശം സ്ഫുരിക്കുന്ന കണ്ണുകളുള്ള ഒരു വ്യക്തി. നീണ്ട മൂക്ക്. വെട്ടിയൊതുക്കിയ മീശയും താടിയും. സ്വര്‍ണനിറം. ഹൃദയം തുറന്ന ചിരി. അല്‍പം വിലക്ഷണമായ ഇംഗ്‌ളീഷില്‍ അയാള്‍ ഞാന്‍ ബാലു എന്നു പരിചയപ്പെടുത്തി.
1987 മെയില്‍ ബാലുവിനെക്കുറിച്ച് ഗായത്രി ഇങ്ങനെ എഴുതി.
ബാലുവും അമ്മയും പലപ്പോഴും ഒന്നിച്ച് സമയം ചെലവഴിക്കാന്‍ ആഗ്രഹിച്ചു. അമ്മയുടെ സന്തത സഹചാരിയായ തന്നോട് അതിനായി പലപ്പോഴും കിടപ്പുമുറിയോടു ചേര്‍ന്നുള്ള ചെറിയ വരാന്തയിലാക്കി വാതലടക്കുമായിരുന്നു. അത് പൊതുവഴി ആയിരുന്നില്ല. മറ്റാര്‍ക്കും ഞാന്‍ കിടപ്പുമുറിയിലാണോ വരാന്തയിലാണോ എന്ന് അറിയാന്‍ പറ്റില്ലായിരുന്നു. ഞങ്ങള്‍ മൂന്നു പേരും ഒന്നിച്ചാണെന്ന് മറ്റുള്ളവര്‍ ധരിച്ചു.ബാലു വരുമ്പോള്‍ അമ്മ എനിക്ക് പുറത്തു പോകാനുള്ള സന്ദേശം തരും. ഞാന്‍ അവരെ തനിച്ചാക്കി വാതിലടച്ച് വരാന്തയില്‍ ഇറങ്ങി നില്‍ക്കും. ആരെങ്കിലും വന്ന ശബ്ദം കേട്ടാലുടന്‍ അകത്തു വരും.
ഒരു ദിവസത്തെ സംഭവം ഗായത്രി ഇങ്ങനെ വിവരിക്കുന്നു:
കുറച്ചു ദിവസങ്ങള്‍ക്കുശേഷം ബാലു അമ്മയിടെ അടുത്തു വന്നിരുന്നു. അമ്മ എനിക്ക് പുറത്തിറങ്ങി നില്‍ക്കാനുള്ള സന്ദേശം തന്നു. ഞാന്‍ വാതിലടച്ച് പുറത്തിറങ്ങി നിന്നു. കുറേ സമയം കഴിഞ്ഞപ്പോള്‍ അമ്മ വാതില്‍ തുറന്നു. ഞാന്‍ അകത്തു കയറി. ബാലുവിന്റെ ടൗവല്‍ അമ്മയുടെ കിടക്കയില്‍ ഉണ്ടായിരുന്നു.മങ്ങിയ വെള്ള നിറത്തിലുള്ള ലിനന്‍ ടൗവല്‍ ഞാനെടുത്തു. എന്നാല്‍ ഞാന്‍ അറപ്പുകൊണ്ട് തണുത്തുറഞ്ഞുപോയി. കാരണം ടൗവല്‍ ശുക്‌ളം വീണ് നനഞ്ഞു കുതിര്‍ന്നിരുന്നു. എന്തുചെയ്യണമെന്നറിയാതെ ഞാന്‍ അമ്പരന്നു നില്‍ക്കുമ്പോള്‍ ബാലു ക്രുദ്ധനായി ഓടി വന്ന് ഞൊടിയിടക്കുള്ളില്‍ ടൗവല്‍ തട്ടിപ്പറിച്ചു.
'അതു നീ കരുതുന്നതല്ല. അത് കഞ്ഞിവെള്ളവും അലക്കുകാരവുമാണ്. എന്റെ ടൗവല്‍ കഞ്ഞിവെള്ളത്തിന്റേയും അലക്കുകാരത്തിന്റേയും മിശ്രിതത്തില്‍ വീണു പോയി.'
ബാലു ഒരു കൊടുങ്കാറ്റു പോലെ പുറത്തേക്കു പോയി.
ഞാനൊരു വിഡ്ഡിയാണെന്ന് അയാള്‍ കരുതുന്നുണ്ടാവുമോ?
ആ സമയത്ത് അമ്മ ബാത്ത്‌റൂമില്‍ ആയിരുന്നു. ലൈംഗികബന്ധം നടന്നെന്നു സൂചിപ്പിക്കുന്ന ശബ്ദങ്ങളൊന്നും പുറത്തേക്ക് കേട്ടിട്ടില്‌ളെങ്കിലും എനിക്ക് അങ്ങനൊരു സംശയം ഉണ്ടായി.
***
കുറച്ചു ദിവസങ്ങള്‍ക്കുശേഷം ഒരു ദിവസം അപ്രതീക്ഷിതമായി അമ്മയുടെ മുറിയുടെ വാതില്‍ തുറന്ന ഞാന്‍ അസാധാരണമായ ഒരു കാഴ്ച കണ്ടു. ബാലു ഒരു ഷര്‍ട്ട് മാത്രമിട്ട് അമ്മയുടെ കിടക്കയില്‍ നില്‍ക്കുന്നു. അമ്മ തൊട്ടടുത്ത് മുട്ടുകുത്തി നില്‍ക്കുന്നു. ഭയചകിതയായ ഞാന്‍ പെട്ടന്ന് വാതില്‍ അടച്ചു.
അതിനു ശേഷം വാതിലില്‍ തട്ടാതെ ഒരിക്കലും ഞാന്‍ അമ്മയുടെ മുറിയില്‍ പ്രവേശിച്ചിട്ടില്ല.
***
കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം അമ്മയും ബാലുവും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഞാന്‍ നേരിട്ടു കണ്ടു. ഞങ്ങള്‍ ഹവായ് ദ്വീപില്‍ എത്തിയതേയുണ്ടായിരുന്നുള്ളു. അമ്മയും ബാലുവും മുറിയില്‍ തനിച്ചായിരുന്നു. ഞാന്‍ വരാന്തയില്‍ നില്‍ക്കുകയായിരുന്നു. പെട്ടന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ അമ്മയുടെ മുറിയുടെ തുറന്നു കിടന്ന വാതിലിലൂടെ അവര്‍ രണ്ടു പേരും കിടക്കയില്‍ കിടക്കുന്നത് ഞാന്‍ കണ്ടു.
***

ഗായത്രിയുടെ അനുഭവങ്ങളില്‍ ബാലു ക്രൂരമായ ലൈംഗിക പീഡനങ്ങള്‍ക്ക് അവരെ വിധേയയാക്കിയതായി തുറന്നു പറയുന്നുണ്ട്.ഗായത്രി എഴുതുന്നു:
ആശ്രമം വിടാനുള്ള എന്റെ തീരുമാനത്തിനു പിന്നില്‍ നിരവധി കാരണങ്ങളുണ്ട്. ലൈംഗിക പീഡനങ്ങള്‍ അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്.
ആശ്രമം വിട്ട് കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ കൌണ്‍സിലിങ്ങിന് പോയിത്തുടങ്ങി. ഒരു ദിവസം കൌണ്‍സലര്‍ എന്നോട് 'നിങ്ങള്‍ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാക്കപ്പെട്ടിട്ടുണ്ടല്‌ളോ' എന്നു പറഞ്ഞു.
ബാലുവില്‍ നിന്നുണ്ടായ ദുരനുഭവങ്ങളുടെ കാരണക്കാരി ഞാന്‍ തന്നെയാണെന്ന ധാരണയും പേറി നടക്കുകയായിരുന്നു ഞാന്‍. ഒരു ഇരയായി ഞാന്‍ എന്നെ അതുവരെ കണ്ടിരുന്നില്ല. പുതിയ കണ്ണടവെച്ച് നോക്കിയപ്പോള്‍ കാര്യങ്ങളുടെ മറുവശം ഞാന്‍ കണ്ടു.
നിരന്തര ലൈംഗികപീഡനത്തിന്റെ ഇരയായിരുന്നു ഞാന്‍. അതുമാത്രമല്ല കുറ്റബോധവും പാപഭാരവും ചുമന്ന് എന്റെ മുതുകൊടിഞ്ഞിരുന്നു. എനിക്ക് സ്വതന്ത്രയാവണമായിരുന്നു. അമ്മയുടെ രഹസ്യങ്ങള്‍ ജീവിതകാലം മുഴുവന്‍ പേറി നടക്കേണ്ട ചുമതല എനിക്കില്‌ളെന്നും ഞാന്‍ തിരിച്ചറിഞ്ഞു.
സ്‌നേഹവും ജ്ഞാനോദയവും തേടിയാണ് ഞാന്‍ ആശ്രമത്തില്‍ ചേര്‍ന്നത്. വിശുദ്ധമായ ആദര്‍ശങ്ങളും ഉന്നതമായ ലക്ഷ്യങ്ങളും എനിക്കുണ്ടായിരുന്നു.
ഒരു ദിവസം പുലര്‍ച്ചെ ബാലുവിനോട് സംസാരിക്കാന്‍ ലൈബ്രറിയിലേക്ക് നടന്നു. പെട്ടെന്ന് അയാള്‍ വാതില്‍ കുറ്റിയിട്ടു എന്നെ വട്ടം ചുറ്റിപ്പിടിച്ചു. എനിക്കെന്തെങ്കിലും മനസ്സിലാവുന്നതിനു മുമ്പ് തറയില്‍ വീണു കിടക്കുന്ന എന്റെ മേല്‍ അയാളുടെ ശരീരമത്തെിയിരുന്നു. വളരെ പെട്ടെന്നാണ് സംഭവിച്ചത്. പ്രതിരോധിക്കാന്‍ അശക്തയായിരുന്നു ഞാന്‍. ആദ്യമായി അയാളെന്നില്‍ പ്രവേശിച്ചപ്പോള്‍ ഞാന്‍ പുളഞ്ഞു പോയി. ഞാന്‍ കന്യകയായിരുന്നില്ല. പക്ഷെ ഒരു പുരുഷന്‍ എന്നില്‍ പ്രവേശിച്ചിട്ട് 6 വര്‍ഷത്തോളമായിരുന്നു. ഭീതിയും ഞെട്ടലുമായിരുന്നു എന്റെ ശരീരത്തിലൂടെ പ്രവഹിച്ചത്. ലൈംഗിക സുഖത്തിന്റെ നേരിയ അംശം പോലും ഞാനനുഭവിച്ചില്ല. സംഭവിച്ചു കൊണ്ടിരിക്കുന്നത് എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.
****

ഏതായാലും ഞാന്‍ ഗര്‍ഭം ധരിക്കില്ല. എന്റെ ഉദരത്തില്‍ നിന്ന് 18 പൌണ്ട് തൂക്കം വരുന്ന ട്യൂമര്‍ നീക്കം ചെയ്തതിനു ശേഷം ഗര്‍ഭം ധരിക്കാനുള്ള എന്റെ ശേഷി പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരുന്നു.

ഞാനൊരിക്കലും ഗര്‍ഭിണിയാവില്ല. പക്ഷെ അമ്മക്ക് ഗര്‍ഭം ധരിക്കാം. ആ നിമിഷം അയാള്‍ അമ്മയുമായി ലൈംഗിക വേഴ്ചയിലേര്‍പ്പെടുന്നുണ്ടായിരിക്കാം എന്ന് ഞാന്‍ ആദ്യമായി സംശയിച്ചു. ഞാന്‍ എന്നെ വെറുത്തു. അയാളെ വെറുത്തു. എല്ലാത്തിലുമപ്പുറം അമ്മയെ വെറുത്തു.
പിന്നീട് പലപ്പോഴും ഇത് ആവര്‍ത്തിച്ചു.
അയാളുടെ കുടിലത നിറഞ്ഞ ആഗ്രഹങ്ങള്‍ക്ക് വഴങ്ങുകയല്ലാതെ എന്റെ മുന്നില്‍ മറ്റുവഴികളില്‌ളെന്ന് എനിക്ക് തോന്നി.
അമൃതാനന്ദമയിയുടെ സ്വഭാവസവിശേഷതകളെക്കുറിച്ച് പുസ്തകത്തില്‍ വിശദമായി പരാമര്‍ശിക്കുന്നുണ്ട്.ആദ്യകാലത്ത് ദേവിഭാവമുള്‍ക്കൊള്ളുന്ന ചൊവ്വ, വ്യാഴം,ഞായര്‍ ദിവസങ്ങളിലെ അവര്‍ കുളിക്കാറുണ്ടായിരുന്നുള്ളു. ഇഷ്ട ഭക്ഷണം ചോറും മീന്‍ കറിയുമായിരുന്നു.ഹക്കിള്‍ബെറി ഫെന്നിന്റെ മലയാളം വിവര്‍ത്തനമൊക്കെ വായിക്കുമായിരുന്നു.
ആര്‍ത്തവ ദിവസങ്ങളില്‍ പരിശുദ്ധമായി കണക്കാക്കിയിരുന്ന സ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിക്കുമായിരുന്നില്ല. അമ്മ പ്രചരിപ്പിച്ചിരുന്നത് താന്‍ ദേവിയായതുകൊണ്ട് ആര്‍ത്തവവിരാമം വന്നു എന്നായിരുന്നു.എന്നാല്‍ ഒരു ദിവസം അമ്മയുടെ വസ്ത്രത്തില്‍ ഗെയ്ല്‍ രക്തം കണ്ടു. തനിക്ക് ആര്‍ത്തവകാലമാണെന്ന് അമ്മ ഗെയ്‌ലിനോടു സമ്മതിച്ചു.അന്നു മുതല്‍ എല്ലാ മാസവും അമ്മയുടെ ആര്‍ത്തവദിവസങ്ങളില്‍ അത് മറ്റാരും അറിയാതിരിക്കാന്‍ ഗെയ്ല്‍ ശ്രദ്ധിച്ചു.
അമൃതാനന്ദമയിയുടെ ജീവചരിത്രത്തില്‍ ദൈവികശക്തി നേടിയതോടെ ആര്‍ത്തവം നിലച്ചു എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
നിസാരകാര്യങ്ങള്‍ക്കു പോലും അമ്മ അടിക്കുകയും ചവിട്ടുകയും കുത്തുകയും ഇടിക്കുകയും നുള്ളുകയും അസഭ്യവാക്കുകളുപയോഗിച്ച് ആക്ഷേപിക്കുകയും ചെയ്യുമായിരുന്നു എന്ന് ഗെയ്ല്‍ എഴുതുന്നു. എപ്പോള്‍ എങ്ങനെ പ്രതികരിക്കുമെന്ന് പ്രവചിക്കാന്‍ സാദ്ധ്യമല്ലായിരുന്നു. നിഗൂഢതയും ദേഷ്യവും ആക്രമണസ്വഭാവവും അവരിലുണ്ടായിരുന്നു. ചെറിയ തെറ്റുകള്‍ക്കു പോലും കഠിനമായി ശിക്ഷിക്കുമായിരുന്നു.ഹിസ്റ്റിരിക് ആയി പെരുമാറുന്നതുകൊണ്ട് അമ്മയുടെ കുടുംബാംഗങ്ങള്‍ രാക്ഷസി എന്നു വിശേഷിപ്പിക്കുമായിരുന്നു.അമ്മ ആദ്യം ഗായത്രി മോളെന്നും പിന്നീട് ഗായത്രി അമ്മ, മദാമ്മ, പന്നപ്പട്ടി എന്നൊക്കെയായിരുന്നു വിളിച്ചിരുന്നത് എന്നു ഗായത്രി എഴുതുന്നു.അമ്മയെ സേവിക്കുന്നതും ഒപ്പം ജീവിക്കുന്നതും വലിച്ചുകെട്ടിയ കയറിനു മുകളിലൂടെ നടക്കുന്നതു പോലെ ദുഷ്‌ക്കരമാണെന്നും ഗെയ്ല്‍ ഓര്‍മ്മിക്കുന്നു. സമ്പൂര്‍ണ സമര്‍പ്പണമാണ് ഇന്ത്യന്‍ ആത്മീയത എന്നു കരുതി താനെല്ലാം നിശബ്ദമായി സഹിച്ചു എന്നു ഗെയ്ല്‍ പറയുന്നു.എന്നാല്‍ പുറത്തു നിന്നു നോക്കുന്നവര്‍ താന്‍ അമ്മയുടെ എടുത്തെങ്കിലും അതിനുള്ള പെട്ടെന്നുള്ള കാരണമായി പുസ്തകത്തില്‍ പറയുന്ന സംഭവം രസകരമാണ്.
അമൃതാനന്ദമയി ഗെയ്‌ലിനെ വിളിച്ച് എന്തുകൊണ്ടാണ് കാന്റീനില്‍നിന്നുള്ള പണം കൃത്യമായി വാങ്ങിക്കൊണ്ടുവരാത്തത് എന്നുചോദിച്ചു. 'തനിക്കതേക്കുറിച്ച് അറിയില്‌ളെന്നും അതിന്റെ ചുമതലയുള്ളവരോട് ചോദിക്കണം' എന്നും ഗെയ്ല്‍ മറുപടി നല്‍കി. അമൃതാനന്ദമയിയുടെ മറുപടി ഇങ്ങനെയായിരുന്നു: 'നീ ഫോണ്‍ ചെയ്ത് കാന്റീന്‍കാരനോട് ഇനി പണം എന്നെ ഏല്‍പിക്കേണ്ടെന്നും നേരിട്ട് ഓഫിസില്‍ ഏല്‍പിക്കണമെന്നും പറഞ്ഞുവോ? എന്റെ വീട്ടുകാര്‍ക്ക് ഞാന്‍ പണം കൊടുക്കുന്നത് ഇഷ്ടമില്ലാത്തതുകൊണ്ടല്‌ളേ നീയങ്ങനെ പറഞ്ഞത്' എന്നായിരുന്നു. തുടര്‍ന്ന് അസഭ്യവാക്കുകളുപയോഗിച്ച് അമൃതാനന്ദമയി ഗെയ്‌ലിനെ ശകാരിച്ചു. ഇതോടെ, ആശ്രമം വിടാന്‍ തീരുമാനിക്കുകയായിരുന്നു.

ആശ്രമം വിടാനുള്ള ഗായത്രിയുടെ കാരണങ്ങള്‍ പലതാണ്. അവ
ലൈംഗിക പീഢനം, വിശ്വാസമില്ലായ്മ, പരസ്പരവിശ്വാസവും സ്നേഹവുമില്ലായ്മ, വൈകാരികമോ മാനസികമോ ആയ പിന്തുണ ലഭിക്കായ്ക, അസമത്വം, അധികാരദുര്‍വിനിയോഗം, അഴിമതി, അമൃതാനന്ദമയിയുടെ വീട്ടിലേട്ടൊഴുകിയിരുന്ന കണക്കില്ലാത്ത പണം, അമൃതാനന്ദമയിയുടെ സ്വഭാവസവിശേഷതകളായ ദേഷ്യം,ഏഷണിപറയല്‍, പ്രതികാരം, സംശയം,അക്രമസ്വഭാവം, വഴിവിട്ട ജീവിതം, ആശ്രമത്തിലെ അടിമത്തം, പണത്തോടുള്ള ആര്‍ത്തി, ചതി, വഞ്ചന, ജയില്‍ സമാനമായ ജീവിതം,മര്‍ദ്ദനങ്ങള്‍, മറ്റു മതങ്ങളേയും ദൈവങ്ങളേയും നിഷേധിക്കല്‍,ഹിപ്പോക്രസി തുടങ്ങി ഒരു സമൂഹത്തിനും മനുഷ്യനും ആവശ്യമില്ലാത്തതൊക്കെയാണ്. ഇത്രയും പീഡനമേറ്റു വാങ്ങിയിട്ടും എന്തുകൊണ്ട് ഗെയ്ല്‍ 20 വര്‍ഷം ആശ്രമത്തില്‍ കഴിഞ്ഞു കൂടിയെന്നും അതു കഴിഞ്ഞുള്ള 15 വര്‍ഷം എവിടെയായിരുന്നെന്നും അമൃതാനന്ദമയി ഭക്തര്‍ ചോദിക്കുന്നുണ്ട്. എതിരാളി പ്രബലയായിരുന്നു എന്ന ഒറ്റ ഉത്തരമാണ് ഇതിനുള്ളത്.ഇനി ആത്മകഥയില്‍ കഥയുണ്ടെങ്കില്‍ പോലും ആത്്മീയ വ്യാപാരം നടത്തുന്ന എല്ലാ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇതൊരു പാഠമാണ്.കപട ആത്മീയതയില്‍ ചെന്നു വീണു പൊലിഞ്ഞു പോകുന്ന മനുഷ്യര്‍ക്കും ഇതില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാം.
......................................................................................................................................................
വിശുദ്ധ നരകം ഇന്ത്യയില്‍ ഇറങ്ങിയിട്ടില്ല. വാറ്റില്‍ ട്രീ പ്രെസ് ആണ് പ്രസാധകര്‍. ആമസോണാണ് പുസ്തകത്തിന്റെ ഓണ്‍ലൈന്‍ വിതരണക്കാര്‍.